രാജ്യം നേരിടുന്ന സാംസ്‌കാരിക ഫാസിസത്തെ ബഹുസ്വരതയാല്‍ പ്രതിരോധിക്കണം: ആലങ്കോട് ലീലാകൃഷ്ണന്‍

Web Desk
Posted on January 12, 2019, 9:36 pm
നാദാപുരം: രാജ്യം നേരിടുന്ന സാംസ്‌കാരിക ഫാസിസത്തെ പ്രതിരോധിക്കാന്‍ ദേശീയത മുറുകെ പിടിച്ച് ബഹുസ്വരതയാല്‍ പ്രതിരോധിക്കണമെന്ന് ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു. യുവകലാസാഹിതി നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന സാംസ്‌കാരിക യാത്രയ്ക്ക് നാദാപുരത്ത് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പോരാട്ടങ്ങളിലൂടെ നാട് ഉണ്ടാക്കിയിട്ടുള്ള പുരോഗതിയെ പിറകോട്ട് വലിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ചെറുത്ത് നില്‍പ്പ് ശക്തമാക്കണം. ഇക്കാര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ച് കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ പി ഗവാസ് അധ്യക്ഷത വഹിച്ചു.
ബിനോയ് വിശ്വം എം പി, ഇ കെ വിജയന്‍ എം എല്‍ എ, ഇ എം സതീശന്‍, ടി യു ജോണ്‍സണ്‍, ഗീതാനസീര്‍, ശാരദാമോഹന്‍, എം എം സചീന്ദ്രന്‍, എ പി അഹമ്മദ്, കെ ബിനു, ഷീലാ രാഹുലന്‍, വിജയലക്ഷ്മി, ടി കെ രാജന്‍ മാസ്റ്റര്‍, അഷ്‌റഫ് കുരുവട്ടൂര്‍, ശ്രീജിത്ത് മുടപ്പിലായി പ്രസംഗിച്ചു. സന്തോഷ് കക്കാട്ട് സ്വാഗതവും ഇ കെ മണിക്കുട്ടന്‍ നന്ദിയും പറഞ്ഞു.
ദേശീയത, മാനവികതാ ബഹുസ്വരത എന്ന മുദ്രാവാക്യവുമായി, ജാതിയല്ല മതമല്ല മനുഷ്യനാണ് പ്രധാനം എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി  പ്രശസ്ത കവിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണന്റെ നേതൃത്വത്തില്‍ നടക്കുന്ന ജാഥയ്ക്ക് ഇന്ന് രാവിലെ  9 മണിക്ക് വടകരയിലും 11 മണിക്ക് കൊയിലാണ്ടിയിലും വൈകീട്ട് മൂന്നിന്  നടുവണ്ണൂരിലും സ്വീകരണം നല്‍കും. വൈകീട്ട് അഞ്ചിന് കോഴിക്കോട് നഗരത്തിലെത്തുന്ന സാംസ്‌ക്കാരിക യാത്രയ്ക്ക് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഉജ്ജ്വല സ്വീകരണം നല്‍കും.  ജാഥയുടെ സ്വീകരണ സമ്മേളനം എം പി വീരേന്ദ്രകുമാര്‍ എം പി ഉദ്ഘാടനം ചെയ്യും. യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ഡോ: ശരത് മണ്ണൂര്‍ അധ്യക്ഷത വഹിക്കും. കെ പി രാമനുണ്ണി മുഖ്യാതിഥിയായിരിക്കും. പി കെ പാറക്കടവ്, യു കെ കുമാരന്‍, പി കെ ഗോപി, കെ പി സുധീര, എന്‍ പി ഹാഫിസ് മുഹമ്മദ്, പി പി ശ്രീധരനുണ്ണി, ടി വി ബാലന്‍, ഡോ: യു ഹേമന്ത് കുമാര്‍, ജയശ്രീ കിഷോര്‍ തുടങ്ങിയവര്‍ സംസാരിക്കും.
യുവകലാസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എം സതീശനാണ് ജാഥയുടെ വൈസ് ക്യാപറ്റന്‍, ടി  യു ജോണ്‍സണ്‍ ഡയറക്ടറും ഗീത നസീര്‍ കോ-ഓര്‍ഡിനേറ്ററുമാണ്.  കുരീപ്പുഴ ശ്രീകുമാര്‍, ഡോ. വത്സലന്‍ വാതുശ്ശേരി, വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, എം എം സചീന്ദ്രന്‍, എ പി കുഞ്ഞാമു തുടങ്ങിയവരാണ് യാത്രാ സംഘത്തിലുള്ളത്. യുവകലാസാഹിതിയുടെ കലാ സംഘം യാത്രയെ അനുഗമിക്കുന്നുണ്ട്.  സംസ്ഥാനത്തുടനീളം പര്യടനം നടത്തിയ ശേഷം 22ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ ചേരുന്ന സമാപന സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.