Wednesday
11 Dec 2019

ആവേശഭരിതം, അവിസ്മരണീയം

By: Web Desk | Friday 18 January 2019 11:14 PM IST


shaji edappay

ഷാജി ഇടപ്പള്ളി

കേരളത്തിന്റെ സാംസ്‌കാരിക ഭൂമികയില്‍ മാനവികതയുടെ സന്ദേശമുണര്‍ത്തി യുവകലാസാഹിതി സാംസ്‌കാരിക യാത്ര പ്രയാണം തുടരുന്നു. കാഞ്ഞങ്ങാട് വച്ച് ജനുവരി പത്തിന് തമിഴ് കവയിത്രിയും ആക്ടിവിസ്റ്റുമായ രാജാത്തി സെല്‍മ ഉദ്ഘാടനം ചെയ്തു പകര്‍ന്നേകിയ ആവേശവുമായാണ് സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്റെ നേതൃത്വത്തില്‍ ദേശീയത, മാനവികത, ബഹുസ്വരത എന്നീ ആശയമുയര്‍ത്തി സംസ്ഥാന തലത്തില്‍ സാംസ്‌കാരിക യാത്ര വടക്കന്‍ ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കി കോട്ടയം ജില്ലയില്‍ പ്രവേശിച്ചിട്ടുള്ളത്. നവോത്ഥാന പോരാട്ടങ്ങളുടെ സ്മരണകളുണര്‍ത്തുന്ന ചരിത്ര കേന്ദ്രങ്ങളിലൂടെയുള്ള യാത്രയില്‍ ചരിത്ര നായകരുടെയും സാംസ്‌കാരിക നേതാക്കളുടെയും സ്മൃതികുടീരങ്ങളില്‍ ശ്രദ്ധാഞ്ജലിയര്‍പ്പിച്ചും, കല,സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളിലെ മഹാ പ്രതിഭകളെ ആദരിച്ചും അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങിയുമുള്ള സാംസ്‌കാരിക യാത്രക്ക് നാടിന്റെ സമസ്തമേഖലകളിലും നിന്നും പൂര്‍ണപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് , തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ ലഭിച്ച ആവേശകരമായ വരവേല്‍പ്പ് ഈ കാലഘട്ടത്തില്‍ യുവകലാസാഹിതി ഏറ്റെടുത്തിട്ടുള്ള ആശയ സമര സന്ദേശത്തിനുള്ള ഉജ്വലമായ പിന്തുണയാണ് അടയാളപ്പെടുത്തുന്നത്. പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലെത്തിയ ജാഥയുടെ ആദ്യ സ്വീകരണം ചെര്‍പ്പുളശേരിയിലായിരുന്നു. രാവിലെതന്നെ വന്‍ ജനാവലിയാണ് ജാഥയെ സ്വീകരിക്കാന്‍ കാത്തുനിന്നിരുന്നതെന്ന് യുവകലാസാഹിതി ജനറല്‍ സെക്രട്ടറിയും ജാഥാ വൈസ് ക്യാപ്റ്റനുമായ ഇ എം സതീശന്‍ പറഞ്ഞു. പിന്നീട് മണ്ണാര്‍ക്കാട് കുമരംപുത്തൂരിലും, കല്ലടിക്കോടും നടന്ന സ്വീകരണത്തിന് ശേഷം രാപ്പാടിയില്‍ സമാപിച്ചു. ജില്ലയിലെ സമാപന സമ്മേളനം നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമനാണ് ഉദ്ഘാടനം ചെയ്തത്. പാലക്കാട്ടെത്തിയപ്പോള്‍ കവി വയലാര്‍ രാമവര്‍മ്മയുടെ സഹധര്‍മ്മിണി ഭാരതിതമ്പുരാട്ടിയെ വസതിയിലെത്തി ജാഥാ ക്യാപ്റ്റന്റെ നേതൃത്വത്തില്‍ ജാഥാ അംഗങ്ങള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് അടുത്ത ദിവസം തൃശൂര്‍ ജില്ലയുടെ അതിര്‍ത്തിയായ വാണിയമ്പാറയില്‍ നിന്നും ജാഥയെ പ്രവര്‍ത്തകര്‍ ആവേശപ്പൂര്‍വം സ്വീകരിച്ചാനയിച്ചു. ജില്ലയിലെ ആദ്യ സ്വീകരണകേന്ദ്രമായ ഒല്ലൂരിലെ മണ്ണുത്തിയില്‍ വാദ്യമേളങ്ങളുടെയും കരിമരുന്ന് പ്രയോഗത്തിന്റെയും അകമ്പടിയോടെയാണ് വരവേല്‍പ് നല്‍കിയത്. വടക്കാഞ്ചേരിയിലെ സ്വീകരണത്തിന് ശേഷം തൃശൂര്‍ ജില്ലയിലെ ആദ്യ ദിന സമാപനസമ്മേളനം തൃശൂര്‍ നടന്നു, സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖനാണ് ഉദ്ഘാടനം ചെയ്തത്. അടുത്ത ദിവസം ഇരിങ്ങാലക്കുടയിലായിരുന്നു ജാഥക്ക് ആദ്യ സ്വീകരണം. സ്വീകരണശേഷം നിരൂപകനും എഴുത്തുകാരനുമായ പ്രഫ. മാമ്പുഴ കുമാരനെയും , പ്രഫ. മീനാക്ഷി തമ്പാനെയും കെ വി രാമനാഥന്‍ മാസ്റ്ററേയും ആദരിച്ചു. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ എസ് എന്‍ പുരത്തായിരുന്നു സ്വീകരണം. സംവിധായകന്‍ അമ്പിളിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഉച്ചക്ക്‌ശേഷം എറണാകുളം ജില്ലയുടെ അതിര്‍ത്തിയായ മൂത്തകുന്നത്ത് നിന്നും ജാഥയെ സ്വീകരണ കേന്ദ്രമായ പറവൂരിലേക്ക് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആവേശപ്പൂര്‍വമാണ് ആനയിച്ചത്. സമ്മേളനം ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു.
എറണാകുളം ജില്ലയിലെ ആദ്യ ദിവസത്തെ സമാപനം സാംസ്‌കാരിക കേന്ദ്രമായ തൃപ്പൂണിത്തുറയിലായിരുന്നു. വിവിധ പരിപാടികളും ഇതോടനുബന്ധിച്ചു നടന്നിരുന്നു. സ്വീകരണ സമ്മേളനം കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ഉദ്ഘാടനം ചെയ്തു. ഇന്നലെ കലൂര്‍ വൈലോപ്പിള്ളി സ്മാരക കേന്ദ്രത്തിലെ ആദ്യ സ്വീകരണ സമ്മേളനം തിരക്കഥാകൃത്ത് ജോണ്‍ പോള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലെ ആദ്യ സാംസ്‌കാരിക യാത്ര നയിച്ച യുവകലാ സാഹിതിയുടെ മുന്‍ സാരഥി സി രാധാകൃഷ്ണന്‍ തന്റെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ടു യാത്രക്ക് അഭിവാദ്യമേകി. ആദ്യകാല ഭാരവാഹിയായിരുന്ന കെ ജി കോമളനെ ചടങ്ങില്‍ അദ്ദേഹം ആദരിച്ചു. അടുത്ത കേന്ദ്രം മുവാറ്റുപുഴയിലായിരുന്നു. എല്‍ദോ എബ്രഹാം എംഎല്‍എയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഉച്ചക്ക് ശേഷം ജാഥ ഇടുക്കി ജില്ലയിലെ സ്വീകരണ കേന്ദ്രമായ തൊടുപുഴയിലേക്കായിരുന്നു പ്രയാണം. ഇവിടെനിന്നും കോട്ടയം ജില്ലയിലേക്ക് സാംസ്‌കാരിക യാത്ര പ്രവേശിച്ചു. വൈക്കം ബോട്ട് ജെട്ടിയിലായിരുന്നു ഇന്നലെ സമാപനം. ഇന്ന് കോട്ടയം ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ജാഥ പര്യടനം നടത്തും. മാതാവിന്റെ നിര്യാണത്തെത്തുടര്‍ന്ന് ജാഥ ക്യാപ്റ്റന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ വടക്കാഞ്ചേരിയില്‍ നിന്നും മടങ്ങിയിരുന്നു. ജാഥാ വൈസ് ക്യാപ്റ്റന്‍ ഇ എം സതീശന്റെ നേതൃത്വത്തിലാണ് ജാഥ പര്യടനം തുടരുന്നത്. ഇന്ന് ആലങ്കോട് ലീലാകൃഷ്ണന്‍ എത്തിച്ചേരും. ജാഥയുടെ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ഗീത നസീര്‍,ടി യു ജോണ്‍സണ്‍, എ പി അഹമ്മദ്, ശാരദ മോഹന്‍, അഡ്വ. ആശ ഉണ്ണിത്താന്‍ , കെ ബിനു, ഷീല രാഹുലന്‍ , സി വി പൗലോസ്, വിജയലക്ഷ്മി, ജയന്‍ ചേര്‍ത്തല,എംഎം സചീന്ദ്രന്‍ ഉള്‍പ്പടെയുള്ള ജാഥാ അംഗങ്ങള്‍ സംസാരിച്ചു.
കവിയും നാടക പ്രവര്‍ത്തകനും ജാഥാ അംഗവുമായ എം എം സചീന്ദ്രന്‍ രചനയും മനോജ് ബാലുശ്ശേരി സംവിധാനവും നിര്‍വഹിച്ച ‘ഇന്നലെ ചെയ്‌തോരബദ്ധം ‘ എന്ന നാടകം സമ്മേളന കേന്ദ്രങ്ങളില്‍ കലാസംഘം അവതരിപ്പിക്കുന്നുണ്ട്. കൂടാതെ മറ്റു കലാപരിപാടികളും അരങ്ങേറുന്നുണ്ട്. സാംസ്‌കാരിക യാത്ര 22 ന് തിരുവനന്തപുരം ഗാന്ധിപാര്‍ക്കിലാണ് സമാപിക്കുന്നത്. കേരള ചരിത്രത്തില്‍ വീണ്ടും യുവകലാസാഹിതി ഒരു പുത്തന്‍ അധ്യായവുംകൂടി എഴുതിച്ചേര്‍ക്കപ്പെടുകയാണ്. ജാതിയല്ല, മതമല്ല, മനുഷ്യനാണ് പ്രധാനമെന്ന ജാഥയുടെ സന്ദേശം കാലഘട്ടമേറ്റെടുക്കുകയാണ്.

സാംസ്‌കാരിക യാത്ര വിജയമാകട്ടെ പുതുശേരി രാമചന്ദ്രന്‍

ജനുവരി പത്തിന് കാസര്‍കോട് നിന്നും ആരംഭിച്ച 2-ാം തീയതി തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ സമാപിക്കുന്ന സാംസ്‌കാരിക യാത്രയ്ക്ക് ഞാന്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. പോരാട്ടങ്ങളിലൂടെ കേരളം നേടിയെടുത്ത നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രശസ്ത സാഹിത്യകാരന്‍ ആലംകോട് ലീലാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഈ യാത്രയ്ക്ക് കഴിയും. സാംസ്‌കാരിക കേരളത്തിന്റെ മുന്നേറ്റത്തിന് ഈ ജാഥ ആക്കം കൂട്ടട്ടെ എന്ന് ആശംസിക്കുന്നു.

സാംസ്‌കാരിക പ്രതിസന്ധി അതിജീവിക്കാം
ഡോ. ജോര്‍ജ് ഓണക്കൂര്‍
സമത്വാധിഷ്ഠിതമായ സംസ്‌കാരമാണ് കേരളീയ ജീവിതത്തിന്റെ മനോഹാരിത. ഇത് കാലാന്തരങ്ങളിലൂടെ രൂപം പ്രാപിച്ചതാണ്. വായനയും പഠനവും സംഘടിത പ്രസ്ഥാനങ്ങളും സമരഭൂമികകളും ശക്തി പകര്‍ന്നു. നീതിബോധത്തെ വെല്ലുവിളിക്കുന്ന സാമൂഹിക നിയമങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായ പോരാട്ടങ്ങള്‍. അതു സൃഷ്ടിച്ച ഒരുമയുടെ അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഏറിവരുന്ന വര്‍ത്തമാനകാലം. ഈ സാംസ്‌കാരിക പ്രതിസന്ധിയെ അതിജീവിക്കാന്‍ മനുഷ്യഹൃദയങ്ങള്‍ ഉണരേണ്ട കാലപ്പിറവിക്കുവേണ്ടി നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം. അതിനുള്ള ശക്തമായ ആഹ്വാനമാണ് യുവ കലാസാഹിതിയുടെ കലാജാഥ ലക്ഷ്യമാക്കുന്നത്. ആ മുന്നേറ്റത്തില്‍ നമുക്കും അണിചേരാം.

Related News