ദൈവത്തിന്റെ സ്വന്തം നാട് മനുഷ്യരുടെ സ്വന്തം നാടാകണം

യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സാംസ്കാരിക യാത്രയുടെ തൃശൂര്‍ ജില്ലയിലെ ആദ്യദിവസത്തെ സമാപനം സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന് ഉദ്ഘാടനം ചെയ്യുന്നു
തൃശൂര്‍: ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം മനുഷ്യരുടെ സ്വന്തം നാട് എന്നാണ് അറിയപ്പെടേണ്ടത് എന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്. ദൈവങ്ങളുടെ പേരിലാണ് മനുവാദികള്‍ നവോത്ഥാന കേരളത്തില്‍ കലാപം അഴിച്ചുവിടാന്‍ ശ്രമിക്കുന്നത്. ദൈവത്തിന്റെ ബ്രഹ്മചര്യം രക്ഷിക്കാന്‍ മനുഷ്യര്‍ കലാപമുണ്ടാക്കുന്ന ആദ്യ ഭൂപ്രദേശമെന്ന അപഹാസ്യത കേരളത്തിന് കൈവന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ദേശീയത, മാനവികത, ബഹുസ്വരത’ എന്ന മുദ്രാവാക്യമുയര്‍ത്തി യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സാംസ്കാരിക യാത്രയുടെ തൃശൂര്‍ ജില്ലയിലെ ആദ്യദിവസത്തെ സമാപന സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യത്വത്തിലേക്കുള്ള യാത്രയാണ് നവോത്ഥാനം മനുഷ്യന് എന്ന മൃഗം പൂര്‍ണ മനുഷ്യനായിത്തീരുന്ന അവസ്ഥയിലെത്തണം. അതിന് സര്‍ഗഭാവനയും ഭൗതീക ചിന്തയും ഒരുപോലെ സമന്വയിക്കുകയാണ് വേണ്ടത്. പുരാണകഥകളിലെ സര്‍ഗാത്മക ഭാവനകളെ ശാസ്ത്രമെന്ന് വ്യാഖ്യാനിക്കുന്ന ഭരണാധികാരിയും അവരുടെ ഇച്ഛാനുസരണം വ്യാഖ്യാനം നടത്തുന്ന സര്‍വകലാശാലാ അധ്യാപകരും ഉണ്ടായി വരുന്ന ഇരുണ്ട കാലത്തിനെതിരെ ജാഗരൂഗമാകണമെന്നും വൈശാഖന് പറഞ്ഞു. അഡ്വ. കെ ബി സുമേഷ് അധ്യക്ഷത വഹിച്ചു.
അശോകന് ചരുവില്‍, ഡോ. ഖദീജ മുംതാസ്, വി ആര് സുധീഷ്, ഡോ. പി വി കൃഷ്ണന്‍നായര്‍, മണമ്പൂര്‍ രാജന് ബാബു, കെ കെ വത്സരാജ്, പി ബാലചന്ദ്രന്, ടി ആര് രമേഷ്കുമാര്‍, വി ജി തമ്പി, എന്‍ മൂസക്കുട്ടി, ലിസി, ഡോ. കാവുമ്പായി ബാലകൃഷ്ണന്, വിജയരാജമല്ലിക എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ വിചക്ഷണന്‍ പി ചിത്രന് നമ്പൂതിരിപ്പാട്, ഡോ. വത്സലന്‍ വാതുശ്ശേരി, അഡ്വ. ആശ ഉണ്ണിത്താന്, സി വി പൗലോസ്, ഹനീഫ കൊച്ചന്നൂര്‍, പാര്‍വതി പവനന്, ഷീബ അമീര്‍, വി എസ് വസന്തന്, ഉണ്ണികൃഷ്ണന് തോട്ടശ്ശേരി, സി വിമല, രാജേഷ് തെക്കിനിയേടത്ത്, കെ എസ് ജയ, എം സ്വര്‍ണലത, ഷീല വിജയകുമാര്‍, സി കെ രത്നകുമാരി, സാറാമ്മ റോബ്സണ് എന്നിവര്‍ പങ്കെടുത്തു.
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയില്‍ നിന്ന് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ജില്ലാ അതിര്‍ത്തിയായ വാണിയമ്പാറയിലെത്തിയ ജാഥാംഗങ്ങളെ മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ ചെയര്മാന് അഡ്വ. ടി ആര് രമേഷ്കുമാറിന്റെ നേതൃത്വത്തില്‍ നൂറു കണക്കിന് പ്രവര്‍ത്തകര്‍ സ്വീകരിച്ചു. തുടര്‍ന്ന്, തൃശൂര്‍ ജില്ലയിലെ ആദ്യ സ്വീകരണകേന്ദ്രമായ ഒല്ലൂര്‍ മണ്ഡലത്തിലെ മണ്ണുത്തിയില്‍ വാദ്യമേളങ്ങളും കരിമരുന്നു പ്രയോഗവുമായാണ് ജാഥയ്ക്ക് വരവേല്പ് നല്‍കിയത്. സാസ്കാരിക സദസ്സ് കാരിക്കേച്ചറിസ്റ്റ് ജയരാജ് വാരിയര്‍ ഉദ്ഘാടനം ചെയ്തു. കെ രാജന് എം എല്‍ എ അധ്യക്ഷത വഹിച്ചു. കെ കെ വത്സരാജ്, പി ബാലചന്ദ്രന്, അഡ്വ. ടി ആര് രമേഷ്കുമാര്‍, വി എസ് പ്രിന്‍സ് എന്നിവര്‍ പങ്കെടുത്തു.
ഉച്ചകഴിഞ്ഞ് വടക്കാഞ്ചേരിയിലെ ഓട്ടുപാറയിലും ഉജ്വല വരവേല്‍പ്പാണ് നല്‍കിയത്. ഓട്ടുപാറയിലെ ‘ശ്രീ അച്യുതകുറുപ്പ് നഗറി’ല്‍ നല്കിയ സ്വീകരണ സമ്മേളനം വയലാര്‍ അവാര്‍ഡ് ജേതാവ് ടി ഡി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്മാന് എം ആര് സോമനാരായണന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്നാണ് വൈകീട്ട് 6 മണിയോടെ തൃശൂര്‍ ജില്ലയിലെ ആദ്യദിവസ സമാപനം കോര്പ്പറേഷന് ഓഫീസ് പരിസരത്ത് നടന്നത്.
നാളെ രാവിലെ 11ന് ഇരിങ്ങാലക്കുടയില്‍ എത്തുന്ന ജാഥ ഇന്നസെന്റ് എംപിയുടെയും കെ യു ആരുണന് എം എല്‍ എയുടെയും സാന്നിധ്യത്തില്‍ വേണുജി ഉദ്ഘാടനം ചെയ്യും. രണ്ടുമണിക്ക് എസ് എന്‍ പുരത്ത് നല്കുന്ന സ്വീകരണം സംവിധായകന് അമ്പിളി ഉദ്ഘാടനം ചെയ്യും. ഇ ടി ടൈസണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. തുടര്‍ന്ന്, ജാഥ എറണാകുളം ജില്ലയിലെ പറവൂരില്‍ പ്രവേശിക്കും.
ആലങ്കോട് ലീലാകൃഷ്ണന്റെ നേതൃത്വത്തില്‍ ഇ എം സതീശന് വൈസ് ക്യാപ്റ്റനും ടി യു ജോണ്സണ് ഡയറക്ടറും വനിതാകലാസാഹിതി രക്ഷാധികാരി ഗീതാനസീര്‍ കോ- ഓര്‍ഡിനേറ്ററുമായ യാത്രയില്‍ കുരീപ്പുഴ ശ്രീകുമാര്‍, ഡോ. വത്സലന്‍ വാതുശ്ശേരി, വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, എം എം സചീന്ദ്രന്‍, എ വി കുഞ്ഞാമു, ശാരദാ മോഹന്‍, കെ ബിനു, വി ആയിഷാ ബീവി, ഡോ. ഒ കെ മുരളീകൃഷ്ണന്, ജയന് ചേര്‍ത്തല, പ്രൊഫ. എസ് അജയന്, എ പി അഹമ്മദ്, ഷീല രാഹുലന്, സി വി പൗലോസ്, അഡ്വ. ആശ ഉണ്ണിത്താന്, വിജയലക്ഷ്മി വയനാട് എന്നിവര്‍ അംഗങ്ങളാണ്. യാത്ര 22ന് തിരുവനന്തപുരത്ത് സമാപിക്കും.