Site iconSite icon Janayugom Online

24 കായിക ഇനങ്ങൾ; 495 മത്സരങ്ങൾ സംസ്ഥാന സ്പെഷ്യൽ ഒളിമ്പിക്സ് 27 മുതൽ

സംസ്ഥാന സ്പെഷ്യൽ ഒളിമ്പിക്സ് 27 മുതൽ 29 വരെ കോഴിക്കോട് മെഡിക്കൽ കോളജിലെ ഒളിമ്പ്യൻ റഹ്‌മാൻ ഗ്രൗണ്ടിൽ നടക്കും. 27ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ സ്പെഷ്യൽ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്യുമെന്ന് മേയർ ഡോ. ബീനാ ഫിലിപ്പ്, സ്പെഷ്യൽ ഒളിമ്പിക്സ് ഭാരത്-കേരള ഏരിയാ ഡയറക്ടർ ഫാ. റോയ് കണ്ണഞ്ചിറ, കേരള പ്രസിഡന്റ് ഡോ. എം കെ ജയരാജ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 14 ജില്ലകളിൽ നിന്ന് അയ്യായിരത്തോളം അത്ലറ്റുകളാണ് മത്സരത്തിനെത്തുന്നത്. സംസ്ഥാനത്തെ 235 സ്പെഷ്യൽ-ബഡ്-നോർമൽ സ്കൂളുകളിൽ നിന്ന് 4468 പേർ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവർക്കൊപ്പം രക്ഷിതാക്കളും, അധ്യാപകരും, പരിശീലകരും വളണ്ടിയർമാരും ഒഫീഷ്യലുകളും ഉള്‍പ്പെടെ 7000 പേർ പരിപാടിയിൽ സംബന്ധിക്കും. ആദ്യ ദിനം രാവിലെ എട്ടരയ്ക്കും മറ്റു ദിവസങ്ങളിൽ ഏഴിനും മത്സരങ്ങൾ ആരംഭിക്കും. വൈകിട്ട് ആറുവരെ നീണ്ടുനിൽക്കും. ഒളിമ്പ്യൻ റഹ്‌മാൻ ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കിലും തൊട്ടടുത്തുള്ള ഗ്രൗണ്ടിലുമായി എട്ട് സ്ഥലങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. 

റണ്ണിങ് റേസ്, വാക്കിങ് റേസ്, വീൽ ചെയർ റേസ്, ലോങ്ജമ്പ്, ഹൈജമ്പ്, ഷോട്ട്പുട്ട്, സോഫ്റ്റ് ബോൾ ത്രോ എന്നിങ്ങനെ 24 കായിക ഇനങ്ങളിലായി 495 മത്സരങ്ങൾ നടക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് പുറമെ മത്സരിക്കുന്ന എല്ലാ അത്‌ലറ്റുകൾക്കും സമ്മാനങ്ങൾ നൽകുമെന്ന പ്രത്യേകതയും കായിക മേളയ്ക്കുണ്ട്. സഹ മത്സരാർത്ഥികളെ പിന്തള്ളി ഒന്നാമതാവണം എന്ന സാധാരണ കായിക മനോഭാവത്തിൽ നിന്ന് വ്യത്യസ്തമായി ഒപ്പം മത്സരിക്കുന്നവരെയും ചേർത്ത് ഒന്നായി മുന്നേറണം എന്ന മഹത്തായ തത്വമാണ് സ്പെഷ്യൽ ഒളിമ്പിക്സ് പിന്തുടരുന്നതെന്ന് ഫാ. റോയ് കണ്ണഞ്ചിറ പറഞ്ഞു. ആരും തോൽക്കുന്നില്ല, ആരെയും തോൽപ്പിക്കുന്നുമില്ല. എല്ലാവരും കഴിവിനനുസരിച്ച് വിവിധ മത്സരങ്ങളിൽ ഭാഗമാക്കും. പ്രായമനുസരിച്ച് അഞ്ചു ഗ്രൂപ്പുകളാണ് ഉണ്ടാവുക. ഹയർ എബിലിറ്റി, ലോവർ എബിലിറ്റി എന്നീ രണ്ടുകാറ്റഗറികളായാണ് മത്സരം. 

ബൗദ്ധികവും വളർച്ചാപരവുമായ പരിമിതികളുള്ള ഭിന്നശേഷിക്കാരുടെ കഴിവുകൾ കായിക രംഗത്തിലൂടെ പരിപോഷിപ്പിച്ചെടുക്കുക എന്നതാണ് സ്പെഷ്യൽ ഒളിമ്പിക്സിന്റെ പ്രഥമ ലക്ഷ്യം. അവരുടെ സവിശേഷതകൾ പരിഗണിച്ച് രൂപപ്പെടുത്തിയ കായിക മത്സര നിയമാവലികളുടെ അടിസ്ഥാനത്തിലാണ് സ്പെഷൽ ഒളിമ്പിക്സ് സംഘടിപ്പിച്ചിട്ടുള്ളത്. അവസാന ഒളിമ്പിക്സ് നടന്നത് 2018ൽ തിരുവനന്തപുരത്താണ്. ദേശീയതല മത്സരത്തിലേക്കുള്ള കായിക താരങ്ങളെ ഇവിടെ നിന്ന് തെരഞ്ഞെടുക്കുമെന്നവർ പറഞ്ഞു. പ്രോഗ്രം മാനേജർ സിസ്റ്റർ റാണി ജോ, കമാൽ വരദൂർ, അഭിലാഷ് ശങ്കർ, കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ദിവാകരൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു. 

Exit mobile version