Sunday
20 Oct 2019

അഞ്ച് വര്‍ഷം മുമ്പ് എടുത്ത തീരുമാനം ജീവിതത്തെ മാറ്റിമറിച്ചു; അഭിനയം നിര്‍ത്തുകയാണെന്ന് ദംഗല്‍ നടി

By: Web Desk | Sunday 30 June 2019 5:16 PM IST


അഞ്ച് വര്‍ഷം മുമ്പ് താനെടുത്ത ഒരു തീരുമാനം തന്റെ ജീവിതത്തെ എന്നന്നേക്കുമായി മാറ്റിമറിച്ചെന്ന് ദംഗല്‍ നടി സൈറ വസീം, അതിനാല്‍, താന്‍ അഭിനയം നിര്‍ത്തുകയാണെന്ന് സൈറ പറഞ്ഞു. നിതേശ് തിവാരിയൊരുക്കിയ ആമിര്‍ ചിത്രം ദംഗലില്‍ ഗുസ്തി താരം ഗീത ഫോഗട്ടിനെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടിയ താരമാണ് സൈറ. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച നീണ്ട കുറിപ്പിലൂടെയാണ് താരം അഞ്ച് വര്‍ഷം നീണ്ട തന്റെ കരിയര്‍ അവസാനിപ്പിക്കുന്ന കാര്യം വ്യക്തമാക്കിയത്.

വെള്ളിത്തിരയിലെ ജീവിതം തന്റെ മതത്തെയും വിശ്വാസത്തെയും ബാധിക്കുന്നുവെന്ന് കാണിച്ചാണ് താരം സിനിമയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ‘ബോളിവുഡില്‍ കാലു കുത്തിയപ്പോള്‍ അതെനിക്ക് പ്രശസ്തി നേടിത്തന്നു, പൊതുമധ്യത്തില്‍ ഞാനായി ശ്രദ്ധാ കേന്ദ്രം. പലപ്പോളും യുവാക്കള്‍ക്ക് മാതൃകയായി തിരഞ്ഞെടുക്കപ്പെട്ടു. ഈ വ്യക്തിത്വത്തില്‍ ഞാന്‍ സന്തോഷവതിയല്ലെന്ന് കുറ്റസമ്മതം നടത്താന്‍ ആഗ്രഹിക്കുന്നു’, സൈറ കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്:

ഖുറാനും അള്ളാഹുവിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങളുമാണ് തന്നെക്കൊണ്ട് തീരുമാനം എടുപ്പിച്ചതെന്നും ജീവിതത്തോടുള്ള സമീപനം മാറ്റാന്‍ കാരണമായതെന്നും കുറിപ്പിലൂടെ സൈറ പറഞ്ഞു. വിജയങ്ങളോ, പ്രശസ്തിയോ , അധികാരമോ, സമ്പത്തോ ഒരുവന്റെ വിശ്വാസത്തെയും സമാധാനത്തെയും നഷ്ടപെടുത്തുന്നതോ പണയപ്പെടുത്തുന്നതോ ആവരുതെന്നും പറഞ്ഞു കൊണ്ടാണ് സൈറ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ദംഗലിന് മികച്ച സഹതാരത്തിനും സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തിന് മികച്ച നടിക്കുമുള്ള (ജൂറി പരാമര്‍ശം) ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ താരമാണ് സൈറ. നേരത്തെ വിഷാദരോഗത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പോവുകയാണെന്ന് വ്യക്തമാക്കി സൈറ രംഗത്ത് വന്നിരുന്നു.

You May Also Like This:

Related News