വനിതകലാസാഹിതി പ്രതിഭാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Web Desk
Posted on September 18, 2019, 7:00 pm

തൃശൂര്‍: യുവകലാസാഹിതി-വനിതകലാസാഹിതി സംസ്ഥാന പ്രതിഭാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക പ്രതിഭാ പുരസ്‌കാരം ഗീത വാഴച്ചാലിനും, സാഹിത്യ പുരസ്‌കാരം സൂര്യ ബിനോയിക്കും കലാപ്രതിഭാ പുരസ്‌കാരം ഷൈലജ പി അമ്പുവിനും നല്‍കും. വനിത കലാസാഹിതി സംസ്ഥാന പ്രസിഡന്റ് ലില്ലി തോമസ് പാലോക്കാരന്‍, സെക്രട്ടറി ശാരദാമോഹന്‍, യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ഇ എം സതീശന്‍, യുവകലാ സാഹിതി രക്ഷാധികാരി ഗീത നസീര്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞടുത്തത്.

സമൂഹത്തിലെ അധസ്ഥിത വര്‍ഗത്തിന്റെ അവകാശങ്ങള്‍ക്കു വേണ്ടി ധീരമായി പോരാടിയ കുട്ടംകുളം സമരനായിക പി സി കുറുമ്പയുടെ പേരില്‍ സാംസ്‌കാരിക പ്രതിഭാപുരസ്‌കാരവും, സ്ത്രീ എഴുത്തുകാര്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ നേരിടാനാകാതെ, സ്ത്രീയായതു കൊണ്ടു മാത്രം എഴുത്തിന്റെ ലോകത്തുനിന്നും അകാലത്തില്‍ പൊഴിഞ്ഞുപോയതും ഈ ലോകത്തുനിന്നും നിഷ്‌കാസിതയുമായ ബി. രാജലക്ഷ്മിയുടെ സ്മരണക്കായി സാഹിത്യ പ്രതിഭാപുരസ്‌കാരവും, സവര്‍ണജാത്യാധിപത്യത്തിന്റെ ഭീഷണിക്കു മുന്‍പില്‍ പിടിച്ചു നില്‍ക്കാനാകാതെ അഭിനയരംഗം വിടേണ്ടിവന്ന, ആദ്യ ചലച്ചിത്ര നടി പി കെ റോസിയുടെ പേരില്‍ കലാപ്രതിഭാ പുരസ്‌കാരവുമാണ് നല്‍കുന്നത്.

പ്രശംസാപത്രം, ഫലകം, ഫലവൃക്ഷത്തെ എന്നിവയടങ്ങിയ അവാര്‍ഡ് തൃശൂര്‍ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ ഒക്ടോബര്‍ 13 നു ഉച്ചയ്ക്ക് മൂന്നിന് നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കുമെന്ന് വനിത കലാ സാഹിതി പ്രസിഡണ്ട് ലില്ലി തോമസ് പാലോക്കാരന്‍, സെക്രട്ടറി ശാരദ മോഹന്‍ എന്നിവര്‍ അറിയിച്ചു.