ഇന്ത്യൻ ജനാധിപത്യം ഇപ്പോഴും സജീവമാണ് എന്നതിന്റെ തെളിവായി മൂന്ന് പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കിക്കൊണ്ടുള്ള നരേന്ദ്ര മോഡിയുടെ പ്രഖ്യാപനം. പാർലമെന്റിൽ എത്ര ഭൂരിപക്ഷം ഉണ്ടായാലും ഒരു സർക്കാരിനും നയപരമായ വിഷയങ്ങളിൽ പൊതുജനാഭിപ്രായം അവഗണിക്കാനാവില്ല എന്നതിന്റെ തെളിവാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ. 2019 ൽ കൂടുതൽ ഭൂരിപക്ഷത്തോടെ മോഡിഭരണം തിരിച്ചെത്തിയതുമുതൽ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ് എന്ന ആശങ്ക രാഷ്ട്രീയനിരൂപകർ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഏതു ഏകാധിപത്യത്തെയും സംഘടിത ശക്തിയോടെ നിന്നാൽ മറികടക്കാമെന്ന് കർഷകർ തെളിയിച്ചു. ഏകാധിപത്യത്തിനെതിരെ പുതിയ രാഷ്ട്രീയ ഐക്യനിര ഉയർന്നു വരുന്നതിനുള്ള പ്രചോദനമായി കർഷക സമരവും മോഡിയുടെ കീഴടങ്ങലും. പാർലമെന്റ് നടപടിക്രമങ്ങൾ പാലിക്കാതെയും കൂടിയാലോചനയ്ക്കുള്ള പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ അവഗണിച്ചും കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ബിജെപി സർക്കാർ മൂന്ന് കാർഷിക നിയമങ്ങൾ പാസാക്കിയത്. എന്നാൽ 2020 ഓഗസ്റ്റ് മുതൽ ഡൽഹിയുടെ അതിർത്തികളിൽ ഒത്തുകൂടിയ കർഷകർ വ്യാപകമായ പ്രതിഷേധത്തിന് തുടക്കമിടുകയായിരുന്നു. പ്രതിഷേധം ശക്തിപ്രാപിച്ചതിന് തൊട്ടുപിന്നാലെ, സർക്കാർ കർഷകർക്കെതിരെ പ്രതികാര നടപടികൾ തുടങ്ങി. കൊയ്ത്തു കഴിഞ്ഞാൽ വൈക്കോൽ കത്തിക്കുന്നത് ക്രിമിനൽ കുറ്റമാക്കുക, കൃഷിക്കുള്ള വൈദ്യുതി സബ്സിഡി വ്യവസ്ഥകൾ പരിഷ്കരിക്കുക തുടങ്ങിയ രീതിയിലാണ് മോഡിഭരണകൂടം കർഷകരെ നേരിട്ടത്. ഒടുവിൽ പുതിയ കാർഷിക നിയമങ്ങൾ പൂർണമായും റദ്ദാക്കുമെന്ന വെള്ളിയാഴ്ചത്തെ പ്രഖ്യാപനം ഒരു സർക്കാരിനും ജനങ്ങളുടെ ശബ്ദത്തെ അവഗണിക്കാൻ കഴിയില്ലെന്ന വസ്തുത സ്ഥിരീകരിക്കുന്നു.
ഇതുംകൂടി വായിക്കാം; കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിന്റെ നാള്‍വഴികളിലൂടെ
മുമ്പ് 2019 ൽ പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) എതിർത്ത വിദ്യാർത്ഥികളെയും സാമൂഹിക പ്രവർത്തകരെയും കാപ്പ പോലുള്ള കരിനിയമപ്രകാരം അറസ്റ്റ് ചെയ്തതിന് രാജ്യം സാക്ഷ്യം വഹിച്ചിരുന്നു. പൗരന്മാരെ ഏകപക്ഷീയമായി തീവ്രവാദികളായി പ്രഖ്യാപിക്കാൻ ഭരണകൂടങ്ങളെ അനുവദിക്കുന്നതാണ് പൗരത്വനിയമത്തിൽ വരുത്തിയ ഭേദഗതി. സിഎഎ വിരുദ്ധ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പൗരന്മാർക്ക് ഒത്തുകൂടാനുള്ള മൗലികാവകാശം പോലും സർക്കാർ നിർത്തലാക്കി. പൗരത്വം നൽകുന്നത് മതത്തെ അടിസ്ഥാനമാക്കിയാകും എന്നത് ഇന്ത്യയുടെ മതേതരത്വത്തിന്റെ വേരിൽ കത്തിവയ്ക്കുന്ന നയമായിരുന്നു. അതിനെതിരെ ഉയർന്ന പ്രതിഷേധം അടങ്ങും മുമ്പായിരുന്നു കർഷകരെ കോർപറേറ്റുകൾക്ക് അടിയറ വയ്ക്കുന്ന നിയമങ്ങളുടെ വരവ്. ഒരു വർഷത്തിലേറെയായി നീണ്ട സമരത്തിൽ തലസ്ഥാനത്തെ പരുക്കൻ സാഹചര്യങ്ങളെ അതിജീവിക്കാനാകാതെ നൂറുകണക്കിന് കർഷകർക്കു് ജീവൻ നഷ്ടപ്പെട്ടു. ജനുവരി 26 ന് സമൂഹമാധ്യമം വഴി കർഷക പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ജനാധിപത്യത്തിലെ മറ്റൊരു കരിനിഴലായി. സ്വേച്ഛാധിപത്യ നിലപാട് സ്വീകരിക്കാൻ ഭരണഘടന ഭരണകൂടത്തിന് അധികാരം നൽകുമ്പോൾ തന്നെ ജനകീയ സമരങ്ങളിലൂടെ ഭരണകൂടത്തെ ചെറുക്കാനുള്ള തങ്ങളുടെ അവകാശം ക്രിയാത്മകമായി വിനിയോഗിക്കാൻ ജനങ്ങൾക്ക് കഴിയും എന്നതിനുള്ള തെളിവായി കർഷക സമരം.
ഇതുംകൂടി വായിക്കാം; മോഡിയെ മുട്ടുകുത്തിച്ച സമരത്തിന്റെ മുന്നണിപ്പോരാളികള്‍ ഇവര്‍
1975 ൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ അടിയന്തരാവസ്ഥക്ക് സമാനമാണ് മോഡിയുടെ ഭരണകാലമെന്ന് സാമൂഹിക പ്രവർത്തകയായ അരുണ റോയ് ഏതാനും വർഷം മുമ്പ് പറഞ്ഞിരുന്നു. 1975 മുതൽ 1977 വരെ രാജ്യത്ത് മൗലികാവകാശങ്ങൾ റദ്ദാക്കി. രാഷ്ട്രീയ എതിരാളികളെയും സർക്കാരിന്റെ വിമർശകരെയും അറസ്റ്റ് ചെയ്തു തടവിലാക്കി. മാധ്യമങ്ങളെ മൂടിക്കെട്ടി, ജനാധിപത്യ ഇന്ത്യയെ അഗാധമായ അന്ധകാരത്തിലേക്ക് തള്ളിവിട്ടു. വിയോജിപ്പുകളെ മൂടിക്കെട്ടാനുള്ള അന്നത്തെ കോൺഗ്രസ് സർക്കാരിന്റെ ശ്രമങ്ങൾ ശക്തമായ രാഷ്ട്രീയ പ്രതിപക്ഷത്തിന്റെ ഉദയത്തിലാണ് കലാശിച്ചത് എന്നത് ചരിത്രം. പൗരാവകാശങ്ങൾ നിർത്തലാക്കുന്നതിന് നിയമപരമായ അടിസ്ഥാനം 1975 ലെ സർക്കാരിന് ഉണ്ടായിരുന്നു; ഇന്ന് ഒന്നുമില്ലാതെയാണ് പൗരാവകാശങ്ങൾ നിഷേധിക്കുന്നത്. രാഷ്ട്രീയ എതിരാളിയായ രാജ് നാരായൺ തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപിച്ച് ഇന്ദിരാഗാന്ധിക്കെതിരെ നടത്തിയ നിയമപോരാട്ടമാണ് അടിയന്തരാവസ്ഥക്ക് വഴിയൊരുക്കിയത്. തെരഞ്ഞെടുപ്പിനായി പ്രധാനമന്ത്രി സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തെന്ന ആരോപണം പരിശോധിക്കാൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. പ്രധാനമന്ത്രിയുടെ പ്രചരണത്തിന്റെ വിശദാംശങ്ങൾ അടങ്ങിയ ഔദ്യോഗിക ‘ബ്ലൂ ബുക്ക്’ ആവശ്യപ്പെട്ടു. ഭരണകൂടത്തിന്റെ പ്രത്യേകാവകാശങ്ങളും ഔദ്യോഗിക രഹസ്യസ്വഭാവമുള്ള വ്യവസ്ഥകളും ചൂണ്ടിക്കാട്ടി കോടതിയിൽ ബ്ലൂ ബുക്ക് പങ്കിടാൻ സർക്കാർ വിസമ്മതിച്ചു. തുടർന്ന് പൗരന്മാർക്ക് അവരുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒടുവിൽ സർക്കാർ വഴങ്ങുകയും ഇന്ത്യൻ ചരിത്രത്തിലാദ്യമായി ഒരു പ്രധാനമന്ത്രിക്കെതിരെ കുറ്റം ചുമത്തി, തെരഞ്ഞെടുപ്പ് അസാധുവാക്കുകയും ചെയ്തു. അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നതിനുള്ള പ്രകോപനമായ ഈ കോടതി ഉത്തരവ് ഇന്ത്യയിൽ വിവരാവകാശ നിയമത്തിനായുള്ള പോരാട്ടത്തിന് തുടക്കമിട്ടു എന്നതും ചരിത്രം. അടിയന്തരാവസ്ഥക്കാലത്ത് പ്രതിപക്ഷ നേതാക്കളോടൊപ്പം ബിജെപിയുടെ അന്നത്തെ രൂപമായ ഭാരതീയ ജനസംഘത്തിന്റെ നേതാക്കളും ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഒടുവിൽ അടിച്ചമർത്തലുകളെ എതിരിട്ട് പ്രതിപക്ഷത്തിന്റെ ശക്തമായ സമരവും പ്രചരണവും പുതിയൊരു രാഷ്ട്രീയ സഖ്യത്തിലേക്കും ഇന്ദിരാഗാന്ധിയുടെ തോൽവിയിലേക്കും നയിച്ചു. കർഷകരിലൂടെ പുതിയൊരു ജനാധിപത്യ ശാക്തീകരണം ഒരുങ്ങുന്നുവെന്ന ഭയമാണ് മോഡിയെയും താത്കാലിക കീഴടങ്ങലിന് നിർബന്ധിതമാക്കിയത് എന്നത് പുതിയ ചരിത്രം.
(കടപ്പാട്: ദി വയര്‍)