Site iconSite icon Janayugom Online

പേപ്പർമിൽ പട്ടയം വിതരണം: ജനകീയ സംഘാടക സമിതി രൂപീകരിച്ചു

നൂറ്റാണ്ടുകളായി പുനലൂർ പേപ്പർമില്ലിനോട് ചേർന്നു കിടന്ന ഭൂമിയിൽ താമസിച്ചു വരുന്ന കുടുംബങ്ങൾക്ക് കൈവശ ഭൂമിയുടെ പട്ടയം നൽകുന്ന പരിപാടികൾ വിജയിപ്പിക്കാൻ ഇന്ന് വൈകിട്ടു മൂന്നിന് സ്കൈലൈൻ ഓഡിറ്റോറിയത്തിൽ താമസക്കാരുടെ കൺവൻഷൻ ചേരും. 18ന് വൈകിട്ടു നാലിന് മന്ത്രി കെ രാജന്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് താമസക്കാർക്ക് പട്ടയം വിതരണം ചെയ്യുന്നതെന്ന് പേപ്പർമിൽ പട്ടയ സമര സമിതി പ്രസിഡന്റ് അഡ്വ. എഫ് കാസ്റ്റ്‌ലെസ് ജൂനിയർ, സെക്രട്ടറി ടൈറ്റസ് സെബാസ്റ്റ്യൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പട്ടയ സമര സമിതി നിരന്തരം നടത്തിയ സമരങ്ങളുടെ ഫലമായാണ് കൈ വശക്കാരുടെ ഭൂമിക്ക് ഉപാധി രഹിതമായിപട്ടയം നൽകാൻ സാഹചര്യമുണ്ടായത്. നഗരസഭ പ്രദേശങ്ങളിലെ കൂടാതെ വിളക്കുടി പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡ് കളിലെ കൈവശ ഭൂമിയിലെ താമസ്ക്കാരും സമരങ്ങളിൽ അണിനിരന്നു. സമര സമിതിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥകൾ, താലൂക്ക്, ആർഡി ഒഫീസ് മാർച്ചുകൾ, കുടുംബ യോഗങ്ങൾ, നിവേദനം നൽകൽ അടക്കമുള്ള സമരങ്ങളെ തുടർന്ന് കഴിഞ്ഞ ഇടത് സർക്കാർ മുൻ കൈ എടുത്ത് സർവ്വേ നടപടികൾ ആരംഭിക്കുകയായിരുന്നു. തുടർന്ന് മുൻ മന്ത്രി കെ രാജുവിന്റെയും പി എസ് സുപാൽ എംഎൽഎയുടെയും ശ്രമഫലമായാണ് താമസക്കാർക്ക് ഇപ്പോൾ പട്ടയം നൽകാൻ കഴിയുന്നത്. എന്നാൽ കൈവശ ഭൂമിക്ക് പൂർണ്ണമായും ഉപാധിരഹിത പട്ടയം എന്ന സമര സമിതിയുടെ ആവശ്യം സാക്ഷാൽക്കരിക്കുന്നത് ഇടത് സർക്കാരിന്റെ ഭരണ നേട്ടങ്ങളുടെ പട്ടികയിൽ ഒരു പൊൻ തൂവലായി ചരിത്രം രേപ്പെടുത്തുമെന്നും നേതാക്കൾ അറിയിച്ചു.
രണ്ട് സെന്റ് മുതൽ ഒരു ഏക്കർ വരെ കൈവശമുള്ള താമസക്കാരുടെ ഭൂമിക്കാണ് പട്ടയം നൽകുന്നത്. പട്ടയ സമര സമിതിയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ച കാലയളവിൽ ലാന്റ് സീലിംഗ് ഇല്ലാതെ നഗര, ഗ്രാമ പ്രദേശങ്ങളിലെ കൈവശ ഭൂമിക്കു പട്ടയം ലഭിക്കുമേ എന്ന സംശയം പലർക്കുമുണ്ടായിരുന്നു. ജനങ്ങളുടെ സംശയം ദുര്‍വ്യാഖ്യാനം ചെയ്ത് ചില കൂബുദ്ധികൾ പലപ്പോഴും നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയും ജനങ്ങളെ ഭിന്നിപ്പിക്കാനും ശ്രമിച്ചിരുന്നു. എന്നാൽ ജനങ്ങൾ ഒറ്റക്കെട്ടായി നടത്തിയ ധർമ്മ സമരം വിജയത്തിലെത്തിക്കാൻ കഴിഞ്ഞിരുന്നതിന്റെ ഭാഗമായാണ് നൂറ് കണക്കിന് താമസക്കാരുടെ ഭൂമി സ്വന്തമാകാൻ പോകുന്നത്. നേതാക്കളായ എ ആർ കുഞ്ഞുമോൻ, ജെ ഡേവിഡ്, ജ്യോതികുമാർ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Exit mobile version