Site icon Janayugom Online

കേന്ദ്രത്തിനെതിരെ മിണ്ടിയില്ല; യുഡിഎഫിന്റെ ഭയം തുറന്നുകാട്ടി അടിയന്തര പ്രമേയ ചര്‍ച്ച

കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതികരിക്കാന്‍ യുഡിഎഫിന്റെ ഭയം തുറന്നുകാട്ടി അടിയന്തര പ്രമേയ ചര്‍ച്ച. പാര്‍ലമെന്റില്‍ ചോദിക്കേണ്ടത് അവിടെ ചോദിക്കുന്നുണ്ടെന്ന് മുന്‍കൂര്‍ ജാമ്യമെടുത്ത് അടിയന്തര പ്രമേയം അവതരിപ്പിച്ച റോജി എം ജോണ്‍ മുതല്‍ പ്രതിപക്ഷ നേതാവ് വരെയുള്ളവരെല്ലാം അറിയാതെ വെളിപ്പെടുത്തിയത് ബിജെപിയോടുള്ള അകമഴിഞ്ഞ സ്നേഹമായിരുന്നു. സാമ്പത്തിക പ്രതിസന്ധി, സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തിന്റെയും കെടുകാര്യസ്ഥതയുടെയും ഫലമാണെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ ശ്രമം. പതിവ് രീതിയില്‍തന്നെ, കേന്ദ്രത്തെ കുറ്റപ്പെടുത്താതെ സംസ്ഥാന സര്‍ക്കാരിന്റെ തലയില്‍ പാപഭാരം കെട്ടിവയ്ക്കാനുള്ള നീക്കം തന്നെയായിരുന്നു ഇന്നും നടത്തിയത്. എന്നാല്‍ ഇടതുപക്ഷാംഗങ്ങളുടെയും ധനമന്ത്രിയുടെയും വാക്കുകളില്‍ അതെല്ലാം തകര്‍ന്നുപോയി.

കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും വിഷയമായിരുന്നിട്ടും പാര്‍ലമെന്റില്‍ ഒരു ചോദ്യം പോലും ചോദിക്കാതെയും കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കാന്‍ പോലും തയ്യാറാകാതെയും മൗനികളായിരുന്ന യുഡിഎഫ് എംപിമാര്‍ക്കെതിരെയുള്ള വിമര്‍ശനം ചോദിച്ചുവാങ്ങുകയും ചെയ്തതോടെ വടി കൊടുത്ത് വീണ്ടും അടി വാങ്ങിയെന്നത് പ്രതിപക്ഷം തിരിച്ചറിഞ്ഞു. നില്‍ക്കക്കള്ളിയില്ലാതെ, എംപിമാരെ നിയമസഭയില്‍ അപമാനിക്കുന്നുവെന്നായിരുന്നു പരാതി. ആക്ഷേപകരമായി ഒന്നും പറഞ്ഞില്ലെന്ന ചെയറിന്റെ വിശദീകരണത്തോടെ അതും ഒഴിവാക്കേണ്ടിവന്നു. വേണ്ടവിധം വിളിക്കാത്തതുകൊണ്ടാണ് എംപിമാര്‍ നിവേദനം നല്‍കാത്തതെന്ന ചെന്നിത്തലയുടെ പരാമര്‍ശവും രൂക്ഷവിമര്‍ശനത്തിന് കാരണമായി. 

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന ക്ഷേമ‑വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയും കേന്ദ്ര സര്‍ക്കാരിന്റെയും യുഡിഎഫിന്റെയും നിലപാടുകള്‍ വിമര്‍ശിച്ചും ചര്‍ച്ചയില്‍ പങ്കെടുത്ത ഭരണപക്ഷാംഗങ്ങള്‍ സംസാരിച്ചപ്പോള്‍ അതിനൊന്നും മറുപടി നല്‍കാന്‍ പ്രതിപക്ഷത്തിനായില്ല. ബിജെപിക്ക് വേണ്ടി പ്രതിപക്ഷം നന്നായി വാദിക്കുന്നുണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. അടിയന്തര പ്രമേയത്തിന്റെ കാര്യത്തില്‍ യുഡിഎഫ് നിരന്തരം സെല്‍ഫ് ഗോള്‍ അടിക്കുകയാണെന്ന് പി എസ് സുപാല്‍ ചൂണ്ടിക്കാട്ടി. അന്യഗ്രഹജീവികളെപ്പോലെയാണ് പ്രതിപക്ഷം കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയെ കാണുന്നതെന്ന് എം രാജഗോപാലനും കുറ്റപ്പെടുത്തി. ജോബ് മൈക്കിള്‍, വി ജോയ്, തോമസ് കെ തോമസ്, കെ വി സുമേഷ് എന്നിവരും യുഡിഎഫിന്റെ ബിജെപിയോടുള്ള ഭയം തുറന്നുകാട്ടി. 

സാമ്പത്തിക പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ കാണാന്‍ ബാധ്യതയുള്ള രാഷ്ട്രീയ നേതൃത്വം ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കരുതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ട്രഷറി പൂട്ടും, ഓണക്കാലം വറുതിയുടേതാകും എന്നെല്ലാം പ്രചരിപ്പിച്ചിട്ട് എന്തായി? 18,000 കോടി രൂപയോളം ഓണക്കാല ആനുകൂല്യങ്ങള്‍ക്കും വിപണി ഇടപെടലിനുമെല്ലാം വേണ്ടി ചെലവഴിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ വളര്‍ച്ചയുടെ വിവരങ്ങള്‍ മനോരമയും മാതൃഭൂമിയും വാണിജ്യ പേജില്‍ നല്‍കും. ഒന്നാം പേജില്‍ രാഷ്ട്രീയമായ കുറ്റപ്പെടുത്തലുകള്‍ മാത്രമെ ഉണ്ടാകൂയെന്നും ധനമന്ത്രി പറഞ്ഞു. ക്ഷേമ പെന്‍ഷനുകള്‍ നല്‍കുന്നതും ലൈഫ് മിഷനിലൂടെ പാവങ്ങള്‍ക്ക് വീട് നല്‍കുന്നതും അതോടൊപ്പം ദേശീയപാത ഉള്‍പ്പെടെയുള്ള വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമെല്ലാമാണോ പ്രതിപക്ഷം ധൂര്‍ത്ത് എന്ന് ആക്ഷേപിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. 

അനാവശ്യമായ ചെലവുകള്‍ ചുരുക്കണമെന്നതിനോട് യോജിക്കുന്നുണ്ടെങ്കിലും അത്യാവശ്യ ചെലവുകള്‍ ഒഴിവാക്കാന്‍ പറ്റില്ല. മണിപ്പൂര്‍ വിഷയം കത്തിനില്‍ക്കുമ്പോള്‍ ബെന്നി ബെഹ്നാന്‍ എംപി പാര്‍ലമെന്റില്‍ കേരളത്തിലെ പൊലീസിനെ കുറ്റം പറയുകയായിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രിയും യുഡിഎഫിന്റെ നിലപാടുകളിലെ പൊള്ളത്തരം വ്യക്തമാക്കി. കേന്ദ്രത്തിനെതിരെ നിവേദനത്തില്‍ ഒപ്പിടാന്‍ സന്നദ്ധമല്ല എന്നതാണ് യുഡിഎഫ് എംപിമാര്‍ സ്വീകരിച്ച നിലപാടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സഹകരണ മേഖലയ്ക്ക് നേരെയുള്ള കേന്ദ്ര നിയമഭേദഗതിയെ എതിര്‍ക്കാന്‍ തീരുമാനിച്ചപ്പോഴും ഇതേ നിലപാടായിരുന്നു അവര്‍ക്കെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Summary:udf did not speak against the Cen­tre; Urgent motion debate expos­es UDF’s fears

You may also like this video

Exit mobile version