പ്രവാസികൾക്ക് നാടണയാൻ യുവകലാസാഹിതിയുടെ സവാരിച്ചിറകുകൾ

Web Desk

ഷാർജ:

Posted on June 21, 2020, 5:35 pm

കോവിഡ് കാല പ്രതിസന്ധിയിൽ മണലാരണ്യത്തിൽ കുടുങ്ങിയ മലയാളികൾക്കായി യുവകലാസാഹിതിയുടെ ചാർട്ടേഡ് വിമാനങ്ങൾ. ജൂൺ 26 ന് ദുബായിൽ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും യുവകലാസാഹിതി ഏർപ്പാടാക്കിയ ആദ്യ വിമാനങ്ങൾ പറന്നുയരും. കോഴിക്കോട്, കണ്ണൂർ എന്നിവയടക്കം കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും അടുത്ത ദിവസങ്ങളിൽ യുവകലാസാഹിതിയുടെ നേതൃത്വത്തിൽ സവാരി ചിറകുകകൾ എന്ന് പേരിട്ടിരിക്കുന്ന ചാർട്ടേഡ് വിമാനങ്ങൾ പറക്കും.

കേന്ദ്രസർക്കാരിന്റെ വന്ദേഭാരത് വിമാനസർവീസുകൾ തീരെ അപര്യാപ്തമാണ് എന്ന് മനസ്സിലാക്കിയാണ് യുവകലാസാഹിതി, ഷാർജ ചാർട്ടർ ചെയ്ത വിമാനങ്ങൾ അയക്കുവാനുള്ള സാധ്യതകൾ തേടിയത്. സഹോദര സംഘടനയായ കേരള പ്രവാസി ഫെഡറേഷൻ (കെപിഎഫ്), കേരളത്തിലെ സിപിഐ നേതാക്കൾ എന്നിവരുടെ സഹായത്തോടെ നടപടികൾ പൂർത്തിയാക്കിയാണ് വിമാനങ്ങൾ ചാർട്ടർ ചെയ്തിരിക്കുന്നത്.
യുവകലാസാഹിതിയുടെ സംഘടനകമ്മിറ്റി സെക്രട്ടറിമാരായ ദിലീപ് വി പി, ബിജു ശങ്കർ, ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗമായ പ്രദീഷ് ചിതറ, യുവകലാസാഹിതി ഷാർജ യൂണിറ്റ് പ്രസിഡണ്ട് ജി ബി ബേബി, സെക്രട്ടറി സുബീർ അരോൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് യുവകലാസാഹിതി യുഎഇ സംഘടനാ കമ്മിറ്റികളുടെ കോർഡിനേഷൻ സെക്രട്ടറി പ്രശാന്ത് ആലപ്പുഴ അറിയിച്ചു.

കഴിഞ്ഞ പതിനെട്ട് വർഷങ്ങളായി യുഎഇയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് ശക്തമായ സാന്നിധ്യമാണ് യുവകലാസാഹിതി. കോവിഡിനെതിരായ പോരാട്ടത്തിലും ഭക്ഷണം, ഭക്ഷണ കിറ്റുകൾ എന്നിവ ആവശ്യക്കാർക്ക് എത്തിക്കൽ, രോഗികൾക്ക് ചികിൽസ ഉറപ്പാക്കൽ, നാട്ടിലേക്ക് മടങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കൽ എന്നിവയുമായി സംഘടന മുന്നണിയിലുണ്ട്. നോർക്ക ഹെൽപ്പ് ഡസ്ക്, ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ വിവിധ പ്രവർത്തനങ്ങൾ എന്നിവയ്ക്കും യുവകലാസാഹിതിയുടെ സർവ്വാത്മനാ സഹായം ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയായാണ് പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

ENGLISH SUMMARY: yuvakalasahithi helps expa­tri­ates to come their own land

YOU MAY ALSO LIKE THIS VIDEO