Site iconSite icon Janayugom Online

ശശി തരൂർ പറഞ്ഞതിലെ നേര്

Shashi tharoorShashi tharoor

കേരളത്തിന്റെ വികസനത്തിലും വ്യവസായ, വാണിജ്യ സംരംഭങ്ങൾ ആരംഭിക്കുന്നതിലും അനുകൂല സാഹചര്യങ്ങളാണെന്ന കോൺഗ്രസ് നേതാവും പാർലമെന്റ് അംഗവുമായ ശശി തരൂരിന്റെ അഭിപ്രായപ്രകടനം സംസ്ഥാനത്തിന്റെ വസ്തുനിഷ്ഠ യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളുന്നതാണ്. വ്യവസായ, വാണിജ്യ സംരംഭങ്ങൾ തുടങ്ങുന്നതിന് അനുകൂല സാഹചര്യമൊരുക്കുന്നതിൽ കേരളം വളരെയധികം മുന്നോട്ടുപോയെന്നും ഈ പട്ടികയിൽ ഒന്നാമതെത്തിയ കാര്യവും ഇംഗ്ലീഷ് പത്രത്തിൽ എഴുതിയ ലേഖനത്തിൽ ശശി തരൂർ എടുത്തുപറയുന്നുണ്ട്. അതോടൊപ്പം സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിക്കുന്നതിലുള്ള മുന്നേറ്റവും പരാമർശിക്കുന്നു.
സംസ്ഥാന ഭരണത്തിലെ ഏതെങ്കിലും വ്യക്തികളെയോ എൽഡിഎഫ് നേതാക്കളെയോ പ്രീണിപ്പിക്കുന്നതിനുവേണ്ടിയല്ല അദ്ദേഹത്തിന്റെ ലേഖനമെന്ന് വായിച്ചാല്‍ വ്യക്തമാകും. കൃത്യമായ കണക്കുകളുടെയും റിപ്പോർട്ടുകളുടെയും പിൻബലത്തിലുള്ള യാഥാർത്ഥ്യം വിളിച്ചുപറയുകയാണ് തരൂര്‍ ചെയ്തിരിക്കുന്നത്. ലേഖനത്തിൽ സ്റ്റാർട്ടപ്പുകൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കീഴടക്കിയിരിക്കുന്നുവെന്നും സർവവ്യാപിയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നത് 2025ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് ഉദ്ധരിച്ചാണ്. 300ലധികം സംരംഭക നവീകരണ ആവാസവ്യവസ്ഥകളിലായി 45 ലക്ഷത്തിലധികം കമ്പനികളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച് വിശകലനം ചെയ്ത് തയ്യാറാക്കിയതാണ് ഈ റിപ്പോർട്ട്. 

റിപ്പോർട്ടനുസരിച്ച്, കേരളം ഒരു സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ സൃഷ്ടിച്ചു. 18 മാസ കാലയളവിൽ 170 കോടി ഡോളറിന്റെ മൂല്യമാണ് ഈ രംഗത്ത് കണക്കാക്കിയത്. ഈ കാലയളവിലെ ആഗോള ശരാശരിയെക്കാൾ അഞ്ചിരട്ടി കൂടുതലാണിത് എന്ന റിപ്പോർട്ടിലെ ഭാഗം അദ്ദേഹം പരാമർശിക്കുന്നു. 2021 ജൂലൈ ഒന്നിനും 23 ഡിസംബർ 31നും ഇടയിൽ, ലോകമെമ്പാടും ശരാശരി വളർച്ച 46 ശതമാനമായിരുന്നപ്പോൾ കേരളം 254 ശതമാനം സംയുക്ത വാർഷിക വളർച്ചാനിരക്ക് രേഖപ്പെടുത്തിയെന്നും ഇത് അസാധാരണ നേട്ടമാണെന്ന ഭാഗവും ശശി തരൂർ ലേഖനത്തിൽ ഉദ്ധരിക്കുന്നു.
സിംഗപ്പൂരിലോ അമേരിക്കയിലോ ഒരു ബിസിനസ് തുടങ്ങാൻ മൂന്ന് ദിവസം എടുക്കുമ്പോൾ, ഇന്ത്യയിൽ ശരാശരി 114 ദിവസം എടുക്കുമെന്നും കേരളത്തിൽ 236 ദിവസം എടുക്കുമെന്നും താൻ നേരത്തെ പറഞ്ഞത് മന്ത്രി പി രാജീവിന്റെ വാക്കുകൾ ഉദ്ധരിച്ച് അദ്ദേഹം തിരുത്തുന്നുമുണ്ട്. കേരളത്തിൽ ഇനി മുതൽ രണ്ട് മിനിറ്റിനുള്ളിൽ ഒരു ബിസിനസ് തുറക്കാൻ കഴിയുമെന്ന് വ്യവസായ മന്ത്രി പി രാജീവ് രണ്ടാഴ്ച മുമ്പ് നടത്തിയ പ്രഖ്യാപനമാണ് തന്റെ ധാരണ തിരുത്തുന്നതിന് ശശി തരൂർ ആശ്രയിച്ചിരിക്കുന്നത്. 

തരൂരിന്റെ നിലപാടിനെതിരെ കേരളത്തിലെ കോൺഗ്രസ്, യുഡിഎഫ് നേതാക്കൾ രംഗത്തുവന്നിരുന്നു. മുൻ യുഡിഎഫ് സർക്കാരാണ് ഇതിന് തുടക്കമിട്ടതെന്നാണ് അതിനുള്ള അവരുടെ ന്യായീകരണം. എന്നാൽ അദ്ദേഹം തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ് ചെയ്തത്. ഈ നേട്ടം ഇപ്പോഴത്തേതല്ലെങ്കിൽ അത് ബോധ്യപ്പെടട്ടെ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. 

കേരളത്തിൽ എട്ടുവർഷമായി തുടരുന്നതും മുൻകാലങ്ങളില്‍ ഭരിച്ചിരുന്നതുമായ എൽഡിഎഫ് സർക്കാരുകളാണ് ഈയൊരു അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കാരണമായതെന്നത് ചരിത്ര യാഥാർത്ഥ്യമാണ്. ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനുശേഷം സി അച്യുതമേനോന്റെ നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാനത്തിന്റെ വ്യവസായ, വാണിജ്യരംഗത്ത് സൃഷ്ടിച്ച മുന്നേറ്റങ്ങളുടെ അടിത്തറയിലാണ് യഥാർത്ഥത്തിൽ കേരളം ഈ രംഗത്ത് മുന്നേറിയത്. ഇലക്ട്രോണിക്സ് വ്യവസായ സംരംഭങ്ങളും വ്യവസായ എസ്റ്റേറ്റുകളുമടക്കം സ്ഥാപിച്ചുകൊണ്ടുണ്ടാക്കിയ അടിത്തറയിലാണ് പിന്നീടുള്ള വളർച്ച കൈവരിക്കാനായത്. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് കേരളം മറ്റേതൊരു സംസ്ഥാനത്തെക്കാളും വ്യവസായ സൗഹൃദമായിരിക്കുന്നുവെന്നും വാവസായിക മുന്നേറ്റത്തില്‍ രാഷ്ട്രീയഭിന്നതയില്ലാതെ മുന്നേറുകയാണെന്നും അന്ന് കേന്ദ്ര മന്ത്രിയായിരുന്ന എ കെ ആന്റണി പൊതുവേദിയില്‍ പ്രസംഗിച്ചതും ഓര്‍ക്കേണ്ടതാണ്.

ഇപ്പോഴത്തെ സർക്കാരിന് അക്കാര്യത്തിൽ ബഹുദൂരം മുന്നേറാനായി. സ്റ്റാർട്ടപ്പുകളിലും സംരംഭങ്ങളിലും വലിയ മുന്നേറ്റമാണ് ഇവിടെയുണ്ടായത്. 2019ലെ കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ നിയമത്തിന് കീഴിലുള്ള ഇളവുകൾ പ്രയോജനപ്പെടുത്തി 63,726 സംരംഭകർ സ്വന്തമായി സ്ഥാപനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. സംരംഭകത്വ പ്രോത്സാഹനം ലക്ഷ്യമിട്ട് തുടങ്ങിയ സംരംഭക വർഷം പദ്ധതി വഴി 3,42,936 സംരംഭങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിലൂടെ 22,010.48 കോടിയുടെ നിക്ഷേപവും 7,27,253 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. 

വ്യവസായ സ്ഥാപനങ്ങളിൽ വിവിധ വകുപ്പുകളുടെ പരിശോധനകൾ കഴിവതും ഒരുമിച്ചു നടത്തുവാനും, അനാവശ്യ പരിശോധനകൾ ഒഴിവാക്കാനും വേണ്ടി
നടപ്പിലാക്കിയ കെ-സിസ് എന്ന ഓൺലൈൻ ഏകീകൃത പരിശോധനാ സംവിധാനത്തിൽ നാല് വകുപ്പുകളെ സംയോജിപ്പിക്കാനും അഞ്ച് ലക്ഷത്തിലധികം സംരംഭങ്ങളെ രജിസ്റ്റർ ചെയ്യിക്കാനും സാധിച്ചു. ഈ വിധത്തിൽ വലിയ മുന്നേറ്റമാണ് ഈ രംഗത്തുണ്ടായത്. ഇതോടൊപ്പം അനുമതി നൽകുന്നതിനുള്ള വിവിധ വകുപ്പുതല നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ചെയ്തു. ഇങ്ങനെ ബോധപൂർവമായ സമീപനങ്ങൾ സ്വീകരിക്കുകയും അനുകൂലമായ നയങ്ങൾ ആവിഷ്കരിക്കുകയും ചെയ്തതിലൂടെയാണ് കേരളത്തിന് ആഗോളതലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ ആർജിക്കാനായത്.
ഓരോ വകുപ്പിന് കീഴിലും ഇത്തരത്തിൽ മികവിന്റെ നിരവധി ഉദാഹരണങ്ങൾ എടുത്തുപറയുവാനുണ്ട്. അതുകൊണ്ടാണ് വിവിധ രംഗങ്ങളിൽ ബിജെപി സർക്കാരിന് കീഴിലുള്ള നിതി ആയോഗിന്റെ അംഗീകാരങ്ങൾ നേടുന്നതിന് കേരളത്തിന് സാധ്യമായത്. അത് കക്ഷിരാഷ്ട്രീയത്തിന് അതീതമായി കേരള ജനത അംഗീകരിച്ചതാണ്. ശശി തരൂർ അത് വിളിച്ചുപറഞ്ഞു എന്നതാണ് ശരി. 

Exit mobile version