ഐസിസി ടി20 ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തിന് ഇഞ്ചോടിഞ്ച് പോരാട്ടം. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമും ഇന്ത്യന്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവുമാണ് ഒന്നാം സ്ഥാനത്തിന് വേണ്ടി രംഗത്തുള്ളത്. നിലവില്‍ ബാബര്‍ ആണ് ആദ്യ സ്ഥാനത്ത്. സൂര്യകുമാര്‍ രണ്ടാം സ്ഥാനത്തും. സൂര്യക്കു ബാബറിനെ പിന്തളളി ഒന്നാം റാങ്കിലേക്കു കയറാന്‍ മികച്ചൊരു അവസരമുണ്ടായിരുന്നു. പക്ഷെ വെസ്റ്റിന്‍ഡീസുമായുള്ള അഞ്ചാമത്തെയും അവസാനത്തെയും കളിയില്‍ അദ്ദേഹത്തിനു ഇന്ത്യ വിശ്രമം നല്‍കിയതോടെ ഈ പ്രതീക്ഷ മങ്ങുകയായിരുന്നു. റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നീ ഇന്ത്യന്‍ താരങ്ങള്‍ നേട്ടമുണ്ടാക്കി. ശ്രേയസ് ആറ് സ്ഥാനം മെച്ചപ്പെടുത്തി 19-ാം റാങ്കിലെത്തി. ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ പന്ത് 59-ാം റാങ്കിലാണ്.
വെസ്റ്റിന്‍ഡീസുമായി നടന്ന ടി20 പരമ്പരയില്‍ പുതിയ റോളായിരുന്നു സൂര്യകുമാര്‍ യാദവിനു ടീം മാനേജ്‌മെന്റ് നല്‍കിയത്. സ്ഥിരം പൊസിഷനായ മധ്യനിരയ്ക്കു പകരം ഓപ്പണിങ്ങിലാണ് അദ്ദേഹം പരീക്ഷിക്കപ്പെട്ടത്. ഒരു അര്‍ധസെഞ്ചുറിയടക്കം നേടി സൂര്യ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. കഴിഞ്ഞ റാങ്കിങ് പുറത്തുവന്നപ്പോള്‍ രണ്ട് പോയിന്റായിരുന്നു ബാബറിന് സൂര്യയുമായുള്ള വ്യത്യാസം. ഇപ്പോള്‍ 13 പോയിന്റാക്കി ഉയര്‍ത്താന്‍ അസമിനായി. 818 പോയിന്റാണ് അസമിന്. സൂര്യ 805 പോയിന്റോടെ രണ്ടാമത്.
ടി20 ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ യുവ സ്പിന്നര്‍ രവി ബിഷ്‌നോയ് വന്‍ കുതിച്ചുചാട്ടമാണ് നടത്തിയത്. എട്ടു വിക്കറ്റുകളുമായി പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം വിക്കറ്റെടുത്ത ബൗളറായി താരം മാറിയിരുന്നു. റാങ്കിങ്ങില്‍ 50 സ്ഥാനങ്ങളാണ് ബിഷ്‌നോയ് മുന്നേറിയിരിക്കുന്നത്. ഇതോടെ 44-ാം റാങ്കിലെത്തിയിരിക്കുകയാണ് 21 കാരനായ സ്പിന്നര്‍.
English Summary: A close fight for the first place in the ICC T20 batting rankings
You may also like this video