കവിത എന്തിനോടെല്ലാം കലഹിക്കണമെന്ന് തീരുമാനിയ്ക്കുന്നത് കാലമാണ്. ആ തീരുമാനങ്ങളെ നടപ്പിലാക്കുകയെന്നതാണ് കവിയുടെ ധർമ്മം. ആ കലഹം വ്യവസ്ഥിയോടാവാം, യുദ്ധങ്ങൾക്കും അധിനിവേശങ്ങൾക്കുമെതിരാവാം. തീരുമാനം കാലത്തിന്റേതായത് കൊണ്ട് കവി പലപ്പോഴും രണ്ടാമതായിപോകുന്നു. കവിതയെ സമൂഹത്തിലേക്ക് ചേർത്ത് വച്ച് കെട്ടിയിടുന്നതിൽ കാലത്തിനും സമൂഹത്തിനുമിടയിലെപ്പോഴും കവിയുണ്ടാവണം. അങ്ങനെയുള്ള ആ കെട്ടിയിടലുകൾക്ക് ബലമേറുമ്പോഴാണ് നല്ല കവിതകൾ ഉണ്ടാവുന്നത്. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ശ്രീ രാജു വള്ളികുന്നം എന്ന കവി തന്റെ കവിതകളെ സമൂഹത്തോട് ചേർത്ത് മുറുക്കി കെട്ടിക്കൊണ്ടിരിക്കുന്നു.
കറന്റ്ബുക്സ് പുറത്തിറക്കിയ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സമാഹാരമായ ‘രാജുവള്ളികുന്നത്തിന്റെ കവിതക’ളിലും അദ്ദേഹം ഇതേ ധർമ്മം ഭംഗിയായി നിർവഹിച്ചിരിയ്ക്കുന്നു. ഈ സമാഹാരത്തിലെ എഴുപത്തിനാല് കവിതകളിലൂടെ കടന്നു പോകുമ്പോൾ നമ്മൾ വൈവിധ്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്. കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങളുടെ വിളനിലമായ വള്ളികുന്നം എന്ന ഗ്രാമത്തെ മാറിനിന്ന് വിശകലനം ചെയ്യുന്നു. വള്ളികുന്നത്തെ കമ്മ്യൂണിസ്റ്റ്കാർ എന്ന കവിതയിൽ തുടങ്ങി ആഗോളവത്കരണത്തിന്റെ ദുരന്തങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന ആഗോളവത്കരണത്തിന്റെ ദൂഷ്യങ്ങൾ എന്ന കവിതയിലൂടെ എല്ലാത്തരം രാഷ്ട്രീയ വ്യവസ്ഥികളോടും ‚അവസ്ഥകളോടും ശമനമില്ലാതെ കലഹിക്കുവാൻ കാത്ത് വച്ചൊരു കവിമനസ് കാലം അദ്ദേഹത്തെ ഏൽപ്പിച്ചു കൊടുത്തു എന്ന് വേണം മനസ്സിലാക്കുവാൻ.
അടിയുറച്ച ദേശ ബോധത്തിലൂന്നിയ കവിതകൾ രാജു വള്ളികുന്നത്തിന്റേതായി ഈ സമാഹാരത്തിലുണ്ട്. വള്ളികുന്നത്തേക്ക് വീണ്ടും എന്ന കവിത അത്തരത്തിലൊന്നാണ്. ഭൂതകാലത്തിലൂടെ കയറി വർത്തമാന കാലത്തിലേക്ക് തിരിച്ചിറങ്ങുമ്പോൾ തനിയ്ക് നഷ്ടപ്പെട്ടു പോയ ഇന്നലകളെ അദ്ദേഹം കാണുന്നുണ്ട്. പക്ഷേ നഷ്ടങ്ങളെ ദുഃഖത്തോടെ നോക്കി നില്കുവാൻ കവി തയ്യാറാകുന്നില്ല. ഇത് കാലത്തിന്റെ സ്വാഭാവിക പരിണിതിയാണെന്ന തിരിച്ചറിവിലൂടെ തികച്ചും പ്രായോഗിക വാദിയായി വള്ളികുന്നത്ത് നിന്ന് മടങ്ങിപോകുകയാണ്. ഓണാട്ടുകരയിലെ നാഗരാജക്ഷേത്രങ്ങളിലെ സ്ഥിരം കാഴ്ചയായ പുള്ളുവൻ പാട്ടിലൂടെ ജീവിതത്തിന്റെ ആഴങ്ങളന്വേഷിച്ചുള്ള പോക്ക് ഒരു നാടിന്റെ സംസ്കൃതിയിലേക്കുള്ള മടങ്ങിപ്പോക്കാണ്. സാംസ്കാരിക ബോധത്തിന്റെ നിറവിൽ ദേശപ്പെരുമകളിലേക്ക് കവി സ്വന്തം കവിതകളെ ചേർത്തു വയ്ക്കുന്നു.
വൈവിധ്യങ്ങളുടെ ലോകമന്വേഷിച്ചുള്ള പോക്കാണ് കവിതയെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്ന വരികൾ കൊണ്ട് സമ്പന്നമായ കവിതകൾ ഇനിയുമേറെയുണ്ട് ഈ സമാഹാരത്തിൽ. പ്രകൃതിയെന്ന മഹാപ്രതിഭാസത്തിലൂടെ കടന്ന് പോകുമ്പോൾ കവി പ്രകൃതിയെ മൊത്തത്തിൽ വായിച്ചെടുക്കുകയാണ്. ജീവിതത്തിന്റെ സമസ്ഥഭാവങ്ങളേയും ആവാഹിച്ചുള്ള എഴുത്തുകൾ പലപ്പോഴും കവിതകളെ എഴുത്തിന്റെ മാന്ത്രികപരവതാനി വിരിച്ചിട്ട പുതിയൊരു ലോകത്തിലേക്ക് നയിക്കുന്നു. കവിതയെഴുത്തിന് വേണ്ട കൃത്യമായ ഉൾക്കാഴ്ചയും, തെളിമയുമുള്ള കവിതകൾ അവ അടയാളപ്പെടുത്തുന്നത് ജീവിതത്തെ തന്നെയാണ്. ജീവിതത്തെ ഇങ്ങനെ മാറിനിന്ന് നോക്കി കാണുമ്പോഴുണ്ടാകുന്ന ഒരുതരം നിസംഗതാബോധം, ക്രൂരമായ സത്യങ്ങൾ പറയുമ്പോഴും പുലർത്തുന്ന നിർമമത, സ്വന്തം ദേശത്തിന്റെ ഇടങ്ങളിലേക്ക് വഴിതെറ്റികയറിച്ചെന്നവനെപോലെയുള്ള അങ്കലാപ്പ്, കവിത കൊണ്ട് മുറിവേറ്റമനസുമായി ഒരു കവിയിങ്ങനെ ഉലയാതെ കത്തുന്നു.
കഴിഞ്ഞ നാല്പത് വർഷമായി രാജുവള്ളികുന്നം എന്ന കവി കൃത്യമായ ബോധ്യത്തോടെ എഴുതിയ കവിതകൾ മലയാള കവിതയുടെ വിവിധ ഭാവുകത്വങ്ങളെ അടയാളപ്പെടുത്തുന്നു. തികഞ്ഞ രാഷ്ട്രീയ ബോധ്യത്തിലൂന്നിയുള്ള കവിതകൾ ഒരു തെളിനീരുറവപോലെ ഒഴുകിപരക്കുമ്പോൾ ഒരു ദേശം അതിന്റെ ചരിത്രം പറയുകയാണ്. ചരിത്രം എന്നത് ദേശങ്ങളുടെ കഥയാകുമ്പോൾ രാജു വള്ളികുന്നം എന്ന കവി ചരിത്രകാരൻ കൂടിയാകുകയാണ്. വേർതിരിച്ചെടുക്കാനാവാത്ത വിധം കവിതയെ ജീവിതവുമായി ബന്ധിപ്പിക്കുന്നതിൽ കവി പുലർത്തുന്ന ശ്രദ്ധ ഓരോ കവിതയെയും നമുക്ക് ജീവിതമായി വായിച്ചെടുക്കാൻ പ്രേരിപ്പിക്കുന്നു.
പ്രണയവും, കാത്തിരിപ്പും, തിരസ്കാരങ്ങളുടെ നിരാശയും, ജീവിതകാമനകളും കൊണ്ട് ഇഴനെയ്ത കവിതകളിൽ ജീവിതം ഗാഢമായി അലിഞ്ഞ് ചേർന്നിരിയ്ക്കുന്നു. “ഓർമ്മകൾ ഇപ്പോൾ ദുഃഖങ്ങളല്ല” എന്ന് മുറിവുകൾ എന്ന കവിതയിൽ എഴുതുമ്പോൾ അതിന് പശ്ചാത്തലമായി വരുന്നത് സ്വന്തം ഗ്രാമത്തിന്റെ വിപ്ളവത്തിന്റെ പൂർവ ചരിത്രങ്ങളാണ്. എവിടെയും നഷ്ടം സംഭവിക്കുന്നത് പെണ്ണിനാണെന്ന തിരിച്ചറിവിൽ നിന്ന് വിപ്ളവത്തിന്റെ വഴികളിലൂടെ നടന്ന നാളുകളെ ദുഃഖങ്ങളായല്ല മുറിവിന്റെ നൃത്തങ്ങളായി കവി ഓർത്തെടുക്കുന്നു. ഏത് ദേശത്തേക്ക് മാറിപ്പോയാലും, ഒടുവിൽ വള്ളികുന്നമെന്ന ഗ്രാമത്തിലേക്ക് മടങ്ങിവരുന്നൊരു കാവ്യപ്രകൃതി കവിതയിലുടനീളം പ്രതിഫലിച്ചു നില്ക്കുന്നു. കാവ്യ ബിംബങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പോലും ഓണാട്ടുകരയുടെ തനത് സംസ്കാരങ്ങളിലേക്ക് കവി സ്വയമറിയാതെ മടങ്ങിപ്പോകുന്നു.
ഈ സമാഹാരത്തിലെ കവിതകൾ വായിച്ചു തീർക്കുമ്പോൾ നമുക്ക് ചുറ്റിലും ചരിത്രം നിർത്താതെ ചിറകടിയ്ക്കുന്ന ഒച്ച കേൾക്കാം. അവ സൂചിപ്പിക്കുന്നത് ഒരു ദേശത്തിന്റെ ചരിത്രത്തിലേക്കുള്ള മണിയൊച്ചകളാണ്. ചരിത്രം നടന്ന വഴികളിലൂടെ നമ്മെ നടക്കാൻ പ്രേരിപ്പിക്കുന്നത് കൊണ്ട് ഇവ ദേശനിർമ്മിതിയുടെ കവിതകൾ കൂടിയാകുന്നു.
രാജുവള്ളികുന്നത്തിന്റെ കവിതകൾ
(കവിത)
രാജുവള്ളികുന്നം
കറന്റ് ബുക്സ്
വില: 230 രൂപ