Site iconSite icon Janayugom Online

ഒരു പാന്‍ ഇന്ത്യന്‍ കുട്ടിക്കളി

ഐഎഫ്എഫ്‌കെ അഞ്ചാം ദിവസമായ ഇന്നത്തെ സന്തോഷം മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ ന്യൂതീയേറ്ററില്‍ പ്രദര്‍ശിപ്പിച്ച വി സി അഭിലാഷിന്റെ എ പാന്‍ ഇന്ത്യന്‍ സ്റ്റോറിയായിരുന്നു. ആളൊരുക്കം എന്ന ആദ്യസിനിമയിലൂടെ ദേശീയ അവാര്‍ഡ് കൈപ്പിടിയിലൊതുക്കിയ സംവിധായകന്റെ ക്രാഫ്റ്റ് മികവ് തെളിയിക്കുന്നതുതന്നെയാണ് എ പാന്‍ ഇന്ത്യന്‍ സ്റ്റോറി.
വളരെ പതുക്കെയാണ് സിനിമ കഥ പറഞ്ഞ് തുടങ്ങുന്നത്. ഒരു കുട്ടി അവന്റെ വളര്‍ച്ചാ കാലയളവില്‍ ചുറ്റുപാടുകള്‍ സസൂഷ്മം നിരീക്ഷിക്കുന്ന പോലെ ആദ്യ സീനുകള്‍ മനസില്‍ അടുക്കിവയ്ക്കുന്നത് പിന്നീടുള്ള ആസ്വാദനം സുഗമമാക്കും.

സര്‍ക്കാര്‍ ജീവനക്കാരനായ ഹരി, ഭാര്യ സുജാത, മകന്‍ ശങ്കരന്‍, ഹരിയുടെ സഹോദന്‍ മുരളി എന്നിവരിലൂടെയാണ് കഥയുടെ സഞ്ചാരം. ഇവരുടെ വീട്ടിലേക്ക് ഹരിയുടെ സുഹൃത്ത് റെജിയും കുടുംബവുമെത്തുന്നതോടെ കഥപറച്ചിലിന്റെ രീതി വേഗത്തിലാകും. കുട്ടികളെ വീട്ടിലാക്കി ഹരിയും റെജിയും ഭാര്യമാരോടൊപ്പം ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നു. ആ സമയം കുട്ടികള്‍ കളിക്കുന്ന ഒരു കളിയാണ് സിനിമയുടെ ഗതി മാറ്റുന്നത്. വീട്ടകങ്ങളിലെ പതിവ് സംഭവങ്ങളും വീടിനകത്തും പുറത്തുമുള്ള കുടുംബാംഗങ്ങളുടെ പെരുമാറ്റവുമൊക്കെ കുട്ടികള്‍ നോക്കിക്കാണുന്നതും അനുകരിക്കുന്നതുമൊക്കെയാണ് ചിത്രത്തിലൂടെ പറ‌ഞ്ഞുവയ്ക്കുന്നത്. ജെന്‍ഡര്‍ ന്യുട്രാലിറ്റി, ആണ്‍മേല്‍ക്കോയ്മ, ബോഡിഷെയ്മിങ് ഇങ്ങനെ പലതിലും ഏച്ചുകെട്ടലില്ലാതെ നിലപാട് പറഞ്ഞുവയ്ക്കാന്‍ തിരക്കഥാകൃത്ത് കൂടിയായ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. 90 മിനിറ്റ് കൊണ്ട് പരമ്പരാഗത ഇന്ത്യന്‍ കുടുംബത്തിന്റെ പൊയ്മുഖം വരച്ചുകാട്ടുന്നതിനും അദ്ദേഹം വിജയിച്ചു.

ധര്‍മ്മജന്‍ ബോള്‍ഗാട്ടിയാണ് ഹരിയുടെ വേഷത്തിലെത്തുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍, രമ്യ സുരേഷ്, ജോണി ആന്റണി, ഫഹദ് സിദ്ദിഖ്, ഷൈലജ പി അംബു, വിസ്മയ ശശികുമാര്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. മകന്റെ വേഷത്തിലെത്തിയ ഡാവിഞ്ചി സതീഷ് അവതരിപ്പിച്ച ശങ്കരന്‍ എന്ന കഥാപാത്രം തീയേറ്റര്‍ വിട്ടാലും പ്രേക്ഷകരുടെ മനസിലുണ്ടാകും. സിനിമയുടെ പശ്ചാത്തല സംഗീതമാണ് മറ്റൊരു പ്രത്യേകത. നവാഗതയായ ഭൂമിയാണ് സിനിമയ്ക്ക് സംഗീതമൊരുക്കിയത്.

Exit mobile version