“സഹോദരിമാരെ, നിങ്ങളുടെ അവകാശങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങളിൽ എത്ര പേർക്ക് അറിവുണ്ട്? ശരീഅത്ത് പ്രകാരം സ്ത്രീക്ക് പുരുഷന്മാരുടേതിന് തുല്യമായ അവകാശമുണ്ട്. ചില സാഹചര്യങ്ങളില്‍ അവൾക്ക് ഭർത്താവിനോട് വിവാഹമോചനം ആവശ്യപ്പെടാൻ അനുവാദമുണ്ട്. ഈ പരമാർത്ഥം മനസിലാക്കിയിട്ടുള്ള സ്ത്രീകൾ നമ്മുടെ ഇടയിൽ എത്ര പേരുണ്ട്? ഇവരെ ഇങ്ങനെ തരംതാഴ്ത്തി, അടുക്കളപ്പാവകളാക്കി, പ്രസവ യന്ത്രങ്ങളാക്കി മാറ്റിയ പുരുഷന്മാർക്ക് റസൂൽ മാതൃകയാണോ?” കോഴിക്കോട് നടന്ന ഒരു മുസ്ലിം സംഘടനയുടെ വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത്, എം ഹലീമാ ബീവി 1961ൽ ചെയ്ത പ്രസംഗത്തിലെ ഒരു ഭാഗമാണ് മുകളിൽ. സമുദായത്തില്‍ നിന്നുള്ള കേരളത്തിലെ ആദ്യത്തെ വനിതാ പത്രാധിപ, ആദ്യ വനിതാ മുനിസിപ്പൽ കൗൺസിലർ, എറണാകുളം ഡിസിസി അംഗം, തിരുവിതാംകൂർ വനിതാ സമാജം പ്രസിഡന്റ്, തിരുവിതാംകൂർ സ്റ്റേറ്റ് മുസ്ലിം ലീഗിന്റെ തിരുവല്ല താലൂക്ക് സെക്രട്ടറി എന്നീ പദവികളിലെത്തിയ ഹലീമാ ബീവി.
1918ൽ അടൂരിലെ ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ പീർ മുഹമ്മദ്- മൈതീൻ ബീവി ദമ്പതികളുടെ മകളായാണ് ഹലീമയുടെ ജനനം. മുസ്ലിം പെൺകുട്ടികൾ സ്കൂളിൽ പോകുന്നത് പതിവില്ലാതിരുന്ന ആ കാലത്ത് ഏഴാം ക്ലാസുവരെ അടൂരിലെ സ്കൂളിൽ ഹലീമ പഠിച്ചു. 17-ാം വയസില്‍ വിവാഹം. മത പണ്ഡിതനും എഴുത്തുകാരനുമായിരുന്ന കെ എം മുഹമ്മദ് മൗലവിയായിരുന്നു ഭർത്താവ്. വക്കം മൗലവിയുടെ ശിഷ്യനായിരുന്ന മുഹമ്മദ് മൗലവി, അൻസാരി എന്ന പേരിൽ ഒരു മാസിക നടത്തിയിരുന്നു. ഇതുതന്നെയാണ് പത്രപ്രവർത്തനത്തിലേക്ക് തിരിയാൻ ഹലീമാ ബീവിക്ക് പ്രേരണയായത്.
1938ൽ പതിനെട്ടാം വയസിൽ അവർ മുസ്ലിം വനിത എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. തിരുവല്ലയിൽ നിന്ന് അച്ചടിച്ചു തുടങ്ങിയെങ്കിലും പ്രസാധനം പിന്നീട് കൊടുങ്ങല്ലൂരിലേക്ക് മാറ്റി. എന്നാല്‍ സമുദായത്തിലെ യാഥാസ്ഥിതിക ഗ്രൂപ്പുകളുടെ എതിർപ്പും സാമ്പത്തിക ബാധ്യതയും കാരണം മാസിക നിർത്തേണ്ടി വന്നു. പിന്നീട് 1946ൽ ഹലീമാബീവി മാനേജിങ് ഡയറക്ടറായി ഭാരതചന്ദ്രിക എന്ന പേരിൽ ഒരു ആഴ്ചപ്പതിപ്പ് പുറത്തിറങ്ങി. സാഹിത്യവിഷയങ്ങൾക്ക് മുൻതൂക്കം നൽകിയിരുന്ന ആഴ്ചപ്പതിപ്പിൽ വൈക്കം മുഹമ്മദ് ബഷീർ, ബാലാമണിയമ്മ, പി കേശവദേവ്, തകഴി, ജി ശങ്കരക്കുറുപ്പ്, എം പി അപ്പൻ, പി കുഞ്ഞിരാമന്‍ നായര്‍, ഒഎൻവി, എസ് ഗുപ്തൻ നായർ തുടങ്ങിയ പ്രമുഖർ പ്രവർത്തിച്ചിട്ടുണ്ട്.
ചങ്ങമ്പുഴ, ബാലാമണിയമ്മ, ഗുപ്തൻ നായർ, ഒഎൻവി, പി എ സെയ്തുമുഹമ്മദ് തുടങ്ങിയവര്‍ ആഴ്ചപ്പതിപ്പിലെ എഴുത്തുകാരായിരുന്നു. ബഷീറിന്റെ നീലവെളിച്ചം, വിശുദ്ധരോമം, പാത്തുമ്മയുടെ ആട് എന്നിവയൊക്കെ ആദ്യം പ്രസിദ്ധീകരിച്ചുവന്നത് ഭാരതചന്ദ്രികയിലാണ്. ഒരു വർഷത്തിനു ശേഷം വാരിക ദിനപത്രമാക്കിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായി. അതേസമയം, അവർ വനിതാ മാസികയായ വനിത (1944) ആരംഭിച്ചിരുന്നു.
1970ൽ ആധുനിക വനിത എന്ന പേരിൽ മറ്റൊരു മാസിക തുടങ്ങിയെങ്കിലും വിജയിച്ചില്ല. പക്ഷേ അതൊരു ചരിത്രമായിരുന്നു. ഒരു മുഴുനീള വനിതാ പ്രസിദ്ധീകരണം. ‘ആശയം’ എന്ന പേരിൽ ഒരു ചോദ്യോത്തര പംക്തി മകൻ അഷ്റഫ് ചെയ്തുവെന്നതൊഴിച്ചാൽ മറ്റു പേജുകളിൽ എഴുതിയവരെല്ലാം സ്ത്രീകളായിരുന്നു. സഹപത്രാധിപരും സ്ത്രീകളായിരുന്നു. മാനേജിങ് എഡിറ്റർ എം ഹലീമാ ബീവി. ഫിലോമിന കുര്യൻ, ബേബി ജെ മൂരിക്കൽ, ബി സുധ, കെ കെ കമലാക്ഷി എം, എം റഹ്‌മാ ബീഗം തുടങ്ങിയവരായിരുന്നു പത്രാധിപ സമിതിയംഗങ്ങൾ. സ്ത്രീവിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു ആധുനിക വനിതയുടെ പ്രചരണം.
സർ സിപിയുടെ അതിക്രമങ്ങൾക്കെതിരെ കടുത്തഭാഷയിൽ പ്രതികരിച്ചതിനാൽ പ്രസിദ്ധീകരണങ്ങള്‍ക്ക് പിടിച്ചുനിൽക്കാനായില്ല. തനിക്കനുകൂലമായി എഴുതിയാൽ ജപ്പാനിൽ നിന്നുള്ള ആധുനിക പ്രിന്റിങ് മെഷീൻ വാങ്ങിത്തരാമെന്ന വാഗ്ദാനം നിരസിച്ചതിനാൽ ഭർത്താവിന്റെ ടീച്ചിങ് ലൈസൻസ് സർ സിപി റദ്ദാക്കി. മധ്യകേരളത്തിലെ അന്നത്തെ എഴുത്തുപ്രമാണിമാർ സിപിയുടെ ആജ്ഞാനുവർത്തികളായി ഓച്ഛാനിച്ചു നിന്നപ്പോഴും ഹലീമാ ബീവി ധൈര്യസമേതം തന്റെ അച്ചുകൂടങ്ങളെ ചലിപ്പിക്കാൻ പാതിരാത്രിയിലും പ്രസിലെത്തിയിരുന്നുവെന്നാണ് ചരിത്രം. മലയാള മനോരമ പത്രം അടച്ചുപൂട്ടിയ സമയത്ത് കെ എം മാത്യുവിന് ലഘുലേഖകൾ അച്ചടിച്ചുകൊടുത്തതിന്റെ പേരിൽ പൊലീസ് പീഡനങ്ങൾ ഏറി. അതോടെയാണ് ‘ഭാരത ചന്ദ്രിക’ വാരിക കടുത്ത സാമ്പത്തിക വെല്ലുവിളി നേരിട്ടത്. പത്രവും പ്രസും അന്യാധീനപ്പെടുന്ന അവസ്ഥയുണ്ടായപ്പോൾ വീടും പറമ്പും വിറ്റ് കടം വീട്ടുകയാണ് ചെയ്തത്.
1938ൽ തിരുവല്ലയിൽ സംഘടിപ്പിച്ച കേരള ചരിത്രത്തിലെ ആദ്യ മുസ്ലിം വനിതാ സമ്മേളനത്തിലാണ് അഖില തിരുവിതാംകൂർ മുസ്ലിം മഹിളാ സമാജം രൂപീകരിക്കപ്പെട്ടത്. ഹലീമാബീവിയുടെയും മറ്റും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രസ്തുത സമ്മേളനവും സംഘടനയും അന്നത്തെ സാമൂഹ്യാന്തരീക്ഷത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. 200ഓളം സ്ത്രീകളെ പങ്കെടുപ്പിച്ച് ഒരു സമ്മേളനം നടത്താൻ അക്കാലത്ത് ഹലീമാബീവിക്ക് സാധിച്ചു. സമ്മേളനത്തെ തുടർന്ന് തിരുവല്ല കേന്ദ്രമാക്കി രൂപംകൊണ്ട വനിതാ സമാജത്തിന്റെ ആദ്യ പ്രസിഡന്റും ഹലീമയായിരുന്നു.
ഗ്രാമത്തിൽ മതപ്രബോധനം നടക്കുമ്പോൾ ഒരു മതപണ്ഡിതൻ വിദ്യാഭ്യാസത്തിന് സ്വന്തം നിർവചനം നൽകിയതിനെ ഹലീമാ ബീവിയും സുഹൃത്തുക്കളും സദസിൽ എഴുന്നേറ്റു നിന്ന് ചോദ്യം ചെയ്തു. തങ്ങള്‍ക്ക് പറയാനുള്ളതെല്ലാം പറഞ്ഞ് സ്ത്രീകളുടെ ആ സംഘം ഇറങ്ങിപ്പോവുകയും ചെയ്തു.
ഇസ്ലാം മതം ശരിയായി പ്രസംഗിക്കാൻ കഴിയുന്നവരെക്കൊണ്ട് അടുത്ത ദിവസം അതേ സ്ഥലത്ത് പ്രസംഗിപ്പിക്കുമെന്ന് പോകുന്നതിന് മുമ്പ് ബീവി വെല്ലുവിളിച്ചു. തൊട്ടടുത്ത ദിവസം മുതൽ കെ എം മുഹമ്മദ് മൗലവി, അസ്ലം മൗലവി, എം അബ്ദുൾ സലാം തുടങ്ങിയവർ അവിടെ പ്രസംഗിച്ചു. ഈ സംഭവം കേരള മുസ്ലിം ചരിത്രത്തിൽ വലിയ സ്വാധീനം ചെലുത്തി. ഏതര്‍ത്ഥത്തിലും കേരളത്തിലെ മുസ്ലീം സമുദായത്തിലെ സ്ത്രീ മുന്നേറ്റത്തിന്റെ തന്നെ പ്രതീകമായ ഹലീമ ബീവി, രണ്ടായിരത്തിൽ 82-ാം വയസില്‍ അന്തരിച്ചു.