ഉണർത്തുപാട്ടുമായി സാംസ്കാരിക യാത്ര

Web Desk
Posted on January 13, 2019, 10:05 pm

കേരളത്തില്‍ യുവകലാസാഹിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സംസ്ഥാനതല സാംസ്‌കാരികയാത്ര കോഴിക്കോട് പിന്നിട്ട് പ്രയാണം തുടരുന്നു. കാഞ്ഞങ്ങാട്ടെ മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ സ്മൃതികേന്ദ്രത്തില്‍ ശ്രദ്ധാജ്ഞലി അര്‍പ്പിച്ച് 2019 ജനുവരി 10ന് ആരംഭിച്ച യാത്രയ്ക്ക് തുടക്കം കുറിച്ചത് പ്രശസ്ത തമിഴ്കവയിത്രിയും ആക്ടിവിസ്റ്റുമായ രാജാത്തി സല്‍മയാണ്. വെറുപ്പിന്റേയും വര്‍ഗീയതയുടേയും വിഷം ചീറ്റുന്ന ഹൈന്ദവ ഫാസിസ്റ്റ് വര്‍ഗീയഭ്രാന്തന്‍മാര്‍ ഇവിടെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സമാധാനവും ശാന്തിയും തിരിച്ചുപിടിക്കുമെന്ന പ്രതിജ്ഞയോടെ സല്‍മ വെള്ളരിപ്രാവിനെ തദവസരത്തില്‍ പറത്തുകയുണ്ടായി. മുന്‍ എംഎല്‍എ എം നാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ ജാഥാംഗങ്ങള്‍ക്ക് പുറമേ യുവകലാസാഹിതി മുന്‍ നേതാക്കളായ ടി വി ബാലന്‍, പി കെ ഗോപി, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പ്രസാദ്, കേരളസാഹിത്യ അക്കാഡമി എക്‌സിക്യൂട്ടീവ് അംഗം ഇ പി രാജഗോപാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

യുവകലാസാഹിതി സാംസ്‌കാരിക യാത്ര ഉയര്‍ത്തിപ്പിടിക്കുന്ന ദേശീയത, മാനവികത, ബഹുസ്വരത എന്നീ ആശയങ്ങളുടെ ദൃശ്യാവിഷ്‌കാരമായ ‘ഇന്നലെ ചെയ്‌തോരബദ്ധം’ എന്ന നാടകം അരങ്ങേറിയതും ഉദ്ഘാടന സമ്മേളാനന്തരമാണ്. യുവകലാ സാഹിതി കലാസംഘം ഒരുക്കിയ ഈ ദൃശ്യാവിഷ്‌കാരത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത കവിയും നാടകപ്രവര്‍ത്തകനും ജാഥാംഗവുമായ എം എം സചീന്ദ്രനാണ്. സംവിധാനം മനോജ് ബാലുശേരി.
രണ്ടാം ദിവസമായ ജനുവരി 11ന് തൃക്കരിപ്പൂര്‍ ഗ്രാമാതിര്‍ത്തിയായ സംഗംമുക്കില്‍ വച്ച് യുവകലാസാഹിതി പ്രവര്‍ത്തകരും നാട്ടുകാരും ജാഥയ്ക്ക് വന്‍വരവേല്‍പ്പ് നല്‍കി യോഗസ്ഥലമായ തൃക്കരിപ്പൂര്‍ ബസ്സ്റ്റാന്‍ഡ് സമീപത്തേക്ക് ആനയിച്ചു. ആദ്യ സ്വീകരണത്തിനായി തിങ്ങിക്കൂടിയ ജനത ജാഥയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ ജാഥാക്യാപ്റ്റന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ വിശദീകരിക്കുന്നത് ശ്രദ്ധയോടെ കേള്‍ക്കുന്നുണ്ടായിരുന്നു. സാംസ്‌കാരിക കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങളെയും മൂല്യബോധങ്ങളേയും പിറകോട്ടടിപ്പിക്കാനുള്ള ആര്‍എസ്എസ് ബിജെപി ശ്രമങ്ങളെ സാംസ്‌കാരികമായി തന്നെ പ്രതികരിക്കാന്‍ യുവകലാസാഹിതി തുടക്കമിട്ടത് സമയോചിതവും മതേതര മനസുകള്‍ കാത്തിരുന്നതുമാണെന്ന് തുടര്‍ന്ന് നടന്ന ഓരോ സ്വീകരണവും വിളിച്ചോതുന്നുണ്ടായിരുന്നു. തൃക്കരിപ്പൂരിലെ സ്വീകരണത്തിനുശേഷം പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ ഒത്തുകൂടിയ ജനസഞ്ചയത്തെ സാക്ഷിയാക്കി ഗാന്ധിജിയുടെ കൊലപാതകികള്‍ കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ പ്രതിരോധിച്ച് പരാജയപ്പെടുത്തുമെന്ന് സാംസ്‌കാരികനായകര്‍ ഉറക്കെ പ്രഖ്യാപിച്ചു. കണ്ണൂര്‍ ടൗണിലെ സ്വീകരണത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

രണ്ടാം ദിവസത്തെ പര്യടനം അവസാനിച്ചത് കൂത്തുപറമ്പിലാണ്. സാംസ്‌കാരികയാത്രയെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി സ്വാതന്ത്ര്യ പോരാട്ട സ്മരണകളിരമ്പുന്ന മാറോളിഘട്ടില്‍ നാടന്‍ പാട്ട് ഗാനമേള നടക്കുകയുണ്ടായി. തുടര്‍ന്നുനടന്ന സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രശസ്ത ഗായകന്‍ വി ടി മുരളി യുവകലാസാഹിതിയും കലാസാഹിത്യ സാംസ്‌കാരികമേഖലയും തമ്മിലുള്ള ഈടുറ്റ ബന്ധത്തിന്റെ ഊഷ്മള ചരിത്രം മനോഹരമായ കാവ്യശൈലിയില്‍ വരച്ചുകാട്ടുകയുണ്ടായി. മൂന്നാം ദിവസം സുല്‍ത്താന്‍ ബത്തേരിയിലും കല്‍പറ്റയിലും നടന്ന ഊഷ്മളമായ സ്വീകരണസമ്മേളനങ്ങളില്‍ പ്രശസ്തരായ പല സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരും അണിചേര്‍ന്നു. സുല്‍ത്താന്‍ ബത്തേരി സ്വീകരണസമ്മേളനം പ്രശസ്ത എഴുത്തുകാരന്‍ ഒ കെ ജോണിയും കല്‍പറ്റ സമ്മേളനം പ്രൊ. താരാ ഫിലിപ്പുമാണ് ഉദ്ഘാടനം ചെയ്തത്. കല്‍പറ്റയില്‍ പുരോഗമന കലാസാഹിത്യ സംഘം നേതാവ് എന്‍ കെ ജോര്‍ജ് മാസ്റ്ററുടെ സാന്നിധ്യം ഏറെ ആവേശം പകരുന്നതായിരുന്നു.

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളമുണ്ട റോഡ് വഴി കുറ്റ്യാടി ചുരമിറങ്ങി നാദാപുരത്തെത്തുമ്പോള്‍ നേരം സന്ധ്യ കഴിഞ്ഞിരുന്നു.
ഓരോ പ്രദേശത്തെ സ്വീകരണസമ്മേനങ്ങളിലും അതാതു സ്ഥലത്തെ കലാസാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ യാത്രയുടെ സന്ദേശം ഏറ്റുവാങ്ങാനെത്തിയതും പഴയ തലമുറയിലെ കമ്യൂണിസ്റ്റ് ഇടതുപക്ഷ പുരോഗമന പ്രവര്‍ത്തകര്‍ പ്രായവും ആരോഗ്യവും മറന്ന് അനുഗ്രഹിക്കാനെത്തിയതും മറക്കാനാകാത്ത അനുഭവം. യുവകലാസാഹിതി കലാജാഥയ്ക്ക് എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും ലഭിച്ച വരവേല്‍പ്പ് അത്യാവേശം പകരുന്ന ഒന്നായി. ആയിരം പ്രസംഗങ്ങളേക്കാള്‍ മനുഷ്യമനസുകളിലേയ്ക്ക് ആണ്ടിറങ്ങുന്ന ദൃശ്യാവിഷ്‌കാരം ‘ഇന്നലെ ചെയ്‌തോരബദ്ധം’ സാംസ്‌കാരിക കേരളത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ചലനം ചെറുതല്ല. കാലത്തിന്റെ ചുവരെഴുത്തുകള്‍ നടത്തിക്കൊണ്ട് യുവകലാസാഹിതി സാംസ്‌കാരിക യാത്ര നാളെ പാലക്കാടിന്റെ ചരിത്രവീഥികളിലൂടെ പ്രയാണം തുടരുന്നു. ജനുവരി 22ന് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ സമാപിക്കും വരെ ഈ ഉണര്‍ത്തുപാട്ട് ഗ്രാമങ്ങളിലൂടെ സൗമ്യമായി പാടിയും പറഞ്ഞും സംവദിച്ച് മുന്നേറും.

യുവകലാസാഹിതി
സാംസ്‌കാരികയാത്രയുടെ
കോ-ഓര്‍ഡിനേറ്ററാണ് ലേഖിക