തെഴില്‍ വാഗ്‌ദാനം ചെയ്ത് 100 കോടി രൂപ കൈപറ്റിയതിന് നാല് തൊഴിലാളികളെ ടാറ്റ കണ്‍സള്‍ട്ടൻസി സര്‍വീസ് (ടിസിഎസ്) പുറത്താക്കിയതായി റിപ്പോര്‍ട്ട്. റിക്രൂട്ട്മെന്റ് ഡിവിഷൻ റിസോഴ്സ് മാനേജ്മെന്റ് ഗ്രൂപ്പ് (ആര്‍എംജി) തലവൻ ഇ എസ് ചക്രവര്‍ത്തിയോട് അവധിയില്‍ പ്രവേശിക്കാന്‍ കമ്പനി നിര്‍ദേശിച്ചതായും ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്തു.
തൊഴിലാളികളെ കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്ന മൂന്ന് സ്ഥാപനങ്ങളെ കരിമ്പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സിഇഒ കെ കൃതിവാസനും സിഒഒ എൻ ജി സുബ്രഹ്മണ്യത്തിനും ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അഴിമതി പുറത്തുവന്നതെന്ന് രണ്ട് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചക്രവര്‍ത്തി ഉള്‍പ്പെടെ തൊഴില്‍ നിയമനത്തിന് അധികാരപ്പെട്ടവരാണ് വിവിധ സ്ഥാപനങ്ങളില്‍ നിന്നും പണം കൈപ്പറ്റിയതെന്ന് സീനിയര്‍ എക്സിക്യൂട്ടീവുകള്‍ പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനി മൂന്ന് പേരടങ്ങുന്ന സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സിഇഒ ആയി കെ കൃതിവാസൻ ജോലിയില്‍ പ്രവേശിച്ച ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ ആര്‍എംജി അല്ല ടിസിഎസില്‍ നിയമന നടപടികള്‍ നടത്തുന്നതെന്നും നിയമന നടപടിയുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും കമ്പനി പ്രതികരിച്ചു. കോണ്‍ട്രാക്ടര്‍മാര്‍ വഴി തൊഴിലാളികളെ വിവിധ പ്രോജക്റ്റുകളില്‍ നിയമിക്കുന്ന നടപടികളാണ് ആര്‍എംജി നടത്തുന്നതെന്നും ഇത് കമ്പനിയെ നേരിട്ട് ബാധിക്കില്ലെന്നും ടിസിഎസ് അറിയിച്ചു.
ആരോപണം സംബന്ധിച്ച് പരിശോധന നടത്തിയതായും കമ്പനി നിയമങ്ങള്‍ ചില ഉദ്യേഗസ്ഥരും കരാറുകാരും തെറ്റിച്ചതായും സ്ഥാപനത്തിലെ സുപ്രധാന പദവികള്‍ വഹിക്കുന്ന ആരും ഇതില്‍ പങ്കാളികളല്ലെന്നും കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.
english summary;100 crore fraud by offering employment; TCS fired four employees