Monday
18 Feb 2019

അബ്രാഹ്മണ ജനതയുടെ അവകാശപോരാട്ടത്തിന് യുവകലാസാഹിതിക്ക് സ്‌നേഹോപഹാരം

By: Web Desk | Monday 4 December 2017 10:31 PM IST

ഇ എം സതീശന്‍

വര്‍ഗീയതക്കെതിരായ രാഷ്ട്രീയസമരം സാംസ്‌കാരിക രംഗത്തു സംക്രമിപ്പിക്കുന്ന നവോദ്ധാന ആശയമാണ് യുവകലാസാഹിതി മുന്നോട്ടു വെക്കുന്ന ‘ജാതിയല്ല മതമല്ല മനുഷ്യനാണ് പ്രധാനം’ എന്ന മുദ്രാവാക്യം. കേരളമെമ്പാടും ഈ ആശയം മുന്‍ നിര്‍ത്തി ഏറെ വര്‍ഷങ്ങളായി നവോഥാന കാമ്പെയിന്‍ യുവകലാസാഹിതി നടത്തിവരികയാണ്. വളരെയധികം സാമൂഹ്യ ശ്രദ്ധ നേടിയ ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി വിപ്ലവകരമായ മറ്റൊരു സുപ്രധാന മുദ്രാവാക്യം യുവകലാസാഹിതി മുന്നോട്ടു വെക്കുകയുണ്ടായി.സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്ന ചരിത്രപ്രസിദ്ധമായ മിശ്രഭോജനത്തിന്റെ നൂറാംവാര്‍ഷികത്തില്‍ ചെറായിയില്‍ വെച്ച് ‘ ക്ഷേത്രപൗരോഹിത്യം അബ്രാഹ്മണ ജനതയുടെ ജനാധിപത്യ അവകാശമെന്ന് ‘ യുവകലാസാഹിതി പ്രഖ്യാപിച്ചു. ഈ അവസരത്തിലാണ് കായംകുളത്തിനടുത്ത ചെട്ടിക്കുളങ്ങര ദേവീ ക്ഷേത്രത്തില്‍ ചരിത്രത്തിലാദ്യമായി ഈഴവ സമുദായാംഗമായ എസ്.സുധികുമാറിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രം കീഴ്ശാന്തിയായി നിയമിച്ചു സ്ഥലംമാറ്റ ഉത്തരവു പുറപ്പെടുവിക്കുന്നത്. പൗരാണിക ദേവീ ക്ഷേത്രമായ ചെട്ടികുളങ്ങരയില്‍ അബ്രാഹ്മണനായ ഒരു വ്യക്തിയെ ശാന്തിക്കാരനായി നിയോഗിച്ചപ്പോള്‍ സവര്‍ണ്ണ ജാത്യാഭിമാനം സടകുടഞ്ഞെഴുന്നേറ്റു. അബ്രാഹ്മണന്‍ പൂജ നടത്തിയാല്‍ ദേവി കോപിക്കുമെന്നും കരക്കാര്‍ക്കെല്ലാം രോഗം വന്നു മരിക്കുമെന്നും ക്ഷേത്രം തന്ത്രി പ്രഖ്യാപിച്ചു.കരക്കാരുടെ കമ്മിറ്റി ഉടനെ യോഗം ചേര്‍ന്ന് തന്ത്രിയുടെ അരുളപ്പാടിനെ പിന്തുണക്കുകയും അബ്രാഹ്മണ ശാന്തിനിയമനം ദേവസ്വംബോര്‍ഡ് പിന്‍വലിക്കണമെന്ന് പ്രമേയം പാസാക്കുകയും ചെയ്തു. ദേവസ്വം ഉത്തരവു പിന്‍വലിക്കുന്നില്ലെങ്കില്‍ ഹൈക്കോടതിയില്‍ കേസുകൊടുക്കാനും യോഗം തീരുമാനിച്ചു. കാരക്കമ്മറ്റിയിലെ സംഘ്പരിവാറുകാരായ ചില ഭാരവാഹികളാണ് ഈ നീക്കങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചത്. അവര്‍ ദേവസ്വം ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോയെങ്കിലും തന്ത്രിയുടെ യുക്തിരഹിതവും അശാസ്ത്രീയവുമായ അരുളപ്പാട് നിരാകരിച്ച കോടതി ഒരു മാസത്തേക്കു തല്‍സ്ഥിതി തുടരാന്‍ കല്‍പിക്കുക മാത്രമാണ് ചെയ്തത്. തുടര്‍ന്ന് സുധികുമാറിന്റെ നിയമന ഉത്തരവ് അകാരണമായി ദേവസ്വം ബോര്‍ഡ് ഉളുപ്പില്ലാതെ പിന്‍വലിച്ചു. ഈ സന്ദര്‍ഭത്തില്‍ യുവകലാസാഹിതിയുടെ നേതൃത്വത്തില്‍ ചെട്ടികുളങ്ങര ക്ഷേത്രനടയില്‍ ‘ക്ഷേത്ര പൗരോഹിത്യം അബ്രാഹ്മണ ജനതയുടെ ജനാധിപത്യ അവകാശം ‘ എന്ന മുദ്രാവാക്യമുയര്‍ത്തി ‘അബ്രാഹ്മണജനതയുടെ പൗരോഹിത്യ അവകാശ പ്രഖ്യാപന സമ്മേളനം ‘ സംഘടിപ്പിച്ചു. അബ്രാഹ്മണ ജാതിസംഘടനകള്‍ ബോധപൂര്‍വ്വമായ മൗനം പാലിച്ച സന്ദര്‍ഭത്തിലാണ് യുവകലാസാഹിതി ധൈര്യപൂര്‍വം ഇങ്ങനെയൊരു മുന്നേറ്റം നടത്തിയത്. അതിനുശേഷമാണ് എല്‍. ഡി. എഫ് മന്ത്രിസഭയുടെ തീരുമാനപ്രകാരം സുധികുമാറിനെ ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തില്‍ കീഴ്ശാന്തിയായി വീണ്ടും നിയമിക്കുന്ന ദേവസ്വം ബോര്‍ഡിന്റെ ഉത്തരവുണ്ടായത്.
സാമൂഹ്യനീതിക്കുവേണ്ടിയുള്ള യുവകലാസാഹിതിയുടെ സത്യസന്ധമായ നിലപാടുകള്‍ക്കുള്ള അംഗീകാരമെന്നനിലയില്‍ ചെട്ടികുളങ്ങര ദേവിയുടെ പ്രതിഷ്ഠ ആലേഖനം ചെയ്ത വലിയൊരു ഉപഹാരവുമായി എസ്. സുധികുമാര്‍ തൃശ്ശൂരില്‍ നടന്ന യുവകലാസാഹിതി സംസ്ഥാന സമ്മേളനത്തില്‍ എത്തിച്ചേര്‍ന്നു. യുവകലാസാഹിതിയുടെ നിലപാടുകളെ പ്രകീര്‍ത്തിച്ചു നടത്തിയ പ്രസംഗാനന്തരം യുവകലാസാഹിതിയോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയും സുധികുമാര്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് ‘ചെട്ടികുളങ്ങരയില്‍ സാമൂഹ്യനീതിക്കുവേണ്ടി നിലകൊണ്ട യുവകലാസാഹിതിക്ക് ‘ എന്നെഴുതിയ ഉപഹാരം സമ്മേളനവേദിയില്‍ വെച്ച് യുവകലാസാഹിതിക്കു കൈമാറിയ സന്ദര്‍ഭം പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ അനര്‍ഘനിമിഷമായി പരിണമിച്ചു.യുവകലാസാഹിതിയെ തിരിച്ചറിഞ്ഞ സുധികുമാറിന്റെ സന്മനസും പ്രശംസനീയംതന്നെ.