Monday
25 Mar 2019

യുവകലാസാഹിതി സാംസ്‌കാരിക യാത്രയ്ക്ക് ഇന്ന് കാഞ്ഞങ്ങാട്ട് തുടക്കം

By: Web Desk | Thursday 10 January 2019 8:16 AM IST


കാഞ്ഞങ്ങാട്: ദേശീയത, മാനവികതാ ബഹുസ്വരത എന്ന മുദ്രാവാക്യവുമായി, ജാതിയല്ല മതമല്ല മനുഷ്യനാണ് പ്രധാനം എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി പ്രശസ്ത കവിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ജാഥയ്ക്ക് ഇന്ന് കാഞ്ഞങ്ങാട് തുടക്കമാവും. തമിഴ് കവയിത്രിയും ആക്ടിവിസ്റ്റുമായ സെല്‍മ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രമുഖ സാഹിത്യകാരന്മാരും സാംസ്‌കാരിക നായകരുമാണ് യാത്രാ സംഘത്തിലുള്ളത്.

വൈകുന്നേരം നാലിന് കാഞ്ഞങ്ങാട് പുതിയ കോട്ട മാന്തോപ്പ് മൈതാനത്തെ കെ മാധവന്‍ നഗറില്‍ സംഘാടക സമിതി ചെയര്‍മാന്‍ എം നാരായണന്റെ അധ്യക്ഷതയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗവും പ്രശസ്ത നിരൂപകനുമായ ഇ പി രാജഗോപാലന്‍, പ്രശസ്ത കവി പി കെ ഗോപി, നോവലിസ്റ്റ് അംബികാസുതന്‍ മാങ്ങാട് എന്നിവര്‍ ആശംസാ പ്രസംഗം നടത്തും.

യുവകലാസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എം സതീശനാണ് ജാഥയുടെ ഉപനേതാവ്. ടി യു ജോണ്‍സണ്‍ ഡയറക്ടറും ഗീത നസീര്‍ കോ-ഓര്‍ഡിനേറ്ററുമാണ്. കുരീപ്പുഴ ശ്രീകുമാര്‍, ഡോ. വത്സലന്‍ വാതുശ്ശേരി, വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, എം എം സചീന്ദ്രന്‍, എ പി കുഞ്ഞാമു തുടങ്ങിയവരാണ് യാത്രാ സംഘത്തിലുള്ളത്. യുവകലാസാഹിതിയുടെ കലാ സംഘം യാത്രയെ അനുഗമിക്കുന്നുണ്ട്.

സംസ്ഥാനത്തുടനീളം പര്യടനം നടത്തിയ ശേഷം 22ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ ചേരുന്ന സമാപന സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.