ഗൗരി മീനാക്ഷി, സേതു ലക്ഷ്മി എസ്, പാർത്ഥസാരഥി പി, രുദ്രനാഥ് എച്ച് തുടങ്ങി അഞ്ചു മിടുക്കരായ കുട്ടികൾ തിരുവനന്തപുരം ലെനിൻ തിയറ്ററിലെ നിറഞ്ഞ സദസിന് മുന്നിൽ ആദരിക്കപ്പെട്ടവരാണ്. ‘ഫൈവ് സീഡ്സ്’ എന്ന ഫീച്ചർ ഫിലിമിലെ മികച്ച പ്രകടനത്തിനാണ് ഇവർ പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസയ്ക്ക് പാത്രമാകുകയും നിറഞ്ഞ കയ്യടി നേടുകയും ചെയ്തത്.
അരക്ഷിത ബാല്യങ്ങളുടെ വേദനാനിർഭരമായ കഥയിലൂടെയാണ് കുട്ടികൾ പ്രേക്ഷക മനസിൽ ചേക്കേറിയത്. ദുരിത ബാല്യങ്ങൾ സാമൂഹിക ജീവിതത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ വിവരണാതീതമാണ്. മുറിവുണങ്ങാത്ത മനസുമായി എത്ര ദൂരം എങ്ങനെ പോകാൻ കഴിയുമെന്ന ഉത്തരമില്ലാത്ത ചോദ്യമാണ് ഈ ചിത്രത്തിലൂടെ അശ്വിൻ പി എസ് എന്ന യുവ സംവിധായകൻ സമൂഹത്തോട് ചോദിക്കുന്നത്.
മിണ്ടാപ്രാണിയുടെ ചുടുചോര വീണ് കുതിർന്ന മണ്ണിന്റെ മനം മടുപ്പിക്കുന്ന ഗന്ധമാണ് സെയ്താലിയുടെ സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തിയത്. മിണ്ടാട്ടമില്ലാത്ത ജീവിതം കൊണ്ടാണ് പൈശാചികതയോട് അവൻ ശക്തമായി പ്രതികരിക്കുന്നത്. മരണക്കയത്തിൽ ‘അഭയം ’ തേടിയ അമ്മയുടെ ഓർമ്മകൾ വിടാതെ പിൻതുടരുകയാണവനെ. കശാപ്പ് കത്തിയിൽ നിന്നും ആടിനെ രക്ഷിക്കാനുള്ള അവന്റെ ശ്രമം നമ്മെ വല്ലാതെ ഉലയ്ക്കുന്നു. ദൃശ്യഭാഷയുടെ ഉദാത്ത കലയായ സിനിമ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്ത അശ്വിന്റെ കൈകളിൽ സുഭദ്രമാണെന്ന് ഈ സിനിമയുടെ ദൃശ്യങ്ങൾ തെളിയിക്കുന്നു. ഇതിനോടകം മികച്ച ഫോട്ടോഗ്രാഫർ എന്ന നിലയിൽ പേരെടുത്ത അശ്വിന്റെ ക്യാമറയും നമുക്ക് നൽകുന്നത് ഹൃദ്യമായ ദൃശ്യവിസ്മയമാണ്. സിനിമ കണ്ടിറങ്ങുന്നവരുടെ മനസിനെ, രക്ഷ നേടിയ ആടും, ആഴക്കയവും ഉത്കണ്ഠ ഉണർത്തുന്ന ദുരന്തചിത്രമായി വേട്ടയാടിക്കൊണ്ടേയിരിക്കും. പാർത്ഥസാരഥിയുടെ സെയ്ദാലിയിലേയ്ക്കുള്ള പരകായപ്രവേശം അസാധ്യമായ കയ്യടക്കത്തോടെയാണ് എന്നത് നമ്മെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും.
ജീവിതദുരിതങ്ങൾക്കിടയിലും ഒരിക്കലും മറന്നു പോകരുതാത്തത് മക്കളെയാണ്. അവരുടെ സന്തോഷവുംചിരിയും കുടുംബത്തെ കരുത്തുറ്റതാക്കും. പേരിന് പ്രസക്തിയില്ലാത്ത കുട്ടികളുടെ നീണ്ടനിര നാം എന്നും കാണുകയാണ്. ഈ സിനിമയിലെ അഞ്ചു കുരുന്നുകളിൽ ഒരാളുടെ പേര് ആരും വിളിക്കുന്നില്ല. നിർഭാഗ്യവാനും നിശബ്ദനുമായ കുട്ടിക്ക് ആദിത്യൻ ജീവനേകുന്നു. നിരുത്തരവാദത്തിന്റെ ആൾരൂപമായ അച്ഛന് അവനെ ചേർത്തു നിർത്താൻ കഴിയുന്നുണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ അശ്രാന്ത പരിശ്രമം നടത്തുന്ന അമ്മയ്ക്കാകട്ടെ സ്നേഹം ബോധ്യപ്പെടുത്തുവാൻ പറ്റുന്നില്ല. സ്നേഹം പങ്കുവയ്ക്കുമ്പോൾ അച്ഛനോടു ചേർന്നു നിൽക്കാൻ കൊതിക്കുന്ന കുട്ടി തീരാവേദനയായി നമുക്കനുഭവപ്പെടുന്നു.
ശാന്തമൂകതയുടെ തടവിലാണ് പൊന്നു. എഴുത്തുകാരി കൂടിയായ മുത്തശിയുടെ സാമീപ്യം പോലും അവൾക്ക് മോചനമേകുന്നില്ല. മുത്തശിയുടെ ആഗ്രഹം സാധിച്ചു നല്‍കുവാൻ കഴിയാതെ ദുഃഖിക്കുകയും പശ്ചാത്തപിക്കുകയും ചെയ്യുന്ന പൊന്നുവിനെ സേതുലക്ഷ്മി അവിസ്മരണീയമാക്കി. ‘ജീവിത സായാഹ്ന’ത്തിൽ മാമ്പഴം തിന്നാൻ കൊതിക്കുന്ന ശയ്യാവലംബിയായ മുത്തശി സ്നേഹവാത്സല്യങ്ങളോടെ തന്നെയാണ് പൊന്നുവിന്റെ കുറ്റബോധത്തോട് പ്രതികരിക്കുന്നത്. അറിഞ്ഞോ അറിയാതെയോ മുത്തശി പകർന്നു നല്കിയ സ്നേഹമത്രേ ഈസിനിമയുടെ ആവിർഭാവത്തിലേയ്ക്ക് നയിച്ചതെന്ന തിരിച്ചറിവ് രാജമയി അമ്മയേയും മുത്തശിയേയും ചലച്ചിത്രത്തിന്റെ കേവലസൃഷ്ടികൾക്കപ്പുറമുള്ളൊരിടത്തിൽ പ്രതിഷ്ഠിക്കുന്നു. അവിടെ ഈ മുത്തശി കരുതലിന്റെയും സ്നേഹത്തിന്റെയും വിശാല ഭൂമിക സൃഷ്ടിക്കുന്നു.
ഏവരുടേയും ശ്രദ്ധഒരു പോലെ ആകർഷിച്ച കഥാപാത്രമാണ് രുദ്രനാഥിന്റെ മനു. സൈനിക വൃത്തിയിൽ നിന്നും വിരമിച്ച മുത്തച്ഛന്റെ വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണം വല്ലാതെ വീർപ്പുമുട്ടിക്കുകയാണ് മനുവിനെ. കർശനമായ അച്ചടക്കം സ്നേഹരാഹിത്യമായി അവൻ വായിച്ചെടുക്കുന്നു. കുട്ടികളോട് സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കുക തന്നെ ചെയ്യണമെന്ന മനഃശാസ്ത്രതലത്തിലേയ്ക്ക് കഥ വികസിക്കുന്നു. മുത്തച്ഛനും അദ്ധ്യാപികയും ശ്രദ്ധേയ കഥാപാത്രങ്ങളാണ്.
നീറുന്ന വേദനയ്ക്കിട യിൽ പ്രതീക്ഷയുടെ പൊൻകിരണമായി എൽസയുടെ പുഞ്ചിരി നമ്മുടെ മനസിൽ മായാതെ നിൽക്കുന്നു. ഐസിയുവിന്റെ വാതിൽ തുറന്ന് അകത്തേയ്ക്ക് പ്രവേശിക്കുന്ന എൽസകാണുന്നത്… അല്ല നാം കാണുന്നത് സുഭദ്രമായ ബാല്യത്തിനായി വിട്ടുവീഴ്ച ചെയ്ത് ഒന്നിക്കുന്ന മാതാപിതാക്കളെയാണ്. മുറിവേറ്റ മനസിന് കുളിരായി മാറുന്ന സ്നേഹത്തിന്റെ നനുത്ത കാറ്റ് അജ്മൽ ഹസ്ബുള്ളയുടെ പശ്ചാത്തല സംഗീതത്തിലൂടെ അനുഭവവേദ്യമാകുന്നു. വ്യത്യസ്ത ഭാവങ്ങൾ പ്രകടിപ്പിക്കുവാനുള്ള ഗൗരി മീനാക്ഷിയുടെ കഴിവ് അഭിനയകലയ്ക്ക് ഒരു മുതൽകൂട്ടാണ് എന്ന് നിസംശയം പറയാം.
ഡേവിഡ്, ശ്രീലത, ആദിത്യ രഘു, ദീപ്തി ജയദേവർ, അജീഷ് ദേശാഭിമാനി, സിദ്ധിഖ്, ശ്യാം, കവിതാ കാർത്യായനി എന്നിവരുടെ മികച്ച പ്രകടനങ്ങളും സിനിമയെ ആകർഷകമാക്കുന്നു.
അൻസർ സിയുടെ ചിത്ര സംയോജനം, ഫൈസൽ അഹമ്മദിന്റെ ശബ്ദസന്നിവേശം, അഖിൽ ഹരിയുടെ ശബ്ദസംയോജനം, സൈഗാളിന്റെ കലാസംവിധാനവും മികവു പുലർത്തുന്നു. മുഖ്യ കോർഡിനേറ്ററായി അജിത് എസ് ആർ ചുമതല വഹിച്ച ചിത്രം കൂടിയാണ് ഫൈവ് സീഡ്സ്.
അഞ്ച് വിത്തുകളല്ല അഞ്ചു കുരുന്നുകളുടെ വ്യത്യസ്ഥ പശ്ചാത്തലത്തിലുള്ള വേദനകളും വിഹ്വലതകളും കൃത്യമായി അടയാളപ്പെടുത്തിയ ഈ സിനിമയിൽ ആരതി അഷ്ടമൻ, നവമി ജെ നിവാസ്, ഹരിപ്രസാദ്, ഹരിചരൺ എന്നിവർ പാടിയ മനോഹര ഗാനങ്ങളുമുണ്ട്. ഗാനങ്ങൾ മധുരമായി ചിട്ടപ്പെടുത്തിയത് അശ്വിനാണെന്നറിയുമ്പോൾ അത്ഭുതം തോന്നുകയാണ്. ഒപ്പം തീർത്തും വ്യത്യസ്ഥനായ ഈ ചെറുപ്പക്കാരനോട് ഇഷ്ടവും വിശ്വാസവും വർദ്ധിക്കുകയാണ്.