Site iconSite icon Janayugom Online

മറഞ്ഞിട്ടും മായാത്ത വെളിച്ചം: സോണി ബി തെങ്ങമം വിടവാങ്ങിയിട്ട് ആറ് വര്‍ഷം

സോണി ബി തെങ്ങമം വിട്ടു പിരിഞ്ഞിട്ട് ആറ് കൊല്ലമായിരിക്കുന്നു. മറഞ്ഞിട്ടും മായാത്ത വെളിച്ചം പോൽ കേരളത്തിലെ യുവജനങ്ങളെ ഇന്നും സോണി ബി തെങ്ങമം എന്ന പകരം വെയ്ക്കാനില്ലാത്ത നാമം പ്രകാശിപ്പിച്ചു കൊണ്ടിരിക്കുന്നു. കമ്മ്യൂണിസ്റ്റ് ജീവിത മാതൃകകളിൽ ശ്രദ്ധേയനയാനായ മുൻ എം എൽ എ യും സ്വാതന്ത്ര്യ സമര സേനാനി തെങ്ങമം ബാലകൃഷ്ണന്റെയും നിർമ്മലയുടെയും മകനായി ജനിച്ച സോണി ബി തെങ്ങമം ബാലവേദി മുതൽ സംഘടനാ പ്രവർത്തനം തുടങ്ങി. തന്റെ സ്വതസിദ്ധമായ നേതൃഗുണത്താൽ സോണി തെങ്ങമം അഖിലേന്ത്യാ വിദ്യാർത്ഥി ഫെഡറേഷ(AISF)ന്റെയും പിന്നീട് അഖിലേന്ത്യാ വിദ്യാർത്ഥി ഫെഡറേഷ(AIYF)ന്റെയും ജനറൽ സെക്രട്ടറി പദം വരെ അലങ്കരിച്ചു. സവിശേഷമായ സംഘാടന വൈഭവം കൊണ്ട് സംഘടനാപ്രവർത്തനത്തിൽ വിസമയമായ സോണി വിദ്യാർത്ഥി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ആയിരുന്ന കാലത്താണ് എഐഎസ്എഫ് ഒരു സമര സംഘടനയായി അറിയപ്പെടാൻ തുടങ്ങിയത്. കേരളത്തെ പിടിച്ചു കുലുക്കിയ നിരവധി വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ പിന്നിൽ സോണിയയുടെ ആസൂത്രണ മികവായിരുന്നു. നവോദയ സമരം, സ്വാശ്രയ മേഖലക്കെതിരെയുള്ള സമരം , പ്രീഡിഗ്രി ബോർഡിനെതിരെയുള്ള സമരങ്ങളൊക്കെ എ ഐ എസ് എഫ് ചരിത്രത്തിലെ നിണമണിഞ്ഞ ചരിത്രാധ്യായങ്ങളായി മാറി. വിദ്യാർത്ഥി ഫെഡറേഷന്റെ സംഘടനാടിത്തറ വലിയ തോതിൽ വിപുലമായത് ഇക്കാലത്താണ്.

ക്യാമ്പസുകളെ ത്രസിപ്പിക്കുന്ന വിദ്യാർത്ഥി നേതാവായി സോണി നിറഞ്ഞു നിൽക്കുമ്പോഴാണ് അദ്ദേഹം എഐഎസ്എഫ്ന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടത്. അതുല്യമായ നേതൃത്വ മികവിനാൽ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലടക്കം വിദ്യാർത്ഥി ഫെഡറേഷന്റെ അടിത്തറ മെച്ചപ്പെടുത്തുകയും സേവ് ഇന്ത്യാ ചേഞ്ച് ഇന്ത്യാ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുൻപിൽ വച്ച് നിരവധി ക്യാമ്പയിനുകൾ നടത്തി ശ്രദ്ധ നേടി. സോണി ബി തെങ്ങമം കേരളത്തിലെ എ ഐ വൈ എഫ്ന്റെ സെക്രട്ടറി പദത്തിലെത്തിലെത്തിയപ്പോൾ എ ഐ വൈ എഫ് ഒരു സമര സംഘടന മാത്രമല്ല കേരളത്തിന്റെ വികസന രംഗത്ത് യുവതയ്ക്ക് കൂടുതൽ തൊഴിൽ ലഭിക്കുന്ന തരത്തിലുള്ള നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുകയും കേരളത്തിന്റെ മൂന്ന് മേഖലകളിലായി മൂന്ന് വികസന സെമിനാറുകൾ നടത്തി ചില നിർദേശങ്ങൾ കേരളത്തിന് മുൻപാകെ വച്ചിരുന്നു. അതിൽ പെട്ടതാണ് പിന്നീട് യാഥാർത്ഥ്യമായ വല്ലാർപാടം കണ്ടെയ്നർ ട്രാൻഷിപ്പ് ടെർമിനൽ, മലയോര റെയിൽവേ(ഇപ്പോൾ ശബരി റെയിൽ എന്ന പദ്ധതിയായി മാറിയത്), ഏഴിമല നാവിക കേന്ദ്രത്തിന്റെ വിപുലീകരണം, വിഴിഞ്ഞം തുറമുഖം, ജലവൈദ്യുതപദ്ധതികൾക്ക് പകരമുള്ള വൈദ്യുത പദ്ധതികൾ തുടങ്ങിയവകൾ . വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനും മലയോര റെയിൽവേക്കും വേണ്ടി എ ഐ വൈ എഫ് നടത്തിയ ജാഥകളും സമരങ്ങളും വലിയ ശ്രദ്ധ നേടിയിരുന്നു. പൊതു മേഖല സ്ഥാപനമായ മോഡേൺ ബ്രഡ് കമ്പനി സ്വകാര്യവൽക്കരണത്തിനെതിരെ എറണാകളത്ത് നടത്തിയ ചരിത്ര പ്രസിദ്ധമായ മോഡേൺ ബ്രഡ് പിടിച്ചടക്കൽ സമരത്തിന് സോണി ബി. തെങ്ങമം നേരിട്ട് നേതൃത്വം നൽകി. ഫാക്റ്റ് സ്വകാര്യവൽക്കരണത്തിനെതിരെ നടന്ന ഫാക്റ്റ് കോർപറേറ്റ് ആഫീസ് മാർച്ചും നാളികേര വികസന ബോർഡിലേക്ക് നടന്ന യുവജന മാർച്ചും സോണി.ബി.തെങ്ങമം എന്ന പകരം വെയ്ക്കാനില്ലാത്ത നേതാവിനെ അടയാളപ്പെടുത്തിയ പ്രക്ഷോഭങ്ങളായി മാറി. അന്താരാഷ്ട യുവജന വിദ്യാർത്ഥി രംഗത്ത് സോണി തെങ്ങമത്തെ പോലെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ഇന്ത്യൻ യുവജന നേതാവ് ഇല്ല എന്നതാണ് യാഥാർത്ഥ്യം. പോങ്ങ് യാങ്ങ്, ഹവാന, അൾജിയേഴ്സ് ലോക യുവജന സമ്മേളനങ്ങൾ ഇതു സാക്ഷ്യപ്പെടുത്തുന്നു.

യുവാക്കളായ കേന്ദ്ര മന്ത്രിമാരും സംസ്ഥാന മന്ത്രിമാരുമൊക്കെ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തപ്പോഴും സമ്മേളനം നിയന്ത്രിച്ചത് സോണിയുടെ യുള്ളവരായിരുന്നു. ലോകത്തെ വിവിധ രാജ്യങ്ങളിൽ സോണിക്കുണ്ടായിരുന്ന സ്വീകാര്യതയാണ് വിവിധ രാജ്യങ്ങളുടെ ക്ഷണിക്കപ്പെട്ട അതിഥിയായ് അദ്ദേഹം നടത്തിയ സന്ദർശനങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. തന്റെ പരിചയവലയത്തിലേക്ക് കടന്നുവരുന്നവരെ ഒരിക്കലും വിട്ടു പോകാനാവാത്തവിധം ചങ്ങാത്തത്താൽ ചേർത്ത് നിർത്തുന്ന മാന്ത്രികത സോണിക്കുണ്ടായിരുന്നു. ആ സൗഹൃദത്തിന്റെ നീരൊഴുക്ക് വ്യക്തികളിൽ നിന്നും കുടുംബങ്ങളിലക്കും ഒഴുകി നിറഞ്ഞു. സഹ പ്രവർത്തകരുടെ തനതായ കഴിവുകൾ കണ്ടെത്തുന്നതിനും അവരെ കൃത്യമായ സ്ഥലത്ത് വിന്യസിക്കാനുമുള്ള സോണിയുടെ അന്യാദൃശമായ വൈഭവം അപൂർവ്വമായ നേതൃഗുണമാണ്. ഏറ്റവും താഴെ തട്ടിലുള്ള പ്രവർത്തകർ മുതൽ അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്നവർ വരെയുളള സോണിയുടെ വ്യക്തിപരമായ അടുപ്പം ഒരു പക്ഷെ മറ്റു പലരിലും കാണാനാകാത്ത സദ്ഗുണ ഭാവമാണ്. കൈവച്ച മേഖലകളിലെല്ലാം പൊന്നുവിളയിച്ച സോണി കേരളത്തിലെ വിവരാവകാശ കമ്മീഷണറായി പ്രവർത്തിച്ചപ്പോഴും തന്റെ ജോലി വളരെ നന്നായി ചെയ്തു തീർത്തു. മൾടിപ്പിൾ സ്കിളിറോസിസ് എന്ന രോഗത്താൽ ശാരീകാവശതകൾ നേരിടുന്ന കാലത്തും തനിക്ക് മുൻപിൽ വരുന്ന ഫയലുകൾ ജനാഭിമുഖ്യത്തോടെ തന്നെ തീർപ്പാക്കിയിരുന്നു എന്നത് ഓർക്കുന്നു.

അതുപോലെ പാർലമെന്ററി ലേബർ സ്റ്റാൻഡിംഗ് കമ്മറ്റി സെക്രട്ടറി ആയി പ്രവർത്തിച്ച കാലത്തും സമയ ബന്ധിതമായി തന്റെ ചുമതലകൾ ഗുണകരമായി തീർക്കുകയും തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് സഖാവ് പി.കെ. വിയോടൊപ്പം പ്രയത്നിക്കുകയും ചെയ്തു. സമാനതകളില്ലാത്ത നേതൃഗുണത്താൽ സമ്പന്നമായ സോണി ബി . തെങ്ങമത്തിന്റെ ജീവിതം അകാലത്തിലാണ് പൊലിഞ്ഞത്. ഒരു പക്ഷെ കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ ചരിത്രം കുറിക്കേണ്ടിയിരുന്ന ജീവിതം . സഖാവ് സോണിയുടെ വേർപാട് കേരളത്തിന്റെ കമ്യൂണിസ്റ്റ് ഇടതു പ്രസ്ഥാനങ്ങൾക്കാക്കിയ നഷ്ടം നികത്താനാവത്തതാണ് എന്ന് സോണിയില്ലാത്ത ഓരോ ദിനവും നമ്മെ ഓർമ്മിപ്പിക്കുന്നു. ആറ് കൊല്ലം മുൻപ് പൊലിഞ്ഞ സോണി തെങ്ങമം എന്ന നക്ഷത്രത്തിന്റെ വെളിച്ചം ഇന്നും മങ്ങാതെ വഴിയിൽ പ്രകാശമായ് നിറയുന്നു. പ്രിയങ്കരനായ വിപ്ലവകാരിയെ ആദരവോടെ സ്മരിക്കുന്നു.

Eng­lish Summary:6th death anniver­sary of Sony B Thengamam
You may also like this video

Exit mobile version