Site iconSite icon Janayugom Online

ഒരു റോളർ കോസ്റ്റ് യാത്രയോ? വ്യത്യസ്തമായ ടൈം ലൂപ് ; എ രഞ്ജിത്ത് സിനിമ നേടുന്നത് സമ്മിശ്ര പ്രതികരണം

ഒരു ലൂപ് പരീക്ഷണമാണ് എ രഞ്ജിത്ത് സിനിമാസ് എന്ന ആസിഫ് അലി ചിത്രം. ടൈം ലൂപ് സിനിമകൾ മലയാളത്തിൽ അത്യപൂർവ്വമാണ്. അതുകൊണ്ടു തന്നെ ഇതേ ​ഗണത്തിലുള്ള മറ്റു ചിത്രങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ചിത്രം വേറിട്ടു നിൽക്കുന്നു. ടൈം ലൂപ് പ്രമേയത്തെ ഒരു കൊമേഷ്യൽ എന്റർടെയിനാറായാണ് ഒരുക്കിയിരിക്കുന്നത്.

മനസും റിയാലിറ്റിയും തമ്മിലുള്ള ഒരു പോരാട്ടം. ആ പോരാട്ടങ്ങൾക്കിടയിൽ പെട്ടുപോകുന്ന രഞ്ജിത്തായി ആസിഫ് അലി. സിനിമമോഹവുമായി നടക്കുന്ന ഒരു യുവാവിന്റെ സങ്കൽപ്പത്തിലെ കഥയും കഥാപാത്രങ്ങളും, അയാളെ വേട്ടയാടാൻ അപ്രതീക്ഷിത സംഭവങ്ങളിലൂടെ കടന്നു വരുന്നു. അതായത് താൻ സൃഷ്ടിച്ച കഥയും കഥാപാത്രങ്ങളും തനിക്കു മുന്നിൽ സംഭവിക്കുന്നത് അയാൾ കാണുന്നു. വളരെ വ്യത്യസ്തമായ കഥാപാത്രമായാണ് ആസിഫ് എത്തുന്നതെങ്കിലും സിനിമയുടെ പലഭാ​ഗത്തായി നായകനെ പ്രേക്ഷകന് നഷ്ടമാകുന്നുണ്ട്, എങ്കിലും വ്യത്യസ്തമായ വേഷത്തെ കയ്യൊതുക്കത്തോടെ തന്നെ ആസിഫ് ചെയ്തിട്ടുണ്ട്. സിനിമ കണ്ടതിന് ശേഷവും പ്രേക്ഷകരുടെ മനസ്സിൽ നിലയുറപ്പിക്കാൻ നായകന് കഴിഞ്ഞിട്ടുണ്ട്. തന്റെ സ്ക്രീൻ സ്പെസിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചതിൽ സൈജു കുറുപ്പ് പ്രത്യേക കൈയ്യടി അർഹിക്കുന്നു.

സൈക്കോളജിക്കൽ ത്രില്ലറെന്ന വിഭാഗത്തിലെങ്കിലും, ഒരു ക്ളീൻ ഫാമിലി എന്റർടൈയിനെർ ആണ് നവാഗതനായ നിഷാന്ത് സാറ്റൂ അണിയിച്ചൊരുക്കിയ എ രഞ്ജിത്ത് സിനിമ.

കുടുംബ പശ്ചാത്തലത്തിലൂടെ സഞ്ചരിച്ച്, മനഃശാസ്ത്രപരമായ സങ്കീർണതകളിലൂടെയും യാഥാർഥ്യം എന്ന സത്യത്തിലൂടെയും ഒരു യാത്രയാണ് ചിത്രം. നിഗൂഢതയുടെയും ഭ്രമചിന്തകളുടെയും വലയിലേക്ക് തള്ളിവിടപ്പെട്ട നായകനാണ് ചിത്രത്തിലുടനീളം. ത്രില്ലർ, ടൈംലൂപ്, ഹ്യൂമർ എല്ലാം ഒരു കൂടയിലാക്കിയ സാഹസം ഒരു നവാ​ഗത സംവിധായകൻ കാണിച്ചു എന്നത് എടുത്തുപറയാം.

Eng­lish Sum­ma­ry: A Ran­jith Cinemas
You may also like this video

Exit mobile version