Site iconSite icon Janayugom Online

ആരോഗ്യ സുരക്ഷാ പദ്ധതികളിലെ പ്രതിസന്ധി

ഐക്യരാഷ്ട്രസഭ ജനസംഖ്യാ ഫണ്ടിന്റെ അഭിപ്രായത്തില്‍ 2050ആകുമ്പോഴേക്ക് ഇന്ത്യയില്‍ പ്രായം ചെന്നവരുടെ തോത് ഇരട്ടിയായി മാറും. ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യാതിരുന്നാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുമെന്നാണ് ആശങ്ക. ഇത്തരമൊരു പശ്ചാത്തലം കണക്കിലെടുത്തായിരിക്കണം കേന്ദ്ര ഭരണകൂടം പ്രധാനമന്ത്രി ജന ആരോഗ്യ പദ്ധതിയുടെ ഭാഗമായ ആയുഷ്മാന്‍ ഭാരത് സംവിധാനത്തിന്റെ വ്യാപ്തി വരുമാനനിലവാരം കണക്കിലെടുക്കാതെതന്നെ 70വയസ് പൂര്‍ത്തിയാക്കിയവര്‍ക്കെല്ലാം പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ട് പ്രമുഖ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഡല്‍ഹിയും പശ്ചിമബംഗാളും പദ്ധതിയുടെ തുടക്കം മുതല്‍ പിഎംജെഎവൈയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനമെടുത്തത് ഏത് കാരണത്തിന്റെ പേരിലാണെന്ന് വ്യക്തമല്ല. ഈ രണ്ട് സംസ്ഥാനങ്ങളിലും പ്രായം ചെന്നവര്‍ ജനസംഖ്യയുടെ എട്ടു മുതല്‍ 11ശതമാനം വരെയാണുതാനും. ഡല്‍ഹി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രിമാരുടെ അവകാശവാദം, കേന്ദ്ര പദ്ധതിയുടേതിലുമേറെ ആനുകൂല്യങ്ങളാണ് പ്രായം ചെന്നവര്‍ക്ക് ഇപ്പോള്‍തന്നെ ലഭ്യമാക്കുന്നതെന്നാണ്. അതേയവസരത്തില്‍ തന്നെ, കേന്ദ്രത്തിലെ ബിജെപി — എന്‍ഡിഎ ഭരണത്തെ തുടക്കം മുതല്‍ നഖശിഖാന്തം എതിര്‍ത്തുവന്നിട്ടുള്ള കേരളത്തിലെയും തമിഴ്‌നാട്ടിലെയും സര്‍ക്കാരുകള്‍ മോഡി സര്‍ക്കാരിന്റെ പദ്ധതിയില്‍ നിന്നും വിട്ടുനില്‍ക്കാനല്ല തീരുമാനിച്ചിട്ടുള്ളതെന്ന് ശ്രദ്ധേയമാണ്. ഈ രണ്ടു സംസ്ഥാനങ്ങളിലും പ്രാദേശിക പദ്ധതികളുടെ മേന്മയെപ്പറ്റി ചില സംശയങ്ങള്‍ നിലവിലുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യവും കൂടി ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് പ്രതിബന്ധമായ നിലപാടല്ല സ്വീകരിച്ചിട്ടുള്ളതെന്നത് വ്യക്തമാണ്. ഗുണഭോക്താക്കള്‍ക്ക് വ്യത്യസ്തമായ രണ്ട് പദ്ധതികളും പരിശോധിച്ചതിനുശേഷം യുക്തമായ തീരുമാനത്തിലെത്താന്‍ അവസരം ലഭിക്കുന്നു. പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപവരെയുള്ള ആരോഗ്യ സുരക്ഷ ഓരോ കുടുംബത്തിനും സമൂഹത്തിലെ 40ശതമാനം വരെയുള്ള ജനങ്ങള്‍ക്ക് ബാധകമാക്കാന്‍ പോന്നവിധം സാമ്പത്തിക അവശത മാത്രം അടിസ്ഥാനമാക്കി ലഭ്യമാക്കുകയാണ് പദ്ധതി. ഇതില്‍ പ്രായമോ ആരോഗ്യ സുരക്ഷ പ്രാഥമികമോ, ദ്വിതീയമോ അതിലും മെച്ചപ്പെട്ടതോ എന്ന പരിഗണനകളൊന്നും ബാധകമാക്കാന്‍ പാടില്ല. സര്‍ക്കാരിന്റെ അവകാശവാദം ഇത്തരം ആരോഗ്യ സുരക്ഷാ കവറേജ് സമൂഹത്തിലെ 56ശതമാനം പേര്‍ക്കും ഇപ്പോള്‍ ലഭിക്കുന്നുണ്ടെന്നാണ്. നിലവിലുള്ള പദ്ധതിതന്നെയാണ് പുതുക്കിയ നിലയില്‍ മോഡി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതത്രെ. ഇതിലൂടെ 70വയസോ അതിലേറെയോ പ്രായമായ മുതിര്‍ന്ന പൗരന്മാര്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ സുരക്ഷാ സൗകര്യങ്ങള്‍ ലഭ്യമാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. രാജ്യത്താകമാനമുള്ള 45ദശലക്ഷം കുടുംബങ്ങളിലെ 60ദശലക്ഷം മുതിര്‍ന്ന പൗരന്മാര്‍ക്ക് ഗുണകരമായിത്തീരുമെന്നാണ് പ്രതീക്ഷ. അതേയവസരത്തില്‍ നിര്‍ദിഷ്ട പദ്ധതിയുടെ നടത്തിപ്പ് കുറ്റമറ്റതാക്കിത്തീര്‍ക്കാന്‍ നിരവധി പ്രായോഗിക വെല്ലുവിളികള്‍ ഏറ്റെടുക്കേണ്ടിവരുമെന്ന ആശങ്കയും അധികൃതര്‍ക്കുണ്ട്. അധികൃത സംസ്ഥാനത്തുള്ളവര്‍ മുന്‍കൂട്ടിക്കാണുന്ന പ്രതിസന്ധി, ആശുപത്രി സൗകര്യങ്ങളടക്കമുള്ള ആന്തരഘടനാ സൗകര്യങ്ങളുടെ ദൗര്‍ലഭ്യമാണ്. നിലവിലുള്ള സൗകര്യങ്ങളില്‍ ശരാശരി നിലവാരം പുലര്‍ത്തുന്നതിലേറെയും സ്വകാര്യമേഖലയിലുള്ളവയാണ്. നിലവിലുള്ള 30,000ആശുപത്രികളില്‍ 13,582 എണ്ണവും സ്വകാര്യ മേഖലയിലാണ്. പുതുക്കിയ പദ്ധതിയില്‍ ഉള്‍പ്പെടാത്തവരെക്കൂടി ഗുണഭോക്താക്കളായി പരിഗണിക്കേണ്ടിവരുമ്പോള്‍ പ്രശ്നം കൂടുതല്‍ ഗുരുതരമാവുമെന്നതില്‍ സംശയമില്ലല്ലോ. കേന്ദ്ര സര്‍ക്കാര്‍ ഒട്ടേറെ കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതി നടത്തിപ്പിന്റെ അനുഭവമാണ് ഈ അപര്യാപ്തതകള്‍ വെളിവാക്കിയത്. മാത്രമല്ല, അപര്യാപ്തമാണെന്ന് ബോധ്യപ്പെട്ട ഈ വിധത്തിലുള്ള ആന്തരഘടനാ സൗകര്യങ്ങള്‍ തന്നെ വിവിധ സംസ്ഥാനങ്ങള്‍ക്കിടയില്‍ തുല്യമായോ നീതിയുക്തമായോ അല്ല ലഭ്യമാകുന്നത്. കേന്ദ്ര സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭരണഘടനാ സ്ഥാപനമായ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഞെട്ടിക്കുന്ന വിവരം, ഒരു ലക്ഷം പേര്‍ക്കായി നിരവധി സംസ്ഥാനങ്ങളില്‍ നിന്നും കിട്ടുന്നത് രണ്ടു മുതല്‍ 10വരെ ആരോഗ്യ കേന്ദ്രങ്ങളുടെ സംരക്ഷണം മാത്രമാണെന്നാണ്. വരവു ചെലവ് കണക്കുകള്‍ തമ്മില്‍ ബാലന്‍സ് ചെയ്യുന്നതിന് നന്നേ ഞെരുക്കം നേരിട്ടുവരുന്ന ചെറുതും ഇടത്തരവുമായ ആരോഗ്യ കേന്ദ്രങ്ങള്‍ പലതും അടച്ചുപൂട്ടലിന്റെ ഘട്ടത്തില്‍വരെ എത്തിനില്ക്കുകയുമാണ്. ഇവയുടെ ചുമലിലേക്കാണ് പുതുക്കിയ പദ്ധതിയുടെ അധികഭാരം കൂടി അടിച്ചേല്പിക്കപ്പെടുന്നത്. പദ്ധതിയുടെ ധനകാര്യ മാനേജ്മെന്റിന്റെ പ്രായോഗികമായ സങ്കീര്‍ണതയും പ്രത്യേകം പരിഗണിക്കേണ്ടതാണ്. മറ്റ് ആരോഗ്യ സുരക്ഷാ പദ്ധതികളില്‍ നിന്നും വേറിട്ട്, പിഎംജെഎവൈ പദ്ധതിക്കുണ്ടെന്ന് അവകാശപ്പെടുന്നത് സ്വന്തം നിലയില്‍ രോഗികള്‍ക്ക് ചെലവാക്കേണ്ടിവരുന്ന പണത്തിന്റെ തോതിലെ കുറവാണ്. ഈ നേട്ടമാണ് പുതുക്കിയ പദ്ധതിയിലൂടെ ഭാഗികമായെങ്കിലും നഷ്ടപ്പെടുന്നത്. പദ്ധതിയില്‍ കവറേജ് വര്‍ധിച്ചിട്ടുണ്ടെങ്കിലും ഔഷധം അടക്കമുള്ള മറ്റ് ചെലവുകളുടെ ആനുകൂല്യം ഭാഗികമായി നിഷേധിക്കപ്പെട്ടു എന്നതാണ് പുതിയ വെല്ലുവിളി. ജീവന്‍രക്ഷാ മരുന്നുകള്‍ അടക്കമുള്ളവയുടെ അനിയന്ത്രിതമായ വിലക്കയറ്റവും പ്രശ്നത്തെ കൂടുതല്‍ ഗുരുതരമാക്കിയിരിക്കുന്നു. സര്‍ക്കാര്‍ ചികിത്സാ കേന്ദ്രങ്ങള്‍ക്കുപുറമെ മെച്ചപ്പെട്ട പരിശോധനകള്‍ക്കും ചികിത്സാ സൗകര്യങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുക എന്നതും പ്രായോഗികമല്ല. നിലവില്‍ സര്‍ക്കാര്‍ പ്രത്യേകം കണ്ടെത്തിയ സ്വകാര്യ സ്ഥാപനങ്ങളും ഡോക്ടര്‍മാരും നിജപ്പെടുത്തിയിരിക്കുന്ന നിരക്കുകളില്‍ അതൃപ്തി രേഖപ്പെടുത്തുകയും സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള ചികിത്സാ പദ്ധതികളില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്യുന്നുണ്ട്. ഇതിനുപുറമെ തുക കൃത്യമായി സര്‍ക്കാരില്‍ നിന്നും കിട്ടാതെവരികയും ചെയ്യുന്നതിനാല്‍ സ്വകാര്യ ഡോക്ടര്‍മാരും ചികിത്സാ കേന്ദ്രങ്ങളും പദ്ധതികളില്‍ നിന്നും സ്വയം ഒഴിഞ്ഞുപോവുകയുമാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പഞ്ചാബ് സംസ്ഥാന ഘടകം നിര്‍ദിഷ്ട പദ്ധതിയില്‍ നിന്നും പിന്മാറാനുള്ള തീരുമാനം ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാരില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ക്ക് 600കോടി രൂപയോളമാണ് കുടിശികയായി കിട്ടാനുള്ളത്. ഇത് കിട്ടിയാല്‍ മാത്രമേ സ്വകാര്യ മാനേജ്മെന്റിന്റെ പങ്കാളിത്തം സാധ്യമാകൂ എന്ന ഉറച്ച നിലപാടിലാണ് സംഘടന. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി തുടക്കമിട്ട ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപിനെതിരെ വിമര്‍ശനം ഉയരുമ്പോള്‍ അതിനെതിരെ ശബ്ദിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് സര്‍ക്കാരും സര്‍വീസ് — പെന്‍ഷന്‍ സംഘടനകളും. നിലവിലുള്ള ഈ പദ്ധതിയുടെ ഭാഗമെന്ന നിലയില്‍ ഗുണഭോക്താക്കളാകേണ്ടവര്‍ 30ലക്ഷം പേരാണ്. 2024ഒക്ടോബര്‍ വരെ 7.75ലക്ഷം ക്ലെയിമുകള്‍ കിട്ടിയിട്ടുമുണ്ട്. ചികിത്സയ്ക്കായി നല്‍കിയ തുക 1519.58കോടി രൂപയും. നിലവില്‍ ഏറ്റവും കുറഞ്ഞ പ്രീമിയമുള്ള ആരോഗ്യ പരിരക്ഷാ പദ്ധതിയാണിതെങ്കിലും പ്രയോജനം നേടിയെടുക്കുക ശ്രമകരമായൊരു അഭ്യാസംതന്നെയാണ്. മെഡിസെപ് നിര്‍ബന്ധമാക്കപ്പെടുമായിരുന്നില്ലെങ്കില്‍ അതിന്റെ ഗുണഭോക്താക്കളില്‍ ബഹുഭൂരിഭാഗവും മുന്‍കാല നിശ്ചിത പ്രതിമാസ മെഡിക്കല്‍ അലവന്‍സായ 500രൂപകൊണ്ട് തൃപ്തിപ്പെടുമായിരുന്നു. ഈ ഘട്ടത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ വക ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി വരുന്നത്. കേരളത്തിലാണെങ്കില്‍ 70വയസ് പൂര്‍ത്തിയായവര്‍ 26ലക്ഷം പേര്‍ വരുമെന്നിരിക്കെ ഇവരെല്ലാം നിര്‍ദിഷ്ട പദ്ധതിക്കു കീഴില്‍ വരികയും ചെയ്യും. ഇതേത്തുടര്‍ന്നുണ്ടാകുമെന്ന് കരുതപ്പെടുന്ന അധിക ബാധ്യതയുടെ 60ശതമാനം കേന്ദ്ര സര്‍ക്കാരും 40ശതമാനം കേരള സംസ്ഥാന സര്‍ക്കാരുമായിരിക്കും വഹിക്കേണ്ടിവരിക. നമ്മെ സംബന്ധിച്ചിടത്തോളം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്‌പ്)യിലൂടെ വന്നുചേരുന്ന സാമ്പത്തിക ബാധ്യതതന്നെ താങ്ങാനാവാത്ത വിധത്തിലെത്തിനില്‍ക്കുന്ന സാഹചര്യമാണ്. അതിനിടയിലാണ് പുതിയ പദ്ധതിയിലൂടെ വന്നുചേരുന്ന 40ശതമാനം അധിക ബാധ്യതകൂടി ഏറ്റെടുക്കേണ്ടിവരിക. കാസ്‌പിന്റെ ആനുകൂല്യം സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് മാത്രമാണെന്നിരിക്കെ പുതിയ കേന്ദ്ര ബാധ്യതകൂടി ചേരുമ്പോള്‍ ഇത് 70വയസ് കവിഞ്ഞവരെയെല്ലാം ഉള്‍ക്കൊള്ളുന്ന ഒന്നായി മാറുകയും ചെയ്യുക. പുതുക്കിയ പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ അര്‍ഹരായ ഒമ്പത് ലക്ഷം പേര്‍ക്ക് നിലവിലുള്ള പദ്ധതിയില്‍ അഞ്ചു ലക്ഷം രൂപയുടെ അധിക ആനുകൂല്യംകൂടി ലഭ്യമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. മാത്രമല്ല, സാമൂഹ്യ – സാമ്പത്തിക പിന്നാക്കാവസ്ഥ പരിഗണിക്കാതെ 70വയസ് കഴി‍ഞ്ഞ മുഴുവന്‍ പേര്‍ക്കും പുതിയ പദ്ധതിയുടെ കവറേജില്‍ ഗുണം കിട്ടും. പദ്ധതിയേതര ധാരാളിത്ത ചെലവുകള്‍ പരമാവധി കുറയ്ക്കുകയും ഒഴിവാക്കുകയും ചെയ്താല്‍ പോലും കേരളം പോലൊരു സംസ്ഥാനത്തിന് പുതുക്കിയ പദ്ധതിയുമായി മുന്നോട്ടുനീങ്ങാന്‍ സാധ്യമാവില്ല. മാത്രമല്ല, പുതുക്കിയ പദ്ധതിക്കുള്ള വാര്‍ഷിക പ്രീമിയം തുകയായി കേന്ദ്രം നിജപ്പെടുത്തിയിരിക്കുന്ന 1,050രൂപ ഒട്ടും പര്യാപ്തമല്ലെന്നും കേരള സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. പ്രീമിയം 4,000രൂപവരെയെങ്കിലുമാക്കി ഉയര്‍ത്താന്‍ കേന്ദ്രം തയ്യാറാകുന്നതിനു പുറമെ അധിക ബാധ്യതയുടെ 60ശതമാനം വഹിക്കാന്‍കൂടി മോഡി സര്‍ക്കാര്‍ സന്നദ്ധമാകണമെന്നാണ് കേരളത്തിന്റെ നിലപാട്. ഇതിനു വഴങ്ങാന്‍ കേന്ദ്രം‍ സന്നദ്ധമായേക്കില്ല. കാരണം, സമാനമായ ആവശ്യം ഇതര സംസ്ഥാനങ്ങളും ഉയര്‍ത്തുമെന്നത് ഉറപ്പാണല്ലോ. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും­ പെ­ന്‍­ഷന്‍കാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഏല്പിക്കുന്ന ആഘാതം നിസാരമല്ല. ക്ഷാമാശ്വാസ കുടിശിക ഇനത്തില്‍ തന്നെ ആറര ലക്ഷം പെന്‍ഷന്‍കാര്‍ക്ക് ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ 13,800രൂപ മുതല്‍ 1,00,080രൂപവരെയുള്ളവര്‍ക്ക് 40മാസത്തെ കുടിശികയായി കിട്ടേണ്ടതാണ്. ഈ തുക എന്ന് കിട്ടുമെന്നതിന് യാതൊരുവിധ ഉറപ്പുമില്ല. ഡിഎ കുടിശിക നല്‍കാത്തപക്ഷം പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ അക്കൗണ്ടിലേക്കുള്ള സര്‍ക്കാര്‍ വിഹിതം ഉള്‍പ്പെടെയുള്ള തുക നഷ്ടപ്പെടുമെന്നതാണ് അവസ്ഥ. ഇതിനര്‍ത്ഥം, മെഡിക്കല്‍ ഇന്‍ഷുറന്‍സ് വഴിയുള്ള ആരോഗ്യ സുരക്ഷയ്ക്കു പുറമെ, നിലവില്‍ ലഭ്യമായിരുന്ന പ്രതിമാസ മെഡിക്കല്‍ അലവന്‍സുകൂടി നഷ്ടമാകുന്ന അവസ്ഥാ വിശേഷമായിരിക്കും വന്നുചേരുക എന്നുതന്നെയാണ്.

Exit mobile version