Janayugom Online
AISF Punch Modi Challenge

യുവമോര്‍ച്ച അക്രമം: അക്രമത്തിനെതിരെ ഇന്ന് മണ്ഡലം കേന്ദ്രങ്ങളില്‍ എഐവൈഎഫ് പ്രതിഷേധം

Web Desk
Posted on September 24, 2018, 9:20 am

കോഴിക്കോട്: കോഴിക്കോടിന്റെ സമര ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിയ്ക്കുകയായിരുന്നു എ ഐ എസ് എഫ് നേതൃത്വത്തില്‍ നടന്ന പഞ്ച് മോഡി ചലഞ്ച്. ജനവിരുദ്ധ നയങ്ങളിലൂടെയും ഇന്ധന വില വര്‍ധവിലൂടെയും ജനങ്ങളെ ദുരിതത്തിലാക്കുന്ന നരേന്ദ്രമോഡിയ്ക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ പുതിയൊരു പ്രതിഷേധ പാത വെട്ടിത്തുറന്ന പഞ്ച് മോഡി ചലഞ്ച് നഗരത്തിനും പുതിയൊരു അനുഭവമായി. എന്നാല്‍ ജനാധിപത്യപരമായി പ്രതിഷേധിച്ച എ ഐ എസ് എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ അക്രമം അഴിച്ചുവിടുകയായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകര്‍. പ്രതിഷേധ പരിപാടിയ്ക്ക് ലഭിക്കുന്ന വമ്പിച്ച ജനപിന്തുണയില്‍ അസഹിഷ്ണുതപൂണ്ട യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അക്രമത്തിന് മുന്‍കൂട്ടി തയ്യാറെടുത്തുകൊണ്ടായിരുന്നു ജില്ലാ പ്രസിഡന്റ് സി സാലുവിന്റെ നേതൃത്വത്തില്‍ എത്തിയത്.

ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന ഇവര്‍ പരിപാടി തുടങ്ങിയതോടെ ബി ജെ പി പതാകയുമുയര്‍ത്തി ആക്രോശവുമായി ചാടിവീഴുകയായിരുന്നു. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു യുവമോര്‍ച്ചക്കാരുടെ അക്രമം. എന്നാല്‍ അപ്രതീക്ഷിത അക്രമത്തിന് മുന്നില്‍ പതറാതെ എ ഐ എസ് എഫ് പ്രവര്‍ത്തകര്‍ ശക്തമായി ചെറുത്തു നിന്നു. വിവരം അറിഞ്ഞ് എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ എത്തിയതോടെ യുവമോര്‍ച്ചക്കാര്‍ ഗത്യന്തരമില്ലാതെ പിന്മാങ്ങുകയായിരുന്നു. അക്രമത്തില്‍ എ ഐ വൈ എഫ് നേതാക്കളായ റിയാസ് അഹമ്മദിനും സുമേഷ് ഡി ഭഗതിനും പരിക്കേറ്റു. സുമേഷിന് കൈക്കേറ്റ പരിക്ക് ഗുരുതരമാണ്. ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നേതാക്കളെ പിന്നീട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍, ജില്ലാ എക്‌സി. അംഗം ഇ സി സതീശന്‍, എ ഐ വൈ എഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. പി ഗവാസ്, ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി തുടങ്ങിയവര്‍ പ്രവര്‍ത്തകരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

സമാധാനപരമായി പ്രതിഷേധിച്ച പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ബോധപൂര്‍വ്വം അക്രമിക്കുകയായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകരെന്ന് ടി വി ബാലന്‍ പറഞ്ഞു. ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ പോലുമുള്ള അവകാശത്തിന് നേരെയാണ് സംഘപരിവാര്‍ അക്രമം അഴിച്ചുവിട്ടത്. ഇത്തരം നടപടികളെ നോക്കിനില്‍ക്കാന്‍ കഴിയില്ല. രാജ്യത്ത് പ്രധാനമന്ത്രി ഉള്‍പ്പെടെ ആരും വിമര്‍ശനത്തിന് അതീതരല്ല. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടുന്നതിന് പകരം കായികമായി അടിച്ചൊതുക്കാനുള്ള യുവമോര്‍ച്ചയുടെ നീക്കം കേരളത്തില്‍ വിലപ്പോകില്ല. എല്ലാ ജനാധിപത്യ വിശ്വാസികളും യുവമോര്‍ച്ചയുടെ നടപടിക്കെതിരെ ശക്തമായി രംഗത്ത് വരണമെന്നും അദ്ദേഹം വ്യക്തമാക്കി. യുവമോര്‍ച്ച അക്രമത്തില്‍ എ ഐ വൈ എഫ് ജില്ലാ എക്‌സിക്യൂട്ടീവ് യോഗം പ്രതിഷേധിച്ചു. ഇന്ന് മണ്ഡലം കേന്ദ്രങ്ങളിലും പ്രാദേശിക തലങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ എ ഐ വൈ എഫ് തീരുമാനിച്ചിട്ടുണ്ട്. പ്രതികരിക്കുന്നവരെ അക്രമത്തിലൂടെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന ഫാസിസത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് എ ഐ വൈ എഫ് ജില്ലാ എക്‌സിക്യൂട്ടീവ് വ്യക്തമാക്കി.

പഞ്ച് മോഡി ചലഞ്ച് എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റംഗം സി കെ ബിജിത്ത് ലാല്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് പുരോഗതിയിലേക്ക് നയിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ബി ജെ പി ഭരണത്തില്‍ ജനങ്ങള്‍ ദുരിത ജീവിതം നയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അടിക്കടിയുണ്ടാവുന്ന ഇന്ധന വില വര്‍ധനവ് താങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് പാവപ്പെട്ട ജനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി ബി ദര്‍ശിത്ത്, ജില്ലാ പ്രസിഡന്റ് കെ കെ ഭരത് രാജ്, അശ്വിന്‍ മനോജ്, അക്ഷയ് മുണ്ടേങ്ങാട്ട്, തരുണ്‍ സതീഷ്, അമല്‍ജിത്ത് നന്തി, പ്രീതിക എന്‍, ആനന്ദ് എസ് പി, ജയിന്‍ കെ പി തുടങ്ങിയവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി. മോഡിയുടെ ചിത്രം പതിച്ച ബലൂണില്‍ പ്രതീകാത്മകമായി ഇടിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ഇതിനിടയിലായിരുന്നു യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സി സാലു, ബി ജെ പി സൗത്ത് മണ്ഡലം ജന.സെക്രട്ടറി വിജയകൃഷ്ണന്‍, യുവമോര്‍ച്ച സൗത്ത് മണ്ഡലം പ്രസിഡന്റ് വിനീഷ് നെല്ലിക്കോട് എന്നിവരുടെ നേതൃത്വത്തില്‍ അക്രമം അരങ്ങേറിയത്. സംഭവമറിഞ്ഞ് എ ഐ വൈ എഫ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ റിയാസ് അഹമ്മദ്, അനുശ്രീ എന്‍, ജില്ലാ കമ്മിറ്റി അംഗം സുജിത്ത്, അനുകൊമ്മേരി, റിജിലേഷ് നാലുപുരയ്ക്കല്‍, ഷൗക്കത്ത് അലി എന്‍ പി, സുമേഷ് ടി ഭഗത്, എന്നിവര്‍ സ്ഥലത്തെത്തി. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു എട്ട് എ ഐ എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെയും അഞ്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

കൊയിലാണ്ടി.കോഴിക്കോട്ടെ തെരുവീതികളില്‍ ജനാധിപത്യപരമായും, സമാധാനപരമായും സമരം ചെയ്ത വിദ്യാര്‍ഥി യുവജന സംഘടനകള്‍ക്കു നേരെയുള്ള ആര്‍.എസ്.എസ്.അക്രമത്തില്‍ പ്രതിഷേധിച്ച് എ ഐ വൈ എഫ്. മണ്ഡലം കമ്മിറ്റിയുടെ നേതത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തി.കെ.എസ് രമേശ് ചന്ദ്ര, അഷ്‌റഫ് പൂക്കാട് ‚കെ.ടി.വി വേക്, സി പി ഹരീഷ്, എ.ടി.വിനീഷ്, അജീഷ് പൂക്കാട്, രൂപേഷ് പുറക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.

എ ഐ എസ് എഫ് പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള യുവമോര്‍ച്ച അക്രമത്തില്‍ പ്രതിഷേധിച്ച് സി പി ഐ വെള്ളിമാടുകുന്ന് ബ്രാഞ്ച് നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സുനില്‍ പുതുവയല്‍, ഷാജഹാന്‍, ഷെമീര്‍ വെള്ളിമാടുകുന്ന്, സുജിത്ത് രാരിച്ചങ്കണ്ടി, വിജിത്ത് കെ, അനീഷ്, എ കെ സുധീഷ് ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. മണ്ഡലം കമ്മിറ്റി അംഗം ബൈജു മേരിക്കുന്ന് സംസാരിച്ചു.