Site iconSite icon Janayugom Online

പ്രതിസന്ധികളെ അചഞ്ചലമായി നേരിട്ട നേതാവ്

ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ നേതൃനിരയിലേക്ക് ഉയർന്ന എസ് കുമാരന്റെ 33-ാം ചരമവാർഷികദിനമാണ് ഇന്ന്. പ്രതിസന്ധിഘട്ടങ്ങളിൽ പാർട്ടിയെ മുൻനിന്ന് നയിച്ച സഖാവ് എസ് ജനങ്ങൾക്ക് പ്രിയപ്പെട്ട നേതാവായിരുന്നു. ബന്ധുക്കളും അയൽക്കാരും വാത്സല്യപൂർവം കൊച്ചു കുമാരൻ എന്നാണ് എസ്സിനെ വിളിച്ചിരുന്നത്. പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ എസ് കുമാരൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവായി. പി കൃഷ്ണപിള്ള മുൻകയ്യെടുത്ത് ആലപ്പുഴയിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് രൂപീകരിച്ചപ്പോൾ എസ് കുമാരൻ അതിലെ അംഗമായിരുന്നു. ടി വി തോമസ്, സുഗതൻ സാർ, സി കെ കുമാരപ്പണിക്കർ തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ച എസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി. കമ്മ്യൂണിസ്റ്റ് പാർട്ടിയും ബഹുജന സംഘടനകളും കെട്ടിപ്പടുക്കുന്നതിൽ സമർത്ഥമായ നേതൃത്വം നൽകി. ഐതിഹാസികമായ പുന്നപ്ര‑വയലാർ സമരത്തിന്റെ സംഘാടകരിൽ പ്രധാനി ആയിരുന്നു എസ്. ദീർഘനാൾ സഖാവ് ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. ലോക്കപ്പ് ജീവിതവും നിഷ്ഠുരമായ പൊലീസ് മർദ്ദനവും അനുഭവിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മേലുള്ള നിരോധനം നീക്കിയതിനെ തുടർന്ന് 1952ൽ എസ് കുമാരൻ പ്രവർത്തന കേന്ദ്രം തിരുവനന്തപുരത്തേക്ക് മാറ്റി.

എം എൻ സെക്രട്ടറിയായ സംസ്ഥാന കമ്മിറ്റിയുടെ അസിസ്റ്റന്റ് സെക്രട്ടറിയായി എസ് പ്രവർത്തിച്ചു. സംസ്ഥാന കമ്മിറ്റി ഓഫീസിന്റെയും സംഘടനാ കാര്യങ്ങളുടെയും ചുമതല സഖാവിനായിരുന്നു. പാർട്ടി പ്രവർത്തകരുടെയാകെ വിശ്വാസവും ബഹുമാനവും നേടിയ നേതാവായിരുന്നു അദ്ദേഹം. ഒരു വിപ്ലവ പ്രസ്ഥാനത്തിന്റെ നേതാവിന് ഉണ്ടാകേണ്ട ഒട്ടേറെ ഗുണവിശേഷങ്ങൾ എസ് കുമാരന് ഉണ്ടായിരുന്നു. പ്രയാസകരമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ അതിന്റെ ഗുണദോഷങ്ങൾ വിലയിരുത്തി ശരിയായ തീരുമാനം എടുക്കുന്നതിൽ എസിന് ഉണ്ടായിരുന്ന വൈഭവം എടുത്തു പറയേണ്ടതുണ്ട്. ഏത് പ്രതിസന്ധിയെയും അചഞ്ചലമായി നേരിടാനുള്ള കഴിവായിരുന്നു മറ്റൊരു ഗുണവിശേഷം. സഹിഷ്ണുതയ്ക്കും വിനയത്തിനും എസ് ഒരു മാതൃകയായിരുന്നു. കൂടിയാലോചനകളിലും ചർച്ചകളിലും അദ്ദേഹം കാണിച്ച ക്ഷമയും നിശ്ചയദാർഢ്യവും അനന്യസാധാരണമായിരുന്നു.


ഇതുകൂടി വായിക്കൂ: തിരുവിതാംകൂറിലെ ആദ്യ ട്രേഡ് യൂണിയൻ


ഐക്യമുന്നണി രാഷ്ട്രീയത്തിൽ കൂടിയാലോചനകൾക്ക് പ്രധാനപ്പെട്ട ഒരു സ്ഥാനമുണ്ട്. ഇത്തരം കൂടിയാലോചനകളിൽ അക്ഷോഭ്യനായി എത്രനേരം വേണമെങ്കിലും ഇരിക്കും. തന്റെ നിലപാട് സൗമ്യമായി മറ്റുള്ളവരെ ബോധ്യപ്പെടുത്തിയ ശേഷമേ എസ് എഴുന്നേൽക്കൂ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം, നിയമസഭാംഗം, രാജ്യസഭാംഗം തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം പ്രവർത്തിച്ചു. വിപ്ലവബോധവും പാർട്ടിയോടുള്ള കൂറും നിശ്ചയദാർഢ്യവും സംഘടനാസാമർത്ഥ്യവും ആകർഷകമായ വ്യക്തിത്വവും കൊണ്ട് എസ് എല്ലാവർക്കും പ്രിയങ്കരനായി. വർഗീയതയ്ക്കെതിരെ പോരാടാൻ കൂടുതൽ കരുത്തുറ്റ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കേണ്ടതുണ്ട്. അത്തരമൊരു സന്ദർഭത്തിൽ എസിന്റെ സംഘടനാ പാടവം നമുക്ക് ആവേശം പകരും. എസിന്റെ സ്മരണയ്ക്കു മുന്നിൽ ബാഷ്പാഞ്ജലി.

Exit mobile version