Site iconSite icon Janayugom Online

കൂച്ച് ബെഹാറില്‍ കേരളത്തിന് ആദ്യ ഇന്നിങ്‌സില്‍ 421 റണ്‍സ്

കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ബിഹാറിനെതിരെ കേരളത്തിന് ആദ്യ ഇന്നിങ്‌സില്‍ 421 റണ്‍സ്. ബിഹാര്‍ ഉയര്‍ത്തിയ 329 റണ്‍സ് മറികടന്ന കേരളം 92 റണ്‍സിന്റെ ലീഡും നേടി. മൂന്നാം ദിനം 5 വിക്കറ്റ് നഷ്ടത്തില്‍ 335 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് പുനരാരംഭിച്ച കേരളം അദ്വൈത് പ്രിന്‍സിന്റെ അര്‍ദ്ധ സെഞ്ച്വറിയുടെ മികവിലാണ് സ്‌കോര്‍ 400 കടത്തിയത്. 145 പന്ത് നേരിട്ട അദ്വൈത് 17 ഫോര്‍ ഉള്‍പ്പെടെ 84 റണ്‍സ് നേടി. അദ്വൈതിനൊപ്പം ക്രീസിലുണ്ടായിരുന്ന അല്‍താഫ് 43 റണ്‍സെടുത്തു. ഇരുവരും ചേർന്നുള്ള സഖ്യം 94 പന്തിൽ നിന്ന് 64 റൺസാണ് നേടിയത്. നേരത്തെ ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാന്‍ സെഞ്ച്വറി നേടിയിരുന്നു. 

ഇമ്രാന്റെ 178 റണ്‍സാണ് കേരളത്തെ മികച്ച സ്‌കോറിലേയ്ക്ക് ഉയര്‍ത്തിയത്. മൂന്നാം ദിനം ബിഹാറിനായി വസുദേവ് പ്രസാദ്, സുമന്‍ കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റും അഭിഷേക് ഒരുവിക്കറ്റും വീഴ്ത്തി. 421 ന് കേരളം പുറത്തായതോടെ രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ബിഹാറിന് തുടക്കത്തിലെ ഷഷ്വത് ഗിരി(0)യുടെ വിക്കറ്റ് നഷ്ടമായി. രണ്ടാം ഓവറില്‍ അഭിരാമാണ് വിക്കറ്റ് വീഴ്ത്തിയത്. പിന്നീട് സ്‌കോര്‍ 89‑ല്‍ എത്തിയപ്പോള്‍ ആദിത്യ സിന്‍ഹ(30)യെ അഹമ്മദ് ഇമ്രാന്‍ വീഴ്ത്തി. കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന നിലയിലാണ് ബിഹാര്‍. 58 റണ്‍സുമായി തൗഫിഖും ആറു റണ്‍സുമായി സത്യം കുമാറുമാണ് ക്രീസില്‍. സ്‌കോര്‍ കേരളം-421, ബിഹാര്‍-329, 101/2.

Exit mobile version