1 മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡണ്ട് കെ. സുധാകരന്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. എത്ര ചോദ്യങ്ങൾ ക്രൈംബ്രാഞ്ച് തയ്യാറാക്കിയാലും അതിനെല്ലൊം ഉത്തരം നൽകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സുധാകരനെ ജാമ്യത്തിൽ വിട്ടേക്കും.കേസിൽ കെ.സുധാകരൻ രണ്ടാംപ്രതിയാണ്.
2 നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രതിനിധി സഭയില്‍ ഭിന്നത. അഭിപ്രായം പറയാന്‍ അവസരം നല്‍കുന്നില്ലെന്ന് ആരോപിച്ച് പെരുന്നയിലെ ആസ്ഥാനത്ത് നടന്ന യോഗത്തില്‍ നിന്നും ഡയറക്ടര്‍ ബോര്‍ഡംഗം കലഞ്ഞൂര്‍ മധുവടക്കമുള്ളവര്‍ ഇറങ്ങിപ്പോയി. ഇതോടെ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കലഞ്ഞൂർ മധു പുറത്തായി. പകരം കെബി ഗണേഷ് കുമാർ ഡയറക്ടർ ബോർഡ് അംഗമാകും.
3 സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു. തൃശൂരില്‍ ഡെങ്കിപ്പനി ബാധിച്ച് ചികില്‍സയിലായിരുന്ന ചാഴൂര്‍ സ്വദേശി ധനിഷ് (13), തിരുവനന്തപുരം കാട്ടാക്കട സ്വദേശി വിജയന്‍ (56) എന്നിവരാണ് മരിച്ചത്. സംസ്ഥാനത്ത് ഇന്നലെയും പനി ബാധിച്ച് രണ്ടുപേര്‍ മരിച്ചിരുന്നു.
4 റെയ്ഡിനു പിന്നാലെ യൂട്യൂബർമാർക്കെതിരെ നടപടിയെടുത്ത് ആദായനികുതി വകുപ്പ്. 13 യൂട്യൂബർമാർക്ക് എതിരെയാണ് നടപടിയെടുത്തത്. വീഴ്ച വരുത്തിയ നികുതിപ്പണം എത്രയും വേഗം തിരികെ അടക്കണമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.ഇന്നലെയാണ് യൂട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതിവകുപ്പ് പരിശോധന നടത്തിയത്. എൻ ആർ ബി, അർജു, ജയരാജ് ജി നാഥ്, കാസ്ട്രോ, റെയിസ്റ്റർ എന്നിവരുടെ വീടുകളിലും ഓഫീസിലുമായിരുന്നു പരിശോധന.
5 ബൈക്കിന് കുറുകേ നായ ചാടി യുവാവിന് ദാരുണാന്ത്യം. എറണാകുളം മൂലംപ്പള്ളി സ്വദേശി സാൾട്ടൺ (24) ആണ് മരിച്ചത്. എറണാകുളം കണ്ടയ്നർറോഡ് കോതാട് ഭാഗത്താണ് അപകടമുണ്ടായത്. ബൈക്കിന് കുറുകെ നായ വട്ടം ചാടിയതോടെ ബൈക്ക് യാത്രക്കാരന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ അതുവഴി വന്ന ലോറി കയറിയിറങ്ങുകയായിരുന്നു.
6 വ്ലോഗർ തൊപ്പിക്കെതിരെ കണ്ണൂരിലും കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. തൊപ്പിയെന്ന യൂട്യൂബ് വ്ലോഗർ നിഹാദിനെതിരെ കണ്ണപുരം പൊലീസാണ് കേസെടുത്തത്. സ്ത്രീവിരുദ്ധ, അശ്ലീല സംഭാഷണ വീഡിയോ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. നിലവിൽ വളാഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലാണ് തൊപ്പി. കണ്ണൂർ ചെറുകുന്ന് എടത്തട്ട പടിഞ്ഞാറേ പുരയിൽ ഹൗസിൽ പിപി അരുണാണ് തൊപ്പിക്കെതിരെ പരാതി നൽകിയത്.
7 നടൻ ഷെയ്ൻ നിഗവും സിനിമ നിർമാതാക്കളും തമ്മിലുളള പ്രശ്നം ഒത്തുതീർപ്പായി. താരസംഘടനയായ അമ്മയുടെ മധ്യസ്ഥതയിൽ ചേർന്ന യോഗത്തിലാണ് പ്രശ്നം പരിഹരിച്ചത്. ശ്രീനാഥ് ഭാസിയുടെ അംഗ്വതത്തിൽ ശനിയാഴ്ച തീരുമാനമെടുക്കും.നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുവെന്ന് ആരോപിച്ച് ഷെയ്നും ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ അറിയിക്കുകയായിരുന്നു.
8 രാജ്യത്ത് എല്ലാവരും ജനാധിപത്യം അനുവഭിക്കുന്നുണ്ടെന്നും, യാതൊരു വിവേചനവും നിലനില്‍ക്കുന്നില്ലെെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾ വിവേചനം നേരിടുന്നുവെന്ന് ആരോപണമുണ്ടല്ലോ എന്ന അമേരിക്കൻ മാധ്യമ പ്രവർത്തകയുടെ ചോദ്യത്തോടായിരുന്നു മോഡിയുടെ പ്രതികരണം. അമേരിക്കൻ സന്ദർശനത്തിനിടെ, പ്രസിഡന്റ് ജോ ബൈഡനൊപ്പമാണ് മോഡി വാർത്താസമ്മേളനം നടത്തിയത്.
9 ബാലസോർ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെ സൗത്ത് ഈസ്റ്റേൺ റെയിൽവേ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഓപ്പറേഷൻസ്, സുരക്ഷ, സിഗ്നലിംഗ് എന്നീ ചുമതല വഹിക്കുന്നവരെയാണ് സ്ഥലം മാറ്റിയത്. ട്രാൻസ്‌ഫറുകൾ ‘പതിവ് രീതി’ അനുസരിച്ച് മാത്രമാണെന്നാണ് റെയിൽവേയുടെ വിശദീകരണം. ബാലസോർ ട്രെയിൻ അപകടം നടന്ന ആഴ്ചകള്‍ മാത്രം കഴിയുമ്പോഴാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ സ്ഥലം മാറ്റം വന്നിരിക്കുന്നത്.
10 ബിജെപിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിദ്വേഷവും അക്രമവും പ്രചരിപ്പിക്കാനും രാജ്യത്തെ തകർക്കാനുമാണ് ബിജെപി പ്രവർത്തിക്കുന്നത്. എന്നാൽ സ്‌നേഹവും ഐക്യവും പ്രചരിപ്പിച്ച് രാജ്യത്തെ ഒന്നിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും രാഹുൽ. പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി ബിജെപിയെ പരാജയപ്പെടുത്തുമെന്നും ബിഹാറിലെ പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.