രാജ്യത്തെ ഒരു നഗരത്തിലുള്ള മുഴുവൻ ജനങ്ങളും ഒരൊറ്റ കെട്ടിടത്തിൽ താമസിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അങ്ങനെയൊരുകാര്യം സംഭവ്യമാണോ എന്ന് തോന്നുക സ്വാഭാവികം. ഒരു കുടുംബത്തിനുപോലും ഒരു വീട്ടിൽ കിടന്നുറങ്ങാൻ കഴിയാത്ത ഇന്നത്തെക്കാലത്ത് ഒരു നഗരത്തിലെ മൊത്തം ജനങ്ങളും ഒരൊറ്റ കെട്ടിടത്തിൽ താമസിക്കുന്നുവെന്ന് പറഞ്ഞാൽ എങ്ങനെ വിശ്വസിക്കാൻ സാധിക്കും.
എന്നാൽ അങ്ങനെയൊരു കെട്ടിടമുണ്ട്! അമേരിക്കയിലാണ് വിചിത്രമായ ഈ നഗരമുള്ളത്. അലാസ്കയിലെ മഞ്ഞുപ്രദേശമായ വിറ്റിയറിലെ ജനങ്ങളാണ് ഒരു കെട്ടിടത്തിൽ ഒത്തൊരുമയോടെ കഴിഞ്ഞുപോരുന്നത്. ബെഗിച് ടവർ എന്നാണ് ഈ കെട്ടിടത്തിന്റെ പേര്.
അലാസ്കയിലെ ആങ്കറേജിൽ നിന്ന് 60 മൈൽ തെക്കുകിഴക്കായിട്ടാണ് വിറ്റിയറിലെ പട്ടണം സ്ഥിതി ചെയ്യുന്നത്. വീടുകളും സ്കൂളും പോസ്റ്റ് ഓഫീസും കടകളും തുടങ്ങി പൊലീസ് സ്റ്റേഷൻ വരെ ഈ ഒറ്റകെട്ടിടത്തിനുള്ളിൽ ഇവർ സജ്ജീകരിച്ചിരിക്കുന്നു. മെഡിക്കൽ ക്ലിനിക്കും കെട്ടിടത്തിനുള്ളിലെ താഴത്തെ നിലയിൽ ഒരു ആരാധനാലയവുമുണ്ട്. അതായത് ഉപ്പുതൊട്ട് കർപ്പൂരം വരെ ഈ കെട്ടിടത്തിനുള്ളിൽ ആണെന്ന് സാരം.
ആദ്യം സൈനിക താവളമായിരുന്ന ഇവിടെ പിന്നീടാണ് ജനങ്ങൾ താമസമാക്കാൻ തുടങ്ങിയത്. അതിനുപിന്നിൽ ചെറുതല്ലാത്ത ഒരു ചരിത്രമുണ്ട്. നിറയെ ആളുകൾ താമസിച്ചിരുന്ന ഈ നഗരം 1964ലെ ഭൂകമ്പത്തോടെ തകർന്നിരുന്നു. പട്ടണം ഉപേക്ഷിച്ച് മറ്റു നഗരങ്ങളിലേക്ക് ആളുകൾ കുടിയേറി പാർക്കാൻ തുടങ്ങിയെങ്കിലും കുറച്ച് പേർ മാത്രം, അവശേഷിച്ച സമ്പാദ്യവുമായി തകർന്ന ഈ പട്ടണത്തിൽ നിന്ന് ചെലവ് കുറച്ച് ജീവിക്കാൻ ബെഗിച് ടവറിലേക്ക് താമസം മാറി.
അതേസമയം ജനങ്ങൾ ഒരുമിച്ച് താമസിക്കുന്നതിന് മറ്റൊരു കാരണവും പറയപ്പെടുന്നുണ്ട്. അതിശൈത്യം അനുഭവപ്പെടുന്ന ഇടമായതിനാൽ പ്രത്യേകം ഹീറ്ററുകൾ പ്രവർത്തിപ്പിക്കാനുള്ള സാമ്പത്തിക ശേഷി ഇവിടെയുള്ളവർക്ക് ഇല്ല അതുകൊണ്ടാണ് ഇവിടെയുള്ള ഒരു കെട്ടിടത്തിന് കീഴിൽ എല്ലാവരും കഴിയുന്നത് എന്നും പറയുന്നു. എന്നാൽ ഇവിടേക്ക് എത്തപ്പെടാൻ അത്ര എളുപ്പമല്ല. ബോട്ട് മാർഗമോ അല്ലെങ്കിൽ നാല് കിലോമീറ്റർ ദൈർഘ്യമുള്ള വൺവേ ടണലിലൂടെയോ മാത്രമേ ഇവിടെ എത്തിച്ചേരാൻ സാധിക്കുകയുള്ളു. ഏഴ് മുതൽ 10വരെയാണ് ടണൽ മാർഗമുള്ള ഗതാഗതമുള്ളത്. പട്ടണത്തിന് പുറത്തേക്ക് പോകേണ്ടവർ ടണൽ സർവീസിന്റെ സമയം അനുസരിച്ച് യാത്രകൾ പ്ലാൻ ചെയ്യണമെന്ന് അർഥം. ടണൽ വഴിയാണ് ട്രെയിൻ യാത്രയുമെന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.
നിലവിൽ 300ഓളം ആളുകൾ ഈ പട്ടണത്തിലുണ്ടെന്ന് അധികൃതർ പറയുന്നു. അവരിൽ 85 ശതമാനം പേരും ഒരു കൂരയ്ക്ക് കീഴിൽ കഴിയുന്നു. സ്കൂളിലേക്ക് പോകാൻ ഒരു ഇടനാഴിയുടെ ദൂരം മാത്രമാണ് ഇവർക്കുള്ളത്. കോണിപ്പടികളെ ആശ്രയിച്ചാലും ആശുപത്രികളിലേക്കും സ്കൂളുകളിലേക്കും നിമിഷ നേരം കൊണ്ട് എത്തിച്ചേരാൻ സാധിക്കും…
ഒരു കെട്ടിടമാണെങ്കിൽക്കൂട്ടി മറ്റെല്ലാ നഗരങ്ങളിലെയുംപോലെ എല്ലാ വിനോദോപാധികളും ഇവിടെയുണ്ട്. കുട്ടികൾക്ക് വേണ്ടി കെട്ടിടത്തിന്റെ ബേസ്മെന്റും ലോബിയും കളിയിടങ്ങളാക്കി. മഞ്ഞു മലകൾക്കിടയിലൂടെ ഹൈക്കിങ്ങും സ്കീയിങ്ങിനുമൊക്കെയായി സന്തോഷത്തോടെതന്നെ ഇവിടത്തെ ജനത കഴിഞ്ഞുപോരുന്നു. ഒരു കെട്ടിടത്തിലാണെങ്കിലും നിരവധി വിശ്വാസപ്രമാണങ്ങളും നിലപാടുകളുമുള്ള നിരവധി സമൂഹങ്ങൾ ഇവിടെയുണ്ട് എന്നത് എടുത്തുപറയേണ്ട സവിശേഷത തന്നെയാണ്. ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം എന്ന പഴമൊഴി, അന്വർത്ഥമാക്കുന്ന വിറ്റിയറിലെ ജനങ്ങൾ അധികാരമോഹത്തിൽ തമ്മിൽത്തല്ലുന്ന ലോകരാജ്യങ്ങൾക്ക് മികച്ച ഒരു മാതൃകയാണ്.