Site iconSite icon Janayugom Online

തൃശൂർപൂരം കലക്കലിൽ വീണ്ടും അന്വേഷണം ശുപാർശ ചെയ്ത് ആഭ്യന്തര സെക്രട്ടറി; 10 വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

mojomojo

1. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിഥിൻ മധുകർ ജാംദാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തത്. ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ നിതിന്‍ മധുകര്‍ ജാംദാർ 2012 ജനുവരി 23‑നാണ് ബോംബെ ഹൈക്കോടതിയില്‍ നിയമിതനായത്.

2. തൃശൂർപൂരം കലക്കലിൽ വീണ്ടും അന്വേഷണം ശുപാർശ ചെയ്ത് ആഭ്യന്തര സെക്രട്ടറി. എഡിജിപിയുടെ അജിത്ത് കുമാറിന്റെ റിപ്പോർട്ട് തള്ളിയാണ് വിശദമായ ക്രൈംബ്രാഞ്ച് അന്വേഷണം ശുപാർശ ചെയ്തത്. തൃശൂർപൂരം നടക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്ന എഡിജിപി , എം ആർ അജിത്ത് കുമാർ എന്തുകൊണ്ട് ഇടപെട്ടില്ലായെന്ന ചോദ്യവും ആഭ്യന്തര സെക്രട്ടറി ഉന്നയിച്ചതായാണ് സൂചന . എഡിജിപിക്ക് എതിരെയും ഡിജിപി തലത്തിൽ അന്വേഷണം ഉണ്ടായേക്കും. കൂടാതെ എഡിജിപിയുടെ റിപ്പോർട്ടിൽ ഡിജിപി ഉന്നയിച്ച കാര്യങ്ങളും അന്വേഷിക്കണമെന്ന് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് നൽകിയ ശുപാർശയിൽ പറയുന്നു. 

3. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ശനിയാഴ്ച നാലു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഞായറാഴ്ചയും തിങ്കളാഴ്ചയും പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

4. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അഞ്ചംഗ കുടുംബം കാറിനുള്ളിൽ വിഷം കഴിച്ച് ജീവനൊടുക്കി. സേലം സ്വദേശികളായ അഞ്ചംഗ കുടുംബത്തെയാണ് പുതുക്കോട്ടയ്ക്കടുത്ത് കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണു ജീവനൊടുക്കിയതെന്നു വ്യക്തമാക്കുന്ന കത്ത് കാറിനുള്ളിൽനിന്നു ലഭിച്ചു. ഇവർ വിഷം കഴിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്​മോർട്ടത്തിനായി പുതുക്കോട്ട ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വ്യവസായി മണികണ്ഠൻ (50), ഭാര്യ നിത്യ (48), മണികണ്ഠന്റെ അമ്മ സരോജ (70), മക്കളായ ധീരൻ (20), നിഹാരിക (22) എന്നിവരാണു മരിച്ചത്. 

5. സായുധസേനയ്ക്ക് പ്രത്യേക അധികാരം നൽകുന്ന അഫ്സ്പ നിയമം അരുണാചൽ പ്രദേശിലേയും നാഗാലാൻഡിലേയും പ്രദേശങ്ങളിൽ 6 മാസത്തേക്കുകൂടി നീട്ടി കേന്ദ്ര സർക്കാർ ഉത്തരവ്. നാഗാലാൻ‌ഡിലെ എട്ട് ജില്ലകളിലും അരുണാചൽ പ്രദേശിലെ മൂന്നു ജില്ലകളിലുമുൾപ്പെടെയുള്ള സ്ഥലങ്ങളിലെ ക്രമസമാധാന നില അവലോകനം ചെയ്തശേഷമാണ് 6 മാസത്തേക്ക് കൂടി അഫ്സ്പ നീട്ടാൻ തീരുമാനമായത്.

6. ബിഹാറിൽ ഉത്സവാഘോഷത്തിനിടെ 43 പേർ മുങ്ങി മരിച്ചതായി റിപ്പോര്‍ട്ട്. 37 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. മൂന്നുപേരെ കാണാതായെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച നടന്ന ആഘോഷത്തിൽ സംസ്ഥാനത്തെ 15 ഓളം ജില്ലകളിൽ വിവിധയിടങ്ങളിലായി നടന്ന ചടങ്ങിലാണ് ഇത്രയുമധികം മരണം റിപ്പോര്‍ട്ട് ചെയ്തത്. ‘ജീവിത് പുത്രിക’ ഉത്സവച്ചടങ്ങിന്റെ ഭാഗമായി പുഴയിൽ സ്നാനത്തിനിറങ്ങിയവരാണ് മുങ്ങിമരിച്ചത്. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് മുഖ്യമന്ത്രി നിതീഷ് കുമാർ നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

7. മാനനഷ്ടക്കേസിൽ ശിവസേന നേതാവ് സഞ്ജയ് റാവുത്തിന് 15 ദിവസം തടവുശിക്ഷ. ബിജെപി നേതാവ് കിരിത് സോമയ്യയുടെ ഭാര്യ മേധ സോമയ്യ നൽകിയ കേസിലാണ് മസ്ഗാവ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ. മീരാ- ഭയന്തറിൽ മേധാ സോമയ്യയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന ‘യുവക് പ്രതിഷ്ഠാൻ’ ശുചിമുറി നിർമാണത്തിലൂടെ 100 കോടിയോളം രൂപയുടെ അഴിമതി നടത്തി എന്നായിരുന്നു റാവുത്തിന്റെ ആരോപണം. ഇതിനെതിരെയാണ് മേധാ സോമയ്യ കോടതിയിൽ മാനനഷ്ടകേസ് കൊടുത്തത്.

8. ബാഗേജ് പരിധി കുറച്ച തീരുമാനം എയർ ഇന്ത്യ എക്സ്പ്രസ് പിൻവലിച്ചു. യുഎഇ അടക്കമുള്ള രാജ്യങ്ങളിലെ പ്രവാസികളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്നാണ് നടപടി. ഇന്ന് അർധരാത്രിക്കു ശേഷം ബുക്ക് ചെയ്യുന്നവർക്ക് 30 കിലോ ബാഗേജ് കൊണ്ടുപോകാം എന്നാണ് പുതി‍യ അറിയിപ്പ്. ചെക്ക് ഇൻ ബാഗേജ് 20 കിലോഗ്രാമായാണ് നേരത്തെ കുറച്ചിരുന്നത്. ഇതാണിപ്പോൾ പഴയ രീതിയിൽ 30 കിലോഗ്രാമായി പുനസ്ഥാപിച്ചിരിക്കുന്നത്.

9. ഉക്രെയിൻ നടത്തുന്ന ആക്രമണങ്ങൾക്ക് അതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ലാദമിർ പുടിൻ. റഷ്യക്കെതിരെ ഉക്രെയ്ൻ വ്യോമാക്രമണം കടുപ്പിക്കുന്നതിനിടെയാണ് പുടിന്റെ പ്രതികരണം. ആണവായുധ ശേഷിയുള്ള രാജ്യങ്ങളുടെ പിന്തുണയോടെ ഉക്രെയ്ൻ ആക്രമണങ്ങൾ തുടർന്നാൽ നിയമങ്ങൾ മാറ്റാൻ റഷ്യ നിർബന്ധിതമാകും. സ്വന്തം ആണവശേഷി ഉപയോഗിക്കാൻ തയാറെടുക്കുമെന്നും പുടിൻ പറഞ്ഞു. ആണവായുധശേഷിയില്ലാത്ത ഉക്രെയ്ന് ആണവായുധങ്ങളുടെ ശേഖരമുള്ള യു എസ് അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണയുണ്ട്. 

10. ഒരേ ലിംഗത്തിൽപ്പെട്ടവർക്ക്‌ വിവാഹത്തിന്‌ അനുമതി നൽകുന്ന നിയമം തായ്‌ലൻഡിൽ പ്രാബല്യത്തിൽവന്നു. തായ്‌ലൻഡ്‌ രാജാവ്‌ മഹാവജിരലോങ്‌കോന്റെഅംഗീകാരത്തോടെ ബിൽ റോയൽ ഗസറ്റിൽ ചൊവ്വാഴ്‌ച പ്രസിദ്ധീകരിച്ചു. രാജ്യത്തിലെ ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങൾ പതിറ്റാണ്ടുകളായിനടത്തിയഅവകാശപോരാട്ടത്തിനൊടുവിലാണ് ബിൽ യാഥാർഥ്യമായത്. അടുത്തവർഷം ജനുവരിമുതൽ സ്വവർഗവിവാഹം രജിസ്റ്റർചെയ്യാം.

Exit mobile version