ബ്രോഡ് നിങ്ങള്‍ ഒരു ഇതിഹാസമാണ്; ആ ആറ് സിക്സറുകളെക്കുറിച്ച് ഇനി മിണ്ടരുത്: യുവരാജ്

Web Desk
Posted on July 30, 2020, 4:04 pm

വിന്‍ഡീസിനെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തോടെ ടെസ്റ്റില്‍ 500 വിക്കറ്റുകളെന്ന റെക്കോര്‍ട്ട് നേട്ടം കൈവരിച്ച ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡിനെ അഭിനന്ദിച്ച് യുവരാജ് സിങ്. യുവരാജിനും സ്റ്റുവര്‍ട്ട് ബ്രോഡിന്റെയും പേരു കേട്ടാല്‍ ഇന്ത്യന്‍ ആരാധകരുടെ മനസിലേക്ക് ആദ്യം കടന്നു വരുന്നത് 2007‑ലെ പ്രഥമ ടി20 ലോകകപ്പ് ഓര്‍മകളായിരിക്കും. ബ്രോഡിന്റെ ഒരു ഓവറിലെ ആറു പന്തും സിക്‌സറിന് പറത്തിയ യുവരാജിന്റെ പ്രകടനം അത്ര പെട്ടന്ന് മറക്കാന്‍ കഴിയുമോ.

എന്നാല്‍ ‘സ്റ്റുവര്‍ട്ട് ബ്രോഡിനെപ്പറ്റി പറയുമ്പോഴെല്ലാം ട്വന്റി20 ലോകകപ്പിലെ 6 സിക്‌സറുകളെപ്പറ്റിയാണു പലരും ചര്‍ച്ച ചെയ്യുന്നത്. പക്ഷേ, ഇത്തവണ അതുവേണ്ട. എല്ലാവരും ബ്രോഡിനുവേണ്ടി കയ്യടിക്കണം. ടെസ്റ്റില്‍ 500 വിക്കറ്റെന്ന നേട്ടം ചില്ലറയല്ല. എന്തുമാത്രം അധ്വാനവും സമര്‍പ്പണവും അതിനു പിന്നിലുണ്ട്. ബ്രോഡ്, നിങ്ങളൊരു ഇതിഹാസമാണെന്ന്’ യുവരാജ് ട്വീറ്റ് ചെയ്തു.

മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്രെയ്ഗ് ബ്രാത്ത്വയ്റ്റിന്റെ വിക്കറ്റ് വീഴ്ത്തിയാണ് ബ്രോഡ് ടെസ്റ്റ് കരിയറില്‍ 500 വിക്കറ്റുകള്‍ എന്ന നേട്ടം തികച്ചത്. ടെസ്റ്റ് കരിയറിലെ 140-ാം മത്സരം കൂടിയാണിത്. സഹതാരം ജയിംസ് ആന്‍ഡേഴ്സനു പിന്നാലെ 500 വിക്കറ്റ് ക്ലബ്ബില്‍ ഇടം നേടുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് താരമാണ് ബ്രോഡ്. ബൗളേഴ്സിന്റെ ടെസ്റ്റ് റാങ്കിംഗില്‍ ഏഴു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ബ്രോഡ് മൂന്നാം സ്ഥാനത്താണ് എത്തിയത്. 823 റേറ്റിംഗ് പോയിന്റാണ് ബ്രോഡിനുള്ളത്. ഒസീസിന്റെ പാറ്റ് കമ്മിന്‍സാണ് 904 റേറ്റിംഗ് പോയിന്റോടെ പട്ടികയില്‍ മുന്നില്‍.

ENGLISH SUMMARY: Yuvaraj about stu­art broad
You may also like this video