ഭക്ഷ്യപൊതുവിതരണം ഉള്‍പ്പെടെ വിവിധ മേഖലകള്‍ക്ക് കൂടുതല്‍ വിഹിതം നീക്കിവച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഭക്ഷ്യപൊതുവിതരണ സംവിധാനത്തിനുള്ള ബജറ്റ് വിഹിതം 2001 കോടി രൂപയായി ഉയർത്തി. പട്ടയ മിഷൻ തുടർ പ്രവർത്തനങ്ങൾക്ക് മൂന്ന് കോടി, നികത്തിയ നെൽവയൽ പൂർവസ്ഥിതിയിലാക്കുന്ന പദ്ധതിക്ക് റിവോൾവിങ് ഫണ്ടായി രണ്ട് കോടി വീതം നീക്കിവയ്ക്കും.
കർഷകത്തൊഴിലാളി ക്ഷേമനിധി വിഹിതം 120 കോടിയാക്കി. സർക്കാർ ഭൂമികളുടെ സംരക്ഷണ പദ്ധതിക്ക് രണ്ടു കോടി രൂപയും അനുവദിക്കും.
നോർക്ക സഹകരണത്തോടെ സ്ഥാപിക്കുന്ന അന്താരാഷ്ട്ര സാംസ്കാരിക സമുച്ചയത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ, സയൻസ് സിറ്റിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ, മലപ്പുറം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് എന്നിവയ്ക്ക് അഞ്ചുകോടി വീതവും സാംസ്കാരിക ഡിജിറ്റൽ സർവേക്കും മീഡിയ അക്കാഡമിയ്ക്ക് പുതിയ കെട്ടിട നിർമ്മാണത്തിന് മൂന്ന് കോടി വീതവും അനുവദിക്കും.
നവകേരള സദസുകളിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനായി 1000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. എല്ലാ മണ്ഡലത്തിലും ഒരു പദ്ധതിയെങ്കിലും ഇതിലൂടെ ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ക്ഷീര വികസന വകുപ്പിന്റെ ബീജഉല്പാദന മേഖലയിൽ ആവശ്യമായ മാച്ചിങ് ഫണ്ട് ഉറപ്പാക്കും. സഹകരണ മേഖലയിൽ വ്യവസായ പാർക്കുകൾക്ക് സഹായം അനുവദിക്കും. സഹകരണ റൈസ് മില്ലുകൾ, റബ്കോ തുടങ്ങിയവയുടെ പ്രവർത്തനം കൂടുതൽ സജീവമാക്കാനും തുക വകകൊള്ളിച്ചു. പൂരക്കളി അക്കാദമിക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കും. ജിഎസ്‌ടി രഹസ്യ വിവര കൈമാറ്റത്തിന് പ്രതിഫലം നൽകുന്ന പദ്ധതി ശാക്തീകരിക്കും.
കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾക്കായി 10 കോടി, ശാസ്താംകോട്ട കായൽ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഒരുകോടി, പുതുതായി തുടങ്ങിയ 16 നഴ്സിങ് കോളജുകൾക്കായി ഏഴുകോടി രൂപയും നീക്കിവയ്ക്കും. നിർമ്മാണ മേഖലയുടെ പുനരുജ്ജീവനത്തിനായി നീക്കിവച്ച 1000 കോടി രൂപയുടെ പദ്ധതിയിൽ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് മുന്‍ഗണന നല്‍കുമെന്നും വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മന്ത്രി പറഞ്ഞു. 129 കോടിയുടെ അധിക നിര്‍ദേശങ്ങളിലൂടെ കമ്മി 403.94 കോടിയായി ഉയര്‍ന്നു.
English Summary:2001 crore in the budget allocation for food distribution sector
You may also like this video