ബാങ്ക് വായ‍്പകള്‍ മനഃപൂര്‍വം തിരിച്ചടയ‍്ക്കാത്ത 2,644 കമ്പനികള്‍ രാജ്യത്തുണ്ടെന്നും ഇവര്‍ 1,96,441 കോടിയാണ് ബാങ്കുകള്‍ക്ക് നല്‍കാനുള്ളതെന്നും റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. കിട്ടാക്കടത്തിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് വജ്രവ്യാപാരി മെഹുല്‍ ചോക‍്സിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ജെംസാണുള്ളത്. മനഃപൂര്‍വം കുടിശിക വരുത്തിയിട്ടുള്ള 100 കമ്പനികളുടെ പേരുകള്‍ വിവരാവകാശ നിയമപ്രകാരം ആര്‍ബിഐ പുറത്തുവിട്ടു. ഇതനുസരിച്ച് ഗീതാഞ്ജലി ജെംസ് 8,516 കോടിയാണ് ബാങ്കുകള്‍ക്ക് നല്‍കാനുള്ളത്.
പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട വായ‍്പാ തട്ടിപ്പ് നടത്തിയതിന് എഫ്ഐആര്‍ രജിസ‍്റ്റര്‍ ചെയ‍്തതിന് പിന്നാലെ മെഹുല്‍ ചോക‍്സിയും അനന്തരവന്‍ നീരവ് മോഡിയും 2018ല്‍ ഇന്ത്യ വിട്ടിരുന്നു. രണ്ടാം സ്ഥാനത്തുള്ള എബിജി ഷിപ്‌യാര്‍ഡ് 4,684 കോടി ബാങ്കുകള്‍ക്ക് നല്‍കാനുണ്ട്. കപ്പല്‍നിര്‍മ്മാണ വ്യവസായി ഋഷി അഗര്‍വാളിന്റെ ഉടമസ്ഥതയിലുള്ള കമ്പനി 28 ബാങ്കുകളില്‍ നിന്ന് 22,800 കോടിയിലധികം രൂപ വായ്പ നേടിയിട്ടുണ്ട്. 2022ല്‍ ഋഷി അഗര്‍വാളിനെ സിബിഐ അറസ‍്റ്റ് ചെയ‍്തിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് വായ്പാതട്ടിപ്പ് കേസുകളില്‍ ഒന്നാണിത്.
കോണ്‍കാസ‍്റ്റ് സ്റ്റീല്‍ ആന്റ് പവര്‍ 3,557 കോടി, എറ ഇന്‍ഫ്രാ എന്‍ജിനീയറിങ് 3,507 കോടി, എസ്ഇഎല്‍ അഗ്രോ 3,367 കോടി, വിന്‍സം ഡയമണ്ട്സ് ആന്റ് ജ്വല്ലറി 3,356 കോടി, ട്രാന്‍സ‍്ട്രോയ് 3,261 കോടി, റോട്ടോമാക‍്സ് ഗ്ലോബല്‍ 2,894 കോടി, സൂം ഡെവ‍്‍ലപ്പേഴ‍്സ് 2,217 കോടി, യൂണിറ്റി ഇന്‍ഫ്രാ പ്രോജക‍്ട്സ് 1,987 കോടി എന്നിവരാണ് വായ‍്പകള്‍ തിരിച്ചടയ‍്ക്കാത്ത മുന്‍നിര സ്ഥാപനങ്ങള്‍. വായ‍്പ മനഃപൂര്‍വം തിരിച്ചടയ‍്ക്കാത്തവരുടെ എണ്ണം 2020 മാര്‍ച്ചില്‍ 2,154 ആയിരുന്നു. 2024 മാര്‍ച്ചില്‍ അത് 2,664 ആയി ഉയര്‍ന്നു. നാലുവര്‍ഷക്കാലയളവില്‍ കിട്ടാക്കട വായ‍്പാ തുക 1,52,860 കോടിയില്‍ നിന്ന് 1,96,441 കോടിയായെന്നും ആര്‍ബിഐ രേഖ വെളിപ്പെടുത്തുന്നു. വായ‍്പ അടയ‍്ക്കാന്‍ ശേഷിയുണ്ടായിട്ടും തിരിച്ചടയ്ക്കാത്തവരെയാണ് ബാങ്കുകള്‍ വില്‍ഫുള്‍ ഡിഫോള്‍ട്ടര്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ ഫണ്ടുകള്‍ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുകയോ ആസ‍്തികള്‍ വില്‍ക്കുകയോ ചെയ്യും.
മനഃപൂര്‍വം കിട്ടാക്കടം വരുത്തിയവര്‍ക്കായി ഈ വര്‍ഷം ആദ്യം ആര്‍ബിഐ പുതിയ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. 25 ലക്ഷവും അതിന് മുകളിലും കുടിശികയുള്ള എല്ലാ നിഷ‍്ക്രിയ ആസ‍്തി (എന്‍പിഎ) അക്കൗണ്ടുകളില്‍ ഇത്തരം വീഴ‍്ച വരുത്തുന്നവരുടെ വിവരങ്ങള്‍ പരിശോധിക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടു. ആറ് മാസത്തിനുള്ളില്‍ ഈ നടപടി പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.