27 March 2024, Wednesday

നിർമ്മിത ബുദ്ധികൾ മനുഷ്യന്റെ ജൈവികതയെ കീഴടക്കുന്ന കാലം: എ പി കുഞ്ഞാമു

Janayugom Webdesk
ബാലുശ്ശേരി
March 19, 2023 8:40 pm

നിർമ്മിത ബുദ്ധികൾ മനുഷ്യന്റെ ജൈവികതയെ കീഴടക്കുന്ന കാലമാണിതെന്ന് എഴുത്തുകാരനും വിവർത്തകനും യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റുമായ എ പി കുഞ്ഞാമു പറഞ്ഞു. നിർമ്മിത ബുദ്ധി കവിതയും പാട്ടും കഥകളും രചിക്കുമ്പോൾ മനുഷ്യന്റെ സർഗാത്മകത തന്നെ ചോദ്യം ചെയ്യപ്പെടും. മനുഷ്യനല്ല യന്ത്രമാണ് പ്രധാനമെന്ന തരത്തിലേക്ക് ജീവിതാവസ്ഥകൾ മാറുമ്പോൾ സാംസ്ക്കാരിക രംഗത്തും വലിയ മാറ്റങ്ങൾ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ (ഇ കെ വർഗീസ് മാസ്റ്റർ നഗർ) യുവകലാസാഹിതി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യന്ത്രത്തെ മനുഷ്യൻ നിയന്ത്രിച്ചതിൽ നിന്നും മാറി മനുഷ്യൻ യന്ത്രത്തിന്റെ അടിമയായി മാറിക്കൊണ്ടിരിക്കുകയാണ്. തന്റേതായ ലോകങ്ങൾ സൃഷ്ടിച്ച് സൈബർ ലോകത്തേക്ക് മനുഷ്യർ ഒതുങ്ങുന്നു. സാമൂഹ്യ ബന്ധങ്ങൾ ഇല്ലാതായി അവർ ഓരോ തുരുത്തുകളിൽ അകപ്പെടുന്നു. ഏത് വിഷയവും രാഷ്ട്രീയവത്ക്കരിക്കപ്പെടുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ ഡോ. ശരത് മണ്ണൂർ അധ്യക്ഷത വഹിച്ചു. കവി ഡോ. സോമൻ കടലൂർ മുഖ്യപ്രഭാഷണം നടത്തി. അഷ്റഫ് കുരുവട്ടൂർ പ്രവർത്തന റിപ്പോർട്ടും
പൃഥ്വീരാജ് മൊടക്കല്ലൂർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി ഗവാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എം ശശി, ഡോ. വി എൻ സന്തോഷ് കുമാർ, ഡോ. ഒ കെ മുരളീകൃഷ്ണൻ, വി പി രാഘവൻ, സി പി സദാനന്ദൻ, അജയൻ മൂലാട്, മജീദ് ശിവപുരം തുടങ്ങിയവർ സംസാരിച്ചു. കേരള മീഡിയ അക്കാദമിയുടെ ഗവേഷണ ഫെല്ലോഷിപ്പ് നേടിയ ഡോ. ഒ കെ മുരളീകൃഷ്ണൻ, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ശാസ്ത്ര പത്രപ്രവർത്തന പുരസ്ക്കാരം നേടിയ എം ജയതിലകൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഭാരവാഹികളായി ഡോ. ശശികുമാർ പുറമേരി ( പ്രസിഡന്റ്), എം എ ബഷീർ, ടി ഹസ്സൻ, ടി എം സജീന്ദ്രൻ, ഗായത്രി കെ
(വൈസ് പ്രസിഡന്റ്), അഷ്റഫ് കുരുവട്ടൂർ (സെക്രട്ടറി), കെ വി സത്യൻ, കെ പി രമേശൻ, ചേളന്നൂർ പ്രേമൻ, ഗിരിജ രവീന്ദ്രൻ കായലാട്ട് (ജോ. സെക്രട്ടറിമാർ ), ഡോ. വി എൻ സന്തോഷ് കുമാർ (ട്രഷർ ) എന്നിവരെ തെരഞ്ഞെടുത്തു. 19 അംഗ എക്സിക്യൂട്ടിവും 51 അംഗ ജില്ലാ കമ്മിറ്റിയും തെരഞ്ഞെടുത്തു.

നാളെ വൈകീട്ട് ആറിന് ബാലുശ്ശേരി ബസ് സ്റ്റാന്റിനടുത്തുള്ള ഗ്രൗണ്ടിൽ (രാമചന്ദ്രൻ തൃക്കുറ്റിശ്ശേരി നഗർ) നടക്കുന്ന സാംസ്ക്കാരിക സമ്മേളനം സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റും സിനിമാ സീരിയൽ നടനുമായ ചേർത്തല ജയൻ മുഖ്യാതിഥിയായി പങ്കെടുക്കും. ട്രിനിറ്റി സ്കൂൾ ഓഫ് മ്യൂസിക് ബാലുശ്ശേരി അവതരിപ്പിക്കുന്ന ഹൃദയരാഗം, യുവകലാസാഹിതി പറമ്പിൽ മേഖല അവതരിപ്പിക്കുന്ന സംഘനൃത്തം എന്നിവ അരങ്ങേറും. സരസ ബാലുശ്ശേരി, ഹരീന്ദ്രനാഥ് ഇയ്യാട്, ബൽറാം കോട്ടൂർ, എം കെ രവിവർമ്മ, ശ്രീനി ബാലുശ്ശേരി എന്നിവരെ ആദരിക്കും.

Eng­lish Sum­ma­ry: yuvakalasahithi Kozhikode Dis­trict Conference
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.