ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ മുസ്തഫിസുർ റഹ്മാനെ സ്വന്തമാക്കിയതിനെച്ചൊല്ലിയുള്ള വിവാദം രൂക്ഷമാകുന്നു. ടീം സഹ ഉടമയും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാനെതിരെ പ്രകോപനപരമായ ആഹ്വാനവുമായി അഖിലേന്ത്യാ ഹിന്ദുമഹാസഭ രംഗത്തെത്തി. ഷാരൂഖ് ഖാന്റെ നാവ് മുറിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ഹിന്ദുമഹാസഭ ആഗ്ര ജില്ലാ യൂണിറ്റ് മുൻ പ്രസിഡന്റ് മീര റാത്തോഡ് പ്രഖ്യാപിച്ചു.
മഥുരയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മീര റാത്തോഡ് വിവാദ പരാമർശം നടത്തിയത്. പിന്നാലെ ഷാരൂഖ് ഖാന്റെ പോസ്റ്ററുകളിൽ കരി പൂശുകയും ചെരുപ്പ് മാല അണിയിച്ച് പ്രതിഷേധിക്കുകയും ചെയ്തു. 9.2 കോടി രൂപയ്ക്കാണ് മുസ്തഫിസുർ റഹ്മാനെ കെകെആർ ലേലത്തിൽ എടുത്തത്. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ താരത്തെ ടീമിലെടുത്തത് അംഗീകരിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാരുടെ വാദം. ഷാരൂഖ് ഖാൻ ‘രാജ്യദ്രോഹി‘യാണെന്നും പാകിസ്ഥാന് ധനസഹായം നൽകുന്ന ആളാണെന്നും ബിജെപി മുൻ എംഎൽഎ സംഗീത് സോം ആരോപിച്ചു. മുസ്തഫിസുർ റഹ്മാനെപ്പോലുള്ള താരങ്ങളെ ഇന്ത്യയിൽ കളിക്കാൻ അനുവദിക്കില്ലെന്നും സോം മുന്നറിയിപ്പ് നൽകി.
ആള്‍ദൈവം ദേവകീനന്ദൻ ഠാക്കൂറും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. കെകെആർ ഈ തീരുമാനം പിൻവലിക്കണമെന്നും ഇല്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഠാക്കൂര്‍ പറഞ്ഞു. പ്രകോപനപരമായ പ്രസംഗങ്ങൾക്കും ഭീഷണികൾക്കുമെതിരെ നടപടി വേണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും പൊലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

