Site iconSite icon Janayugom Online

ഉത്തരവാദിത്ത വിനോദസഞ്ചാരത്തിൽ ആഗോള മാതൃക

വിനോദസഞ്ചാരരംഗത്ത് കേരളം വലിയൊരു കുതിച്ചുചാട്ടത്തിന്റെ പാതയിലാണ്. ഉത്തരവാദിത്ത ടൂറിസത്തിലെ പങ്കാളിത്ത രാജ്യങ്ങളുടെ ആഗോള ഉച്ചകോടി ഈ കുതിച്ചുചാട്ടത്തിന് കൂടുതൽ കരുത്തും ദിശാബോധവും നല്കുന്നു. കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസത്തെ അന്താരാഷ്ട്രസമൂഹം ഇതിനോടകം അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇന്റർനാഷണൽ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസം സംഘടിപ്പിക്കുന്ന ആഗോള ഉച്ചകോടിയുടെ ആദ്യവേദിയാകാൻ കേരളത്തിന് സാധിച്ചതുതന്നെ വലിയൊരു അംഗീകാരമാണ്. ആഗോള വിനോദസഞ്ചാരരംഗത്തെ പ്രധാനികളിലൊരാളും വിവിധ ട്രേഡ് ഷോകളുടെ അഡ്വൈസറുമായ ഹാരോൾഡ് ഗുഡ്വിൻ തയ്യാറാക്കിയ 2022ലെ കേപ്‌ടൗൺ പ്രഖ്യാപനത്തെ അടിസ്ഥാനമാക്കിയാണ് ഇന്ന് ലോകമെമ്പാടും ഉത്തരവാദിത്ത വിനോദസഞ്ചാരം വളരുന്നത്. അതിന്റെ ചുവടുപിടിച്ചാണ് കേരളവും ഇത്തരമൊരു ഉച്ചകോടിക്ക് വേദിയായത്.

സുസ്ഥിര വിനോദസഞ്ചാരവും ഉത്തരവാദിത്ത വിനോദസഞ്ചാരവുമാണ് ഇന്ന് ലോകം അംഗീകരിച്ചിട്ടുള്ള രണ്ട് രീതികള്‍. സമൂഹത്തിനും സ്ഥലങ്ങൾക്കും സുസ്ഥിര വികസനം ഉറപ്പാക്കുകയാണ് ആദ്യത്തേതിന്റെ ലക്ഷ്യമെങ്കിൽ സുസ്ഥിരതയിലേക്കുള്ള സഞ്ചാരത്തിൽ സമൂഹമെന്ന നിലയിൽ നാം പുലർത്തേണ്ട ഉത്തരവാദിത്തങ്ങൾ ഉറപ്പാക്കുകയാണ് ഉത്തരവാദിത്ത വിനോദസഞ്ചാരം ചെയ്യുന്നത്. ഉല്പാദകരെന്ന നിലയിലും ഉപഭോക്താക്കളെന്ന നിലയിലും സുസ്ഥിര വിനോദസഞ്ചാരമെന്ന ആഗ്രഹസാഫല്യത്തിനുള്ളതാണ് ഉത്തരവാദിത്ത ടൂറിസം. സാമ്പത്തികം, സാമൂഹികം, പാരിസ്ഥിതികം എന്നീ മൂന്ന് തൂണുകളിലാണ് ഇത് നിലനിൽക്കുന്നത്. വിനോദസഞ്ചാരത്തെ ഉപയോഗപ്പെടുത്തി പ്രാദേശികജനതയ്ക്ക് ജീവിക്കാൻ പറ്റിയരീതിയിലും പുറത്തുള്ളവർക്ക് സന്ദർശിക്കാൻ പറ്റിയരീതിയിലും അതതുസ്ഥലങ്ങളുടെ പാരിസ്ഥിതിക സാധ്യതകൾ നശിക്കാതെയും, പരമാവധി ഉപയോഗപ്പെടുത്തിയും സജ്ജമാക്കുന്ന പ്രവർത്തനം അതിഥികളുടേയും ആതിഥേയരുടേയും കൂട്ടായ്മ കൂടിയാണ്.


ഇതുകൂടി വായിക്കൂ: ടൂറിസം മേഖലയില്‍ ലാഭത്തിന്റെ ചിറകടി


ഉത്തരവാദിത്ത ടൂറിസത്തെപ്പറ്റിയുള്ള ചർച്ചകൾ രണ്ടു പതിറ്റാണ്ടിനു മുമ്പ് തുടങ്ങിയെങ്കിലും തുടക്കത്തിൽ കേരളത്തിന് പഠിക്കാനോ കൂടിയാലോചിക്കാനോ പ്രായോഗിക മാതൃകകളൊന്നും ഉണ്ടായിരുന്നില്ല. കോവളം (ബീച്ച്), കുമരകം (കായൽ). തേക്കടി (വന്യജീവിസങ്കേതം), വയനാട് (ഹിൽസ്റ്റേഷൻ) എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഉത്തരവാദിത്ത ടൂറിസം നടപ്പാക്കാൻ 2008ൽ കേരള സർക്കാർ തീരുമാനിച്ചത്. 2017ൽ നോഡൽ ഏജൻസിയായി ഉത്തരവാദിത്ത ടൂറിസം മിഷൻ രൂപീകരിക്കപ്പെട്ടതോടെയാണ് പ്രവർത്തനങ്ങൾക്ക് വേഗം കൈവന്നത്. സാമൂഹിക പങ്കാളിത്തവും സ്ത്രീ ശാക്തീകരണവും ഉറപ്പാക്കിയുള്ള പ്രാദേശികവികസനമെന്ന സംസ്ഥാനനയം ഇപ്പോൾ പദ്ധതിയെ കൂടുതൽ ശക്തിപ്പെടുത്തുകയും ഉത്തരവാദിത്ത ടൂറിസത്തിന്റെ ആഗോള നേതൃത്വത്തിലേക്ക് കേരളത്തെ നയിക്കുകയും ചെയ്തു. നിലവിലുള്ളവ കൂടാതെ കൂടുതൽ ഗ്രാമീണ വിനോദകേന്ദ്രങ്ങൾ വികസിപ്പിക്കപ്പെടുന്നതിലൂടെ കൂടുതൽ യുവാക്കൾക്കും സ്ത്രീകൾക്കും പുതിയ തൊഴിൽമേഖലകൾ കണ്ടെത്താനാകും. അതുകൊണ്ടുതന്നെ അത്തരം വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിന് പ്രത്യേക ഊന്നലാണ് സർക്കാർ നൽകുന്നത്.
ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രധാന പദ്ധതികളായ ‘സ്ട്രീറ്റ്’ (സസ്റ്റെയ്നബിൾ, ടാൻജിബിൾ, റെസ്പോൺസിബിൾ, എക്സ്പീരിയന്റൽ എത്‌നിക് ടൂറിസം), ‘പെപ്പർ’ (പീപ്പിൾസ് പാർട്ടിസിപ്പേഷൻ ഫോർ പാർട്ടിസിപ്പേറ്ററി പ്ലാനിങ് ആന്റ് എംപവർമെന്റ് ത്രൂ റെസ്പോൺസിബിൾ ടൂറിസം) തുടങ്ങിയവ ഇതിനകം തന്നെ ആഗോള ശ്രദ്ധയും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. വിനോദസഞ്ചാരത്തെ ജലസംരക്ഷണവുമായി ബന്ധിപ്പിച്ചുള്ള പ്രവർത്തനങ്ങൾക്ക് 2022ലെ വേൾഡ് ട്രാവൽ മാർക്കറ്റ് പുരസ്കാരം കേരള ടൂറിസത്തിനു ലഭിച്ചിരുന്നു.


ഇതുകൂടി വായിക്കൂ: കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയില്‍ കേരളവും


2008ലെ ഉത്തരവാദിത്ത ടൂറിസം പ്രഖ്യാപനം പരിഷ്കരിക്കുന്നതിനും സംസ്ഥാനത്തുടനീളം മിഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനും ഉച്ചകോടി സഹായകമായി. പരിസ്ഥിതി സൗഹൃദവും പ്രതിരോധശേഷിയുള്ളതുമായ ടൂറിസം പ്രവർത്തനങ്ങൾ ഉറപ്പാക്കാനും സ്ത്രീ ശാക്തീകരണത്തിലും സ്ത്രീ സൗഹൃദ ടൂറിസം പ്രവർത്തനങ്ങളിലും ഊന്നൽ നൽകാനും ആഗോളതലത്തിൽ ടൂറിസം പ്രാക്ടീഷണർമാരുടെയും പ്രൊമോട്ടർമാരുടെയും ഒരു ശൃംഖല സൃഷ്ടിക്കാനും കൂടുതൽ അറിവ് നേടുന്നതിനും ഈ ഉച്ചകോടിയിലൂടെ സാധിച്ചു.
ഐക്യരാഷ്ട്ര സംഘടനയുടെ പ്രതിനിധികളും വിവിധ ലോകരാജ്യങ്ങളിലെയും ഇതര സംസ്ഥാനങ്ങളിലെയും വിനോദസഞ്ചാര മേഖലകളിലെ മുൻനിരക്കാരും ഉൾപ്പെടെ മുന്നൂറിലേറെപ്പേർ പങ്കെടുത്ത ഉച്ചകോടി പരസ്പരമുള്ള പങ്കുവയ്ക്കലിനു കൂടിയുള്ളതായിരുന്നു. അവരുടെ പ്രവർത്തനങ്ങളും മെച്ചപ്പെട്ട രീതികളും കേരളത്തിനു മുന്നിലും കേരളത്തിന്റെ മാതൃകകൾ അവർക്കു മുന്നിലും അവതരിപ്പിക്കപ്പെട്ടു. മറ്റുള്ളവരുടെ മികച്ച മാതൃകകൾ നമ്മുടേതായ രീതിയിൽ അവലംബിക്കാനും സംസ്ഥാനത്തേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് വർധിപ്പിക്കുന്നതിനും സാധിക്കും. ഐക്യരാഷ്ട്രസഭയുടെ വിമൻ ഓൺ വുമൺ ഫ്രണ്ട്‍ലി ടൂറിസവുമായുള്ള സഹകരണത്തിന് തുടക്കമിടുന്നതിനും ഉച്ചകോടി വേദിയായി. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സ്ത്രീസുരക്ഷ ഉറപ്പാക്കാനും പെൺകുട്ടികളുടെ ഉന്നമനത്തിനുമുള്ള പദ്ധതികൾ വനിതാസൗഹൃദ വിനോദസഞ്ചാരമെന്ന സർക്കാർ നയത്തിന്റെ ഭാഗമാണ്. ടൂറിസം വ്യവസായത്തിൽ സമൂലമായ മാറ്റം കൊണ്ടുവരാനും സംസ്ഥാന ടൂറിസത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്താനും ഇതിലൂടെ സാധിക്കും.

ലോകവിനോദസഞ്ചാര മേഖലകളെ ഒരുമിപ്പിച്ച് ഒരേ ലക്ഷ്യത്തിലേക്ക് നയിക്കുന്നതിന് ആഗോള ഉത്തരവാദിത്ത വിനോദസഞ്ചാര ഉച്ചകോടിയിലൂടെ സാധിക്കും. ഉത്തരവാദിത്ത വിനോദസഞ്ചാര മിഷന്റെ പ്രവർത്തനം കൂടുതൽ സുഗമമാക്കാനായി അതിനെ ഒരു സൊസൈറ്റിയായി മാറ്റാൻ സർക്കാർ തീരുമാനിച്ചതിനു തൊട്ടുപിന്നാലെ വന്ന ഉച്ചകോടി കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പരിശീലനക്കളരി കൂടിയായി.

Exit mobile version