Site iconSite icon Janayugom Online

24 കാരറ്റ് സ്വർണം, കോടികൾ കൊടുത്താലും കിട്ടില്ല; നൂറ്റാണ്ടിലെ ലിമിറ്റഡ് എഡിഷൻ ഇതാ എത്തിക്കഴിഞ്ഞു

വാഹനപ്രേമികളെ അറിഞ്ഞോ? നൂറ്റാണ്ടിലെ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി ആഡംബര കാര്‍ നിര്‍മാതാക്കളായ റോള്‍സ് റോയ്‌സ്. ഫാന്റം മോഡലുകള്‍ ആദ്യമായി ഇറങ്ങിയതിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഫാന്റം സെന്റനറി കളക്ഷന്‍ എന്ന പേരിലാണ് ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്. ഒരു പുതിയ ഫാന്റം സെന്റനറി കളക്ഷന്‍ പോലും നിങ്ങള്‍ക്ക് വാങ്ങാനാവില്ല. കാരണം 25 ഫാന്റം സെന്റനറി കളക്ഷനുകളും ഇതിനകം തന്നെ വിറ്റു പോയിട്ടുണ്ടെന്നാണ് കമ്പനി അറിയിക്കുന്നത്.

1925ലായിരുന്നു ആദ്യ ഫാന്റം മോഡല്‍ റോള്‍സ് റോയ്‌സ് പുറത്തിറക്കിയത്. ലോക വിപണിയില്‍ തന്നെ ആകെ 25 ഫാന്റം സെന്റനറി കളക്ഷനുകള്‍ മാത്രമാണ് ഇറക്കുന്നത്. കോടികള്‍ കൈവശമുണ്ടെങ്കിലും ഒരു പുത്തന്‍ ഫാന്റം സെന്റനറി കളക്ഷന്‍ പോലും നിങ്ങള്‍ക്ക് സ്വന്തമാക്കാനും സാധിക്കില്ല. കമ്പനി ഇതുവരെ ഇറക്കിയതില്‍ വെച്ച് ഏറ്റവും മികച്ച സാങ്കേതികവിദ്യകളും സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ഈ ലിമിറ്റഡ് എഡിഷന്‍ വാഹനങ്ങള്‍ 40,000 മണിക്കൂറുകളുടെ അധ്വാനഫലമാണ്. കറുപ്പിലും വെളുപ്പിലുമായാണ് റോള്‍സ് റോയ്‌സ് ഫാന്റം സെന്റനറി കളക്ഷന്റെ എക്സ്റ്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. ഹോളിവുഡിലെ ക്ലാസിക് കാലഘട്ടത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ നിറങ്ങള്‍ നല്‍കിയിരിക്കുന്നത്. ഇടയില്‍ നേരിയ സ്വര്‍ണ നിറങ്ങളും വാഹനത്തിന് ആഡംബരമാവുന്നുണ്ട്. 

കുത്തനെ താഴേക്കിറങ്ങുന്നതാണ് ഗ്രില്ലുകള്‍. താഴെ റോള്‍സ് റോയ്‌സ് എംബ്ലവും മുകളില്‍ ബോണറ്റിനു മുകളിലായി റോള്‍സ് റോയ്‌സ് വാഹനങ്ങളുടെ ചിഹ്നമായ സ്പിരിറ്റ് ഓഫ് എക്സ്റ്റസിയേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണവും 24 കാരറ്റ് സ്വര്‍ണവും റോള്‍സ് റോയ്‌സ് ഫാന്റം സെന്റനറി കളക്ഷനിലുണ്ട്. സവിശേഷമായ ഫാന്റം സെന്റനറി ഹാള്‍മാര്‍ക്ക് ചെയ്തിരിക്കുന്നത് ലണ്ടനിലെ ഹാള്‍മാര്‍ക്കിങ് ആന്റ് അസേ ഓഫീസാണ്. പുറത്തെ അതിഗംഭീര ആഡംബര സൗകര്യങ്ങള്‍ ഉള്ളിലും റോള്‍സ് റോയ്‌സ് ഫാന്റം സെന്റനറി കളക്ഷന്‍ നിലനിര്‍ത്തുന്നുണ്ട്. ചിത്രകാരന്റെ പണിപ്പുര പോലെ തോന്നിപ്പിക്കുന്നതാണ് പിന്‍ സീറ്റുകള്‍. 1.60 ലക്ഷത്തിലേറെ തുന്നലുകള്‍ കൊണ്ട് മനോഹരമാക്കിയതാണ് ഈ സീറ്റുകള്‍. ഹൈ റെസല്യൂഷന്‍ പ്രിന്റഡ് തുണികളാണ് ഇതിനായി ഉപയോഗിക്കുന്നത്. സീറ്റുകളിലും നേരിയ സ്വര്‍ണ നിറത്തിലുള്ള തുന്നല്‍വേലകള്‍ കാണാനാവും. ഒരു വര്‍ഷത്തിലേറെ സമയമെടുത്താണ് റോള്‍സ് റോയ്‌സ് ഇങ്ങനെയൊരു അപൂര്‍വ സ്‌പെഷല്‍ എഡിഷന്‍ നിര്‍മിച്ചെടുത്തത്. ഓരോ വാഹനത്തിലും 45 വ്യത്യസ്ത പാനലുകള്‍ ചുമതലപ്പെട്ടവര്‍ അതി സൂഷ്മമായി നിര്‍മിച്ചെടുത്ത ശേഷം കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. 

കരിവീട്ടിയിലാണ് ഫാന്റം സെന്റനറി കളക്ഷനിലെ മരപ്പണികള്‍ റോള്‍സ് റോയ്‌സ് ചെയ്‌തെടുത്തിരിക്കുന്നത്. ഫാന്റം മോഡലിന്റെ ഇതുവരെയുള്ള യാത്രയുടെ സൂചനകള്‍ ഡോര്‍ പാനലുകളില്‍ നല്‍കിയിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ 4,500 മൈല്‍ ദൂരത്തില്‍ നടത്തിയ ഡ്രൈവും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതിലെ റോഡുകള്‍ നേര്‍ത്ത 24 കാരറ്റ് സ്വര്‍ണം കൊണ്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തടികൊണ്ടുള്ള 3ഡി അലങ്കാരപ്പണികള്‍, ലിങ്ക് ലെയറിങ്, ഗോള്‍ഡ് ലീഫിങ് തുടങ്ങിയ രീതികള്‍ ഉപയോഗിച്ചിട്ടുള്ള ഈ ഡോര്‍ പാനലുകള്‍തന്നെ ഒരു മനോഹര കലാസൃഷ്ടിയാണ്. ലിമിറ്റഡ് എഡിഷന്‍ ഫാന്റം സെന്റനറി കളക്ഷനില്‍ 6.75 ലീറ്റര്‍ ട്വിന്‍-ടര്‍ബോ വി12 എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്. എന്‍ജിന് 24 കാരറ്റ് സ്വര്‍ണത്താല്‍ അലങ്കരിച്ച ആര്‍ടിക്ക് വൈറ്റ് എന്‍ജിന്‍ കവറും നല്‍കിയിട്ടുണ്ട്.

ഓരോ വാഹനങ്ങളും ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ചുള്ള മാറ്റങ്ങളോടെയാണ് ഇറങ്ങുക. അതുകൊണ്ടുതന്നെ 25 ഫാന്റം സെന്റനറി കളക്ഷന്‍ ഇറങ്ങുമ്പോഴും ഇവയെല്ലാം ഒന്നിനൊന്ന് വ്യത്യസ്ഥമായിരിക്കും. കുറഞ്ഞത് 30 ലക്ഷം ഡോളര്‍(ഏകദേശം 26.31 കോടി രൂപ) നല്‍കിയാല്‍ മാത്രമേ ഒരു റോള്‍സ് റോയ്‌സ് ഫാന്റം സെന്റനറി കളക്ഷന്‍ സ്വന്തമാക്കാനാവൂ. 

Exit mobile version