ആശ്രാമത്തെ മന്ത്രിസഭാ വാർഷിക വേദിയിലെ കുടുംബശ്രീ ഫുഡ് കോർട്ടിൽ തെക്ക്-വടക്ക് രുചികളുടെ വൈവിധ്യം ആസ്വദിക്കാൻ തിരക്കേറി. തെക്കൻ കേരളത്തിലെ രുചി വൈവിധ്യങ്ങളോട് കിടപിടിക്കുന്ന മലബാറി രുചിയിടങ്ങളിലാണ് ഏറെയും തിരക്ക്. കാസർകോട് കൗണ്ടറിലെ ചിക്കൻ സുക്കയുടെ മണം മൂക്കിലേക്ക് തുളച്ചു കയറും. മുട്ടസുർക്കയും, ചട്ടിപ്പത്തിരിയും, കിളിക്കൂടും, ഉന്നക്കായും, നല്ല നൈസ് കോഴിക്കോടൻ പത്തിരിയും അവിടെയും ഇവിടെയും ഒക്കെ ഇരുന്നു കണ്ണ് കാണിക്കും. പിന്നെ ഏതു കഴിക്കണമെന്ന കൺഫ്യൂഷനാണ്.
ഒരു കൺഫ്യൂഷനും വേണ്ട. നല്ല ഫ്യൂഷൻ ഫുഡിന്റെയും മലബാറി രുചികളുടെയും രുചിമേളമാണ് ഫുഡ് കോർട്ടിൽ ഒരുക്കിയിരിക്കുന്നത്.
മലപ്പുറത്തെ നല്ല ദം ഇട്ട ബിരിയാണിയും മന്തി ഫാൻസിന് നല്ല ഉഗ്രൻ കുഴിമന്തിയും, കരിഞ്ചീരക ചിക്കൻ മസാലയും സ്റ്റാളുകളിൽ ന്യായ വിലയിൽ ലഭിക്കും. മധുരത്തിന് പായസങ്ങളും ഉഷ്ണം മാറ്റാൻ നല്ല മൊഞ്ചുള്ള മൊഹബ്ബത്ത് സർബത്ത് മുതൽ പ്രമേഹക്കാർക്കും കുടിക്കാവുന്ന സ്പെഷ്യൽ ഡയബറ്റിക് ബെറി വരെ കുടുംബശ്രീയുടെ രുചിയിടത്തിലെ കാഴ്ചകളാണ്.
കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ വി ആർ അജുവിന്റെ നേതൃത്വത്തിലുള്ള ടീമിനാണ് ഫുഡ് കോർട്ടുകളുടെ ചുമതല.