സാക്കിര്‍ നായികിന്റെ പ്രഭാഷണങ്ങള്‍ക്ക് മലേഷ്യയില്‍ വിലക്ക്

Web Desk
Posted on August 20, 2019, 12:24 pm

ക്വലാലംപൂര്‍: വിവാദ ഇസ്‌ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന് മലേഷ്യയില്‍ പൊതുവേദികളില്‍ പ്രസംഗിക്കുന്നതിന് വിലക്ക്. കഴിഞ്ഞദിവസം സാക്കിര്‍ നായിക്കിനെ പത്തുമണിക്കൂര്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് പൊലീസ് സാക്കിര്‍ നായികിന്റെ പ്രഭാഷണങ്ങള്‍ നിരോധിച്ചത്.

റോയല്‍ മലേഷ്യ പൊലീസ് ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യസുരക്ഷ കണക്കിലെടുത്തും, വംശീയ ഐക്യം സംരക്ഷിക്കാനുമാണ് സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്ന് റോയല്‍ മലേഷ്യ പൊലീസ് പ്രതികരിച്ചു.

മലേഷ്യന്‍ ഹിന്ദുക്കള്‍ക്കെതിരായി നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളുടെ പേരിലാണ് സാക്കിര്‍ നായികിനെതിരെ നടപടി. ഓഗസ്റ്റ് മൂന്നിന് കോട്ട ബാരുവില്‍ നടന്ന പ്രഭാഷണത്തിലായിരുന്നു വിവാദ പരാമര്‍ശങ്ങള്‍. നേരത്തെതന്നെ ഏഴ് മലേഷ്യന്‍ സംസ്ഥാനങ്ങള്‍ നായികിന്റെ പ്രഭാഷണങ്ങള്‍ നിരോധിച്ചിരുന്നു. മെലേക, പെര്‍ലിസ് സംസ്ഥാനങ്ങളാണ് ഏറ്റവുമൊടുവില്‍
ഇത്തരം നടപടികള്‍ കൈക്കൊണ്ടിരുന്നത്.

സാക്കിര്‍ നായിക്കിനെതിരെ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദും രംഗത്തെത്തിയിരുന്നു. നായിക്ക് വംശീയരാഷ്ട്രീയം കളിക്കാനാഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുന്ന പരാമര്‍ശമാണ് നടത്തിയതെന്നായിരുന്നു മഹാതിര്‍ മുഹമ്മദ് പറഞ്ഞത്.

പഴയ അതിഥികളായ മലേഷ്യയിലെ ചൈനീസ് വംശജര്‍ ഉടന്‍ രാജ്യംവിടണമെന്നും ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ക്കുള്ളതിനെക്കാള്‍ നൂറിരട്ടി അവകാശങ്ങളാണ് മലേഷ്യയിലെ ഹിന്ദുക്കള്‍ക്കുള്ളതെന്നുമായിരുന്നു നായിക്കിന്റെ വിവാദപരാമര്‍ശം.

സംഭവത്തില്‍ മലേഷ്യന്‍ പോലീസ് സാക്കിര്‍ നായിക്കിനെ കഴിഞ്ഞദിവസം പത്തുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. 2016ല്‍ കള്ളപ്പണം വെളുപ്പിക്കല്‍, മതപ്രഭാഷണങ്ങളിലൂടെ തീവ്രവാദത്തിനു പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങളില്‍ ഇന്ത്യയില്‍ കേസെടുത്തതോടെയാണ് നായിക്ക് മലേഷ്യയിലേക്ക് കടന്നത്. മലേഷ്യ നായികിന് പൗരത്വം വാഗ്ദാനം ചെയ്തിരുന്നു.