Site icon Janayugom Online

‘പത്തൊമ്പതാം നൂറ്റാണ്ട്’ കഥാപാത്രങ്ങളുടെ വിശേഷങ്ങളുമായി വിനയന്‍…

തിരുവിതാംകൂറിൽ ജീവിച്ചിരുന്ന ധീരനും സാഹസികനുമായ പോരാളിയുടെ കഥപറയുന്ന “പത്തൊൻപതാം നുറ്റാണ്ട്”. ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന സാധാരണക്കാരുടെ മനസ്സുലയ്കുന്ന ജീവിത സാഹചര്യങ്ങളുടെ നേർച്ചിത്രം. അതിസാഹസികനും ധീരനുമായിരുന്ന പോരാളിയായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരായി എത്തുന്നത് സിജു വിൽസൺ. വന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ചിരുകണ്ടനായി സെന്തിൽ രാജാമണി എത്തുന്നു കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ വിനയന്‍ ജനയുഗത്തോട് പറയുന്നു..

ചാലക്കുടിക്കാരൻ ചങ്ങാതി” എന്ന എൻെറ ചിത്രത്തിലൂടെത്തന്നെ മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ച സെന്തിൽ രാജാമണി അവതരിപ്പിക്കുന്ന ചിരുകണ്ടൻ എന്ന കഥാപാത്രത്തെയാണ് ഇന്നു പരിചയപ്പെടുത്തുന്നത്. നിഷ്കളങ്കനും സ്നേഹസമ്പന്നനുമായ പിന്നോക്കജാതിയിൽ പെട്ട ഒരു ചെറുപ്പക്കാരനാണ് ചിരുകണ്ടൻ..
അയിത്തത്തിൻെറ പേരിൽ വിവിധ വിഭാഗത്തിൽ പെട്ട അവർണ ജാതിക്കാർ ഇത്രയിത്ര അടി ദൂരത്തിലെ നിൽക്കാവു എന്ന ദുഷിച്ച നിയമങ്ങൾ നിലനിന്നിരുന്ന ആ കാലഘട്ടത്തിലാണ് സ്വാമി വിവേകാനന്ദൻ നമ്മുടെ നാടിനെ ഭ്രാന്താലയം എന്നു വിശേഷിപ്പിച്ചത്.. അധസ്ഥിതർ അന്ന് അനുഭവിച്ച ദുരിതപൂർണ്ണമായ ജീവിതത്തെപറ്റിയും യാതനകളെപ്പറ്റിയും ഇന്നത്തെ തലമുറയ്ക്ക് എത്രമാത്രം അറിവുണ്ടെന്നറിയില്ല.

ശ്രീനാരായണഗുരുവും, ചട്ടമ്പിസ്വാമികളും, അയ്യങ്കാളിയും, സഹോദരൻ അയ്യപ്പനും പോലുള്ള എത്രയോ നവോത്ഥാന നായകരുടെ സമര മുന്നേറ്റങ്ങളുടെ ഫലമാണ് നമ്മൾ ഇന്നനുഭവിക്കുന്ന ജീവിതസ്വാതന്ത്ര്യം എന്നോർക്കേണ്ടതാണ്. അവർക്കൊക്കെ മുന്നേ പത്തൊൻപതാം നൂറ്റാണ്ടിൻെറ മദ്ധ്യകാലത്ത് അധസ്ഥിതർക്കു വേണ്ടി പൊരുതിയ ധീരനും സാഹസികനുമായ പോരാളി ആയിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കർ… സിജു വിൽസൺ അവതരിപ്പിക്കുന്ന വേലായുധപ്പണിക്കർ നായകനായി വരുന്ന ഈ ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ് “ചിരുകണ്ടൻ”.

മനസ്സിനെ ആർദ്രമാക്കുന്ന അഭിനയശൈലിയിലൂടെ നടൻ സെന്തിൽ “ചിരുകണ്ടനെ” അതി മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഈ സിനിമ കണ്ടു കഴിയുമ്പോൾ മനസ്സിൽ ഒരു വിങ്ങലായി ചിരുകണ്ടൻ എന്ന കഥാപാത്രം പ്രേക്ഷകൻെറ ഓർമ്മയിലുണ്ടാവും..ഈ മഹാമാരിയുടെ കാഠിന്യം ഒട്ടൊന്നു ശമിച്ചു കഴിഞ്ഞ് മനസ്സിൽ ഉദ്ദേശിക്കുന്ന രീതിയിൽ തന്നെ പത്തൊൻപതാം നൂറ്റാണ്ടിൻെറ ക്ലൈമാക്സും ചിത്രീകരിക്കാൻ സാധിച്ചാൽ അത് ചലച്ചിത്രകാരൻ എന്ന നിലയിൽ എൻെറ വലിയ ജീവിത വിജയമായിരിക്കും എന്നു ഞാൻ കരുതുന്നു.

Exit mobile version