Web Desk

July 09, 2021, 6:40 pm

സിക്ക വൈറസ്: കേന്ദ്രസർക്കാർ ആറംഗ സംഘത്തെ കേരളത്തിലേക്ക് അയച്ചു

Janayugom Online

കേരളത്തിലെ സിക്ക വെെറസ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ആറംഗ സംഘത്തെ അയച്ചു. സംസ്ഥാനത്തിന്റെ ആരോഗ്യസ്ഥിതി കേന്ദ്രത്തിന്റെ നിരീക്ഷണത്തിലാണെന്നും കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

സംസ്ഥാനത്ത് 13 പേർക്കുകൂടി സിക്ക വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ഇവർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരാണ്. ഇതോടെ 14 പേരിലാണ് രോഗം കണ്ടെത്തിയത്. സിക്ക വൈറസ് പ്രതിരോധത്തിനായി കേരളത്തിലാകെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശംനൽകിയതിനു പിന്നാലെ ആക്ഷൻ പ്ലാൻ രൂപീകരിച്ചു. അടിന്തര സാഹചര്യം കണക്കിലെടുത്ത് ആരോഗ്യമന്ത്രി വീണ ജോർജ്ജ് ചേർത്ത ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ യോഗത്തിലാണ് ആക്ഷൻ പ്ലാൻ രൂപീകരിക്കാൻ തീരുമാനിച്ചത്.

രോഗബാധ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുള്ള പ്രദേശങ്ങളും ആശുപത്രികളും കേന്ദ്രീകരിച്ച് ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. കൊതുകു നിവാരണത്തിനായി വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനം നടത്തും. നാല് മാസം വരെയുള്ള ഗർഭിണികൾക്ക് സിക്ക വൈറസ് പ്രശ്‌നമാകുമെന്നതിനാൽ അഞ്ച് മാസം വരെ ഗർഭിണികളായവരിൽ പനിയുണ്ടെങ്കിൽ അവർക്ക് സിക്ക വൈറസ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.

പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകൾ എന്നിവ കണ്ടാൽ സിക്കയല്ലെന്ന് ഉറപ്പ് വരുത്തണം. ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾക്കെതിരെ സംസ്ഥാനം നേരത്തെ മുതൽ ഡ്രൈ ഡേ ആചരിച്ചു വരുന്നത് ഈ സാഹചര്യത്തിൽ ഡ്രൈ ഡേ കൂടുതൽ ശക്തിപ്പെടുത്തും.

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകർ താമസിച്ചിരുന്ന സ്വകാര്യ ആശുപത്രിയുടെ സമീപ പ്രദേശവും നഗരത്തിലെ വിവിധയിടങ്ങളും അവരുടെ യാത്രാ ചരിത്രവും പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കും. കഴിഞ്ഞ ദിവസം ആശുപത്രി പരിശോധനയിൽ 24 വയസുകാരിയിൽ രോഗം കണ്ടെത്തിയ യുവതി താമസിച്ച നന്തൻകോട് പ്രദേശത്തും സ്വദേശമായ പാറശ്ശാലയിലും നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കി. കഴിഞ്ഞദിവസം ഈ പ്രദേശങ്ങളിൽ നിന്നും 17 സാമ്പിളുകൾ ശേഖരിച്ചിരുന്നു.

അനാവശ്യമായ ഭീതി വേണ്ട; ആരോഗ്യമന്ത്രി വീണ ജോർജ്ജ്

കേരളത്തിൽ സിക്ക വൈറസ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ അനാവശ്യമായ ഭിതി വേണ്ട, അതീവ ജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കൊതുകുകളാണ് സിക്ക വൈറസ് പരത്തുന്നത്. സാധാരണ ഇത് കുഴപ്പമില്ലെങ്കിലും ഗർഭിണികളെ സാരമായി ബാധിക്കും. അവർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് വൈകല്യമുണ്ടാക്കാൻ സാധ്യത ഏറെയാണ്. അതിനാൽ കൊതുകുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ലൈംഗിക ബന്ധത്തിലൂടേയും സിക്ക വൈറസ് പകരാൻ സാധ്യതയുണ്ട്. ഗർഭിണികളാകാൻ തയ്യാറെടുക്കുന്നവർ കൊതുകു കടിയേൽക്കാതെ ശ്രദ്ധിക്കണം. കുട്ടികളും പ്രായമായവരും ശ്രദ്ധിക്കണമെന്നും മന്ത്രി അറിയിച്ചു.

Eng­lish sum­ma­ry: zika Virus followup
You may also like this video: