സമ്പൂര്‍ണ മാലിന്യ മുക്ത നഗര കാമ്പയിന്റെ ഭാഗമായി കേരളത്തിലെ 19,489 പഞ്ചായത്ത്/നഗരസഭാ വാർഡുകളിൽ 19093, 1034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 1021 എണ്ണവും മാലിന്യമുക്തമായി പ്രഖ്യാപിച്ചതായി തദ്ദേശ സ്വയം ഭരണ മന്ത്രി എം ബി രാജേഷ്. സംസ്ഥാനത്തെ 97.96 ശതമാനം വാർഡുകളും 98.47 ശതമാനം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമാണ് (പഞ്ചായത്ത്, നഗരസഭ) മാലിന്യമുക്തമായി പ്രഖ്യാപിച്ചത്.
സർക്കാർ നിർദേശിച്ച 13 മാനദണ്ഡങ്ങളിൽ ഓരോന്നിലും 80 ശതമാനം പുരോഗതി കൈവരിച്ചാണ് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിൽ 934 ഗ്രാമപഞ്ചായത്തുകൾ, 82 മുനിസിപ്പാലിറ്റികൾ, അഞ്ച് കോർപറേഷനുകൾ എന്നിവ മാലിന്യമുക്തമായതായി പ്രഖ്യാപിക്കപ്പെട്ടത്. 99.26 ശതമാനം പഞ്ചായത്തുകളും 94.25 ശതമാനം നഗരസഭകളും മാലിന്യമുക്തമായി പ്രഖ്യാപിക്കപ്പെട്ടു. കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും മാലിന്യമുക്തമായി പ്രഖ്യാപിച്ചു. ഈ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ മന്ത്രി ഓൺലൈനായി അഭിസംബോധന ചെയ്തു. നവകേരള മിഷൻ രണ്ട് കോഓർഡിനേറ്റർ ഡോ. ടി എൻ സീമ, സ്പെഷ്യൽ സെക്രട്ടറി അനുപമ ടി വി എന്നിവർ സംസാരിച്ചു.

