മുഗാബെയുടെ രാജി ആവശ്യപ്പെട്ട് സിംബാബ്‌വെ

Web Desk

ഹരാരെ

Posted on November 18, 2017, 10:56 pm

സിംബാബ് വെ പ്രസിഡന്റ് 93 കാരനായി റൊബര്‍ട്ട് മുഗാബെയുടെ രാജി ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ആളുകള്‍ തലസ്ഥാനത്തിറങ്ങി. വാഹനങ്ങളില്‍ ഹോണ്‍ മുഴക്കിയും മുദ്രാവാക്യങ്ങള്‍ വിളിച്ചും ജനങ്ങള്‍ ഹരാരെ നഗത്തില്‍ ഒത്തുകൂടി. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് മുഗാബെയെ വീട്ടുതടങ്കലിലാക്കി പട്ടാളം രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്തത്.
അതേസമയം മുഗാബെയോട് രാജിവെച്ചൊഴിയാന്‍ സിംബാബ് വെ ആഫ്രിക്കന്‍ നാഷണല്‍ യുണിയന്‍— പാട്രിയോടിക് ഫ്രണ്ട് ആവശ്യപ്പെട്ടതായി ദ ഹെറാള്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
48 മണിക്കൂറിനുള്ളില്‍ രാജിവെച്ചൊഴിയാന്‍ പട്ടാളം ആവശ്യപ്പെട്ടുവെങ്കിലും മുഗാബെ നിരസിക്കുകയായിരുന്നു. പട്ടാളത്തിന്റെ അനുമതിയോടെയാണ് തലസ്ഥാനത്ത് കൂറ്റന്‍ റാലി സംഘടിപ്പിച്ചത്. ജനവികാരം പുറത്തുവന്നതിന് പിന്നാലെ സാനു പിഎഫ് പാര്‍ട്ടി മുഗാബെയുടെ രാജി ആവശ്യപ്പെടുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ സാനു പിഎഫിന്റെ പത്ത് ശാഖകളില്‍ പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയം പാസാക്കിയിരുന്നു.
അധികാരം പിടിച്ചെടുത്തതായി പട്ടാളം ഇതുവരെ അവകാശപ്പെട്ടിട്ടില്ല. വീട്ടുതടങ്കലിലാക്കിയമുഗാബെയെ അതിനിടയില്‍ ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കാന്‍ അവര്‍ അനുവദിക്കുകയും ചെയ്തു. സമാധാനപരമായ ഒത്തുതീര്‍പ്പിനും അതനുസരിച്ചുള്ള അധികാര കൈമാറ്റത്തിനുമുള്ള ശ്രമങ്ങളില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിന്റെ ദൂതന്മാരും പങ്കെടുത്തുവരുന്നു. സിംബാബ്‌വെയില്‍ ഏറ്റവുമധികം സ്വാധീനമുളള രാജ്യമാണ് തൊട്ടയല്‍പക്കത്തെ ദക്ഷിണാഫ്രിക്ക. ഈ സംഭവവികാസത്തിന്റെ കേന്ദ്രബിന്ദു മുഗാബെയുടെ അമ്പത്തിരണ്ടുകാരിയായ ഭാര്യ ഗ്രെയ്‌സാണെങ്കിലും അവരെപ്പറ്റി വ്യക്തമായ വാര്‍ത്തകളില്ല. നാടുവിടുകയോ ഒളിവില്‍ പോവുകയോ ചെയ്തുവെന്നായിരുന്നു ആദ്യ സൂചനകള്‍. വീട്ടുതടങ്കലിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മുഗാബെയുടെ സ്വേഛാധിപത്യത്തില്‍ വര്‍ഷങ്ങളായി ജനങ്ങള്‍ വീര്‍പ്പുമുട്ടുകയായിരുന്നു. എതിര്‍പ്പുകളെ അദ്ദേഹം അടിച്ചമര്‍ത്തി. അതവസാനിപ്പിക്കാന്‍ പ്രതിപക്ഷം നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയാണ് ചെയ്തത്. അതിനിടയില്‍ രാജ്യം സാമ്പത്തികമായി കൂപ്പുകുത്തുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്തു. എന്നാല്‍, പട്ടാളം ഇപ്പോള്‍ നടത്തിയ ഇടപെടല്‍ അതിന്റെയൊന്നും അടിസ്ഥാനത്തിലുള്ളതല്ല. ഭരണകക്ഷിയിലെ തന്നെ അധികാര വടംവലിയാണ് അതിന്റെ പിന്നില്‍. മുഗാബെ തന്നെയാണ് അതിനു സാഹചര്യം ഉണ്ടാക്കിയതും. തന്റെ രണ്ടു വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ എമ്മേഴ്‌സന്‍ മന്‍ഗഗ്വയെ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് മുഗാബെ പുറത്താക്കുകയുണ്ടായി. പ്രശ്‌നം പെട്ടെന്നു പൊട്ടിത്തെറിക്കാന്‍ തുടങ്ങിബ്രിട്ടന്റെ ആധിപത്യത്തില്‍ നിന്നു സിംബാബ്‌വെയെ മോചിപ്പിക്കാനുള്ള സായുധ സമരകാലം മുതല്‍ക്കേ മുഗാബെയുടെ കൂടെ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളാണ് എഴുപത്തിമൂന്നൂകാരനായ മന്‍ഗഗ്വ. മുഗാബെയുടെ പിന്‍ഗാമി അദ്ദേഹമായിരിക്കുമെന്ന കാര്യത്തില്‍ അടുത്തകാലം വരെ അധികമാര്‍ക്കും സംശയമുണ്ടായിരുന്നുമില്ല. മന്‍ഗഗ്വയ്‌ക്കെതിരായ നടപടി രാജ്യത്തെ ഞെട്ടിക്കുകയും ഭരണകക്ഷിയായ സാനുപിഎഫിനെ പിളര്‍ക്കുകയും ചെയ്തു.മന്‍ഗഗ്വയുടെ ഒഴിവില്‍ ഭാര്യ ഗ്രെയ്‌സിനെ ആദ്യം വൈസ് പ്രസിഡന്റാക്കുക, തുടര്‍ന്നു പ്രസിഡന്റാകാനുള്ള മാര്‍ഗം അവരുടെ മുന്നില്‍ തുറന്നുകൊടുക്കുകമുഗാബെയുടെപദ്ധതി
പ്രസിഡന്റിന്റെ ഭാര്യയുമായുള്ള അധികാര വടംവലിയില്‍ പരസ്യമായിത്തന്നെ വൈസ് പ്രസിഡന്റിന്റെ പക്ഷം ചേര്‍ന്നിരിക്കുകയാണ് പട്ടാള നേതൃത്വം. പ്രതിരോധം, രാജ്യസുരക്ഷ, ഇന്റലിജന്‍സ് തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു മന്‍ഗ്വാഗ.