തൃശൂരിലെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം സമയത്ത് തിരികെ കിട്ടാത്തതു മൂലം മെച്ചപ്പെട്ട ചികിത്സ ലഭിക്കാതെ നിക്ഷേപകനായ ദേവസിയുടെ ഭാര്യ ഫിലോമിന മരിച്ച സംഭവം കേരളത്തിലെ സഹകരണ മേഖലയ്ക്ക് ചാര്‍ത്തിയത് തീരാക്കളങ്കമാണ്. ഫിലോമിനയുടെ മൃതദേഹം ബാങ്കിന് മുന്നില്‍ എത്തിച്ച് പ്രതിഷേധിച്ചതും തുടര്‍ന്ന് കേരളത്തിലെ സഹകരണ ബാങ്കുകളുടെയും സംഘങ്ങളുടെയും വിശ്വാസ്യതയെ ചോദ്യം ചെയ്യുംവിധം ഉയര്‍ന്നുവന്ന ചര്‍ച്ചകളും സഹകാരി സമൂഹം ആശങ്കയോടെയാണ് കാണുന്നത്. കേരളത്തിലെ ചില സഹകരണ സ്ഥാപനങ്ങളില്‍ ഒരുതരത്തിലും നീതീകരിക്കാന്‍ കഴിയാത്തവിധമുള്ള കുറ്റകൃത്യങ്ങള്‍ നടന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. ‘വേലി തന്നെ വിളവ് തിന്നുന്ന’ ഇത്തരം പ്രവണതകള്‍ക്കെതിരെ മുഖംനോക്കാതെയുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. പഴുതടച്ച അന്വേഷണം നടത്തി കുറ്റക്കാരായ മുഴുവന്‍പേരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അര്‍ഹതപ്പെട്ട ശിക്ഷ ഉറപ്പാക്കുന്നതിലൂടെ മാത്രമെ സഹകരണമേഖലയുടെ വിശ്വാസ്യതയ്ക്ക് മീതെ വീണ കരിനിഴല്‍ മാറുകയുള്ളൂ. എന്നാല്‍ ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങളെ പര്‍വതീകരിച്ച് സഹകരണ മേഖല മുഴുവന്‍ കുഴപ്പമാണെന്ന് വരുത്തിതീര്‍ക്കാന്‍ ചില മുഖ്യധാരാ മാധ്യമങ്ങളുടെ പിന്‍ബലത്തില്‍ ചിലര്‍ നടത്തിവരുന്ന പരിശ്രമങ്ങളെ ഗൗരവത്തോടെ കാണേണ്ടതാണ്.
ഇതുകൂടി വായിക്കൂ: സഹകരണ മേഖലയെ സംരക്ഷിക്കണം
സഹകരണ മേഖലയിലെ പുഴുക്കുത്തുകള്‍ ഇല്ലാതാകണം എന്ന കാര്യത്തില്‍ സഹകാരികള്‍ക്ക് ഒരേ വികാരമാണ്. എന്നാല്‍ കരുവന്നൂര്‍ പോലുള്ള സംഭവങ്ങളുടെ മറവില്‍ ‘സഹകരണം’ എന്ന ജനകീയ പ്രസ്ഥാനം തന്നെ ഇല്ലാതാകണം എന്ന രീതിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ ചിലര്‍ ബോധപൂര്‍വം സൃഷ്ടിക്കുന്നതാണെന്ന് തിരിച്ചറിയണം. ലോകത്തിനുതന്നെ മാതൃകയായ കേരളത്തിലെ സഹകരണ വായ്പാമേഖലയെ തകര്‍ക്കാന്‍ വര്‍ഷങ്ങളായി നടത്തിവരുന്ന പരിശ്രമങ്ങളുടെ തുടര്‍ച്ചയായി വേണം ഇതിനെ കാണേണ്ടത്. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനാണ് ഇവര്‍ പരിശ്രമിക്കുന്നത്. ചില മുഖ്യധാരാ മാധ്യമങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും കുടപിടിക്കാന്‍ എത്തിയതോടെ കല്ലുവച്ച നുണകളാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. നുണപ്രചരണത്തിനുവേണ്ടി പരമ്പര എഴുതുന്ന മാധ്യമങ്ങള്‍ കേരളത്തിന്റെ സമ്പദ്ഘടനയില്‍ സഹകരണപ്രസ്ഥാനം നല്കിയ സംഭാവനകളെ ബോധപൂര്‍വം തമസ്ക്കരിക്കുകയാണ്. സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ പിന്‍വലിച്ച് സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിക്കാനാണ് ചിലര്‍ ആഹ്വാനം ചെയ്യുന്നത്. സഹകരണ മേഖലയെ തകര്‍ക്കാന്‍ അച്ചാരം വാങ്ങിയവര്‍ നടത്തുന്ന ഇത്തരം പ്രചരണങ്ങളില്‍ ഒരു ചെറിയ ശതമാനം സഹകാരികളെങ്കിലും ആശങ്കയിലാണ്. സഹകരണ ബാങ്കുകളില്‍ നിക്ഷേപവും മറ്റ് ഇടപാടുകളും നടത്തുന്ന സഹകാരികള്‍ ശരിയും തെറ്റും തിരിച്ചറിയാനാകാതെ ആശങ്കപ്പെടുന്നത് നല്ല ലക്ഷണമല്ല. അതുകൊണ്ടുതന്നെ ഈ മേഖലയെ സംബന്ധിച്ചുണ്ടാകുന്ന സംശയങ്ങള്‍ ദൂരീകരിക്കേണ്ടത് സഹകരണ പ്രസ്ഥാനത്തെ സ്നേഹിക്കുന്ന എല്ലാവരുടെയും ഉത്തരവാദിത്തമാണ്.
ഇതുകൂടി വായിക്കൂ: സഹകരണ മേഖലയിലെ പ്രതിസന്ധികളും പരിഹാര നിര്‍ദ്ദേശങ്ങളും
സഹകരണ സംഘം രജിസ്റ്റാറുടെ നിയന്ത്രണത്തിലുള്ള 15,892 സഹകരണ സംഘങ്ങളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 1643 എണ്ണം സര്‍വീസ് സഹകരണ ബാങ്കുകള്‍ (പാക്സ്) ആണ്. ചില പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മേഴ്സ് സഹകരണ ബാങ്കുകളും കൂടി ഉള്‍പ്പെട്ട എണ്ണമാണിത്. 3.16 കോടി സഹകാരികളാണ് വിവിധ സംഘങ്ങളില്‍ ഇടപാടു നടത്തുന്നത്. കേരളാ ബാങ്ക് ഒഴികെയുള്ള സഹകരണ ബാങ്കുകളിലെ ആകെ നിക്ഷേപം 2.47 ലക്ഷം കോടി രൂപയാണ്. ഈ കണക്കുകളാണ് ചിലരെ അസ്വസ്ഥമാക്കുന്നത്. കാരണം കേരളത്തിലെ സഹകരണ മേഖലയിലെ ബഹുഭൂരിപക്ഷം സംഘങ്ങളും പടുത്തുയര്‍ത്തിയത് ഇടതുപക്ഷ പുരോഗമന ചിന്താഗതിക്കാരാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ സഹകരണ മേഖലയെ തകര്‍ത്താല്‍ മാത്രമെ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ കഴിയൂ എന്ന് കണക്കുകൂട്ടുന്നവരാണ് ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിച്ച് വാര്‍ത്ത ചമയ്ക്കുന്നത്.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ കാലാവധി പൂര്‍ത്തിയായിട്ടും നിക്ഷേപങ്ങള്‍ തിരികെ നല്കാത്ത സംഘങ്ങളുടെ വിശദാംശങ്ങള്‍ സംബന്ധിച്ച് മുസ്‌ലിം ലീഗ് എംഎല്‍എ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങളുടെ ചോദ്യത്തിന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നല്കിയ മറുപടി ചില മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്തുംവിധമാണ് പ്രചരിപ്പിക്കുന്നത്. നിക്ഷേപങ്ങള്‍ തിരികെ നല്കാന്‍ ശേഷിയില്ലാത്ത 164 സംഘങ്ങള്‍ കേരളത്തില്‍ ഉണ്ടെന്നാണ് മന്ത്രി നിയമസഭയില്‍ മറുപടി നല്കിയത്. എന്നാല്‍ കേരളത്തിലെ 1643 സഹകരണ ബാങ്കുകളില്‍ 164 എണ്ണം നിക്ഷേപം തിരികെ നല്കാന്‍ ശേഷിയില്ലാത്തവയാണെന്ന് ചിലര്‍ ബോധപൂര്‍വം പ്രചരിപ്പിച്ചു. സഹകരണ സംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തില്‍ ഉള്ള പതിനയ്യായിരത്തില്‍ പരം സംഘങ്ങളില്‍ 164 എണ്ണം പ്രവര്‍ത്തനക്ഷമമല്ല എന്നാണ് മന്ത്രിയുടെ മറുപടിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതില്‍ വിരലിലെണ്ണാവുന്ന സര്‍വീസ് സഹകരണ ബാങ്കുകള്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. വര്‍ഷങ്ങളായി പ്രവര്‍ത്തനം മന്ദീഭവിച്ചതും നിലച്ചതുമായ വിവിധ സ്വഭാവത്തിലുള്ള ചെറു സംഘങ്ങളാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതില്‍ ഭൂരിപക്ഷവും. വസ്തുത ഇതാണെന്നിരിക്കെ സഹകാരികളില്‍ തെറ്റിദ്ധാരണയും ആശങ്കയും പരത്തുന്നതിനായി വാര്‍ത്തകളെ ബോധപൂര്‍വം വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണ്.
ഇതുകൂടി വായിക്കൂ: സഹകരണമേഖലയിൽ കർമ്മ പദ്ധതി
പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക് ഗ്യാരന്റിയില്ല എന്നതാണ് ഇവര്‍ പ്രചരിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത. ഇതും ശരിയല്ല. കേരളാ ബാങ്ക് അടക്കം റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള എല്ലാ ബാങ്കുകളിലെയും അഞ്ചുലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പറേഷന്‍ (ഡിഐസിജിസി) പരിരക്ഷ നല്കുന്നുണ്ട്. സഹകരണ സംഘം രജിസ്ട്രാറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലായെന്നത് വസ്തുതയാണ്. എന്നാല്‍ പ്രാഥമിക ബാങ്കുകളുടെയും സംഘങ്ങളുടെയും ഗ്യാരന്റി നല്കുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ‘കേരളാ കോഓപ്പറേറ്റീവ് ഡെപ്പോസിറ്റ് ഗ്യാരന്റി ഫണ്ട് ബോര്‍ഡ്’ രൂപീകരിച്ചിട്ടുണ്ട്. സഹകരണ ബാങ്കുകളിലെ രണ്ടു ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് നിലവില്‍ ബോര്‍ഡിന്റെ പരിരക്ഷയുള്ളത്. ഇത് അഞ്ചു ലക്ഷമായി ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിക്കുകയും അതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയും ചെയ്യുന്നു. ഈ വസ്തുതകളെ മറച്ചുവച്ച് സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക് ഗ്യാരന്റി ഇല്ലെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്.
സഹകരണ ബാങ്കുകളില്‍ മിക്കതും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ് മറ്റൊരു പ്രചരണം. യാഥാര്‍ത്ഥ്യങ്ങളെ മറച്ചുവച്ച് നടത്തുന്ന പ്രചരണമാണിത്. ഒട്ടുമിക്ക സഹകരണ ബാങ്കുകളും നല്ലനിലയിലും മികച്ച ലാഭത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്. ചില സംഘങ്ങള്‍ സഹകരണ ഓഡിറ്റ് പ്രകാരം (2020–21) നഷ്ടത്തിലുണ്ട്. രണ്ട് പ്രളയങ്ങളും കോവിഡ് മഹാമാരിയും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറ്റെല്ലാ മേഖലകളെയും പോലെ സഹകരണ മേഖലയെയും ബാധിച്ചിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുമൂലം വായ്പാ തിരിച്ചടവില്‍ മുന്‍കാലങ്ങളെക്കാള്‍ കുറവുണ്ടായി. കുടിശിക വരുത്തുന്നവരോട് മനുഷ്യത്വരഹിതമായ സമീപനം സഹകരണ ബാങ്കുകള്‍ സ്വീകരിക്കാറില്ല. മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കാലത്ത് വായ്പാ തിരിച്ചടവിന് സാവകാശം നല്കുകയും കുടിശിക തുക തവണകളായി തിരികെ അടയ്ക്കുന്നതിന് അവസരം നല്കുകയുമാണ് ചെയ്തത്. സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചതും തിരിച്ചടവിനെ ബാധിച്ചു. എന്നാല്‍ ഓഡിറ്റില്‍ കുടിശിക തുകയ്ക്ക് കരുതല്‍ വയ്ക്കേണ്ടതുണ്ട്. മേല്‍ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം കുടിശിക തോത് കൂടിയതിനാല്‍ മിക്ക സംഘങ്ങള്‍ക്കും വലിയതുക കരുതല്‍ വയ്ക്കേണ്ടിവന്നു. ബജറ്റിന്റെ ലാഭത്തില്‍ വരേണ്ട തുക ഇപ്രകാരം കരുതല്‍ വയ്ക്കേണ്ടിവന്നതിനാലാണ് ചില സംഘങ്ങള്‍ ഓഡിറ്റ് പ്രകാരം നഷ്ടത്തിലായത്. എന്നാല്‍ കോവിഡ് പ്രതിസന്ധികള്‍ മാറി വായ്പക്കാരുടെ തിരിച്ചടവ് വര്‍ധിച്ച് തുടങ്ങിയതോടെ നഷ്ടക്കണക്കുകളില്‍ മാറ്റം വന്നിട്ടുണ്ട്. ബാങ്കിന്റെ സാമ്പത്തികഭദ്രതയെയോ നിലനില്പിനെയോ ഒരുതരത്തിലും ബാധിക്കുന്നതല്ല ഈ കണക്കുകള്‍. ദുഷ്‌പ്രചരണം നടത്തുന്നവര്‍ക്കും ഈ വസ്തുതകള്‍ ബോധ്യമുള്ളതാണ്. എങ്കിലും യാഥാര്‍ത്ഥ്യങ്ങളെ ബോധപൂര്‍വം മറച്ചുവച്ച് സംഘങ്ങള്‍ നഷ്ടത്തിലാണെന്നും പ്രതിസന്ധിയിലാണെന്നും ഇവര്‍ പ്രചരിപ്പിക്കുകയാണ്.
ഇതുകൂടി വായിക്കൂ: ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ലോകബാങ്ക്
സഹകരണ ബാങ്കുകളുടെ ക്രമക്കേടുകളെപ്പറ്റി പരമ്പര എഴുതുന്നവര്‍ സ്വകാര്യ–വാണിജ്യ ബാങ്കുകളുടെ അഴിമതിക്കഥകളെപ്പറ്റി ഒരക്ഷരം ഉരിയാടാത്തതും ശ്രദ്ധേയമാണ്. സഹകരണ ബാങ്കിലെ പണം പിന്‍വലിച്ച് സ്വകാര്യ ബാങ്കില്‍ നിക്ഷേപിക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ ‘യെസ് ബാങ്ക് അഴിമതി’ പോലുള്ള നാണംകെട്ട കഥകള്‍ സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്. വായ്പ നിഷേധിച്ചതില്‍ മനംനൊന്തും ജപ്തി നടപടികളെ ഭയന്നും കുടുംബത്തോടെ ആത്മഹത്യചെയ്ത നിരവധി പേരുടെ കഥകള്‍കൂടി ചേരുന്നതാണ് ഇത്തരം ബാങ്കുകളുടെ പ്രവര്‍ത്തന ചരിത്രം. കോടികള്‍ വായ്പയെടുത്ത് മുങ്ങി രാജ്യംവിട്ടതിന്റെയും ലക്ഷക്കണക്കിന് കോടിരൂപയുടെ കോര്‍പറേറ്റ് വായ്പകള്‍ എഴുതിത്തള്ളിയതിന്റെയും ചരിത്രം ഇവര്‍ക്ക് അവകാശപ്പെട്ടതുതന്നെയാണ്.
സഹകരണ മേഖലയിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനും ഗൗരവപൂര്‍ണമായ ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നത്. എന്നാല്‍ ഇതിന് കൂടുതല്‍ വേഗതവേണം. ക്രമക്കേടുകള്‍ നടത്താനുള്ള പഴുതുകള്‍ പൂര്‍ണമായും അടയ്ക്കുക എന്നതാണ് ഇതില്‍ പ്രധാനം. സോഫ്റ്റ്‌വേറില്‍ കൃത്രിമം കാട്ടിയാണ് മിക്ക തട്ടിപ്പുകളും നടന്നിരിക്കുന്നത്. സ്വകാര്യ കമ്പനികളുടെ സോഫ്റ്റ്‌വേറുകളാണ് സഹകരണ ബാങ്കുകള്‍ ഉപയോഗിക്കുന്നത്. ഓരോ സ്ഥാപനത്തിലും വ്യത്യസ്ത കമ്പനികളാണ് സോഫ്റ്റ്‌വേര്‍ ദാതാക്കള്‍. ഓഡിറ്റിന് എത്തുന്ന സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാകട്ടെ ബാങ്കുകളുടെ വ്യത്യസ്ത സോഫ്റ്റ്‌വേറുകള്‍ ഉപയോഗിക്കുന്നതില്‍ പരിശീലനം ലഭിക്കുന്നില്ല. ഓഡിറ്റര്‍മാരുടെ ഈ അജ്ഞത മുതലെടുത്താണ് ചില സംഘങ്ങളില്‍ ജീവനക്കാര്‍ തട്ടിപ്പ് നടത്തിയത്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഒരു ഏകീകൃത സോഫ്റ്റ്‌വേര്‍ സഹകരണ ബാങ്കുകളില്‍ നടപ്പിലാക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ പല കാരണങ്ങളാല്‍ ഇതിന് കാലതാമസം ഉണ്ടായി. ഏകീകൃത സോഫ്റ്റ്‌വേര്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഏകീകൃത സോഫ്റ്റ്‌വേര്‍ എത്തുന്നതോടെ സഹകരണ സ്ഥാപനങ്ങളിലെ ഇടപാടുകള്‍ക്ക് പൊതുസ്വഭാവം കൈവരും. മാത്രമല്ല, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുകൂടി പുതിയ സോഫ്റ്റ്‌വേറില്‍ പരിശീലനം ലഭിക്കുന്നതോടെ ഓഡിറ്റിലെ കൃത്യത ഉറപ്പാക്കാനും കഴിയും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന സമഗ്ര സഹകരണ നിയമ ഭേദഗതിക്ക് അംഗീകാരം ലഭിക്കുന്നതോടെ കൂടുതല്‍ സുതാര്യതയോടെ സഹകരണ മേഖലയ്ക്ക് മുന്നേറാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഏത് പ്രതിസന്ധിയെയും അതിജീവിക്കാനുള്ള കരുത്ത് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനുണ്ട്. നോട്ടുനിരോധന കാലത്ത് ഈ ജനകീയ പ്രസ്ഥാനം തകര്‍ന്നടിയുമെന്ന് ചിലര്‍ കിനാവ് കണ്ടെങ്കിലും നിരാശയായിരുന്നു ഫലം. പ്രളയത്തിനെയും കോവിഡിനെയും അതിജീവിച്ച് സഹകരണ മേഖല മുന്നോട്ടുപോകുകയാണ്. സഹകരണ മേഖലയ്ക്ക് ജയിച്ചേ മതിയാകൂ, കാരണം ഇത് ഇല്ലാതായാല്‍ തകരുന്നത് മാനവരാശിയുടെ സ്വപ്നങ്ങളാണ്.