കമ്മ്യൂണിസ്റ്റ് ധാർമ്മികതയുടെയും പൊതുജീവിത വിശുദ്ധിയുടെയും പ്രതീകമായിരുന്ന സി കെ ചന്ദ്രപ്പൻ നമ്മെവിട്ടു പിരിഞ്ഞിട്ട് ഇന്ന് പത്ത് വർഷം തികയുകയാണ്. വ്യക്തിജീവിതത്തിലെ ലാളിത്യവും പൊതുജീവിതത്തിലെ സുതാര്യതയും കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്തസും യശസും ഉയർത്തിപ്പിടിക്കുന്നതിൽ ചന്ദ്രപ്പൻ നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്.
കേരളത്തിന്റെ മുഖം ചുവപ്പിച്ച വയലാർ‑പുന്നപ്ര സമരത്തിന്റെ വീരപൈതൃകമാണ് ജീവിതകാലം മുഴുവൻ സി കെ ചന്ദ്രപ്പൻ ഉയർത്തിപ്പിടിച്ചത്. ‘വയലാർ സ്റ്റാലിൻ’ എന്നറിയപ്പെട്ട സി കെ കുമാരപ്പണിക്കരുടെ പുത്രനായ അദ്ദേഹം നന്നേ ചെറുപ്പത്തിൽ വിദ്യാർത്ഥി ഫെഡറേഷന്റെ പ്രവർത്തകനായി. തുടർന്ന് എഐ എസ്എഫിന്റെയും എ ഐവൈഎഫിന്റെയും ദേശീയ നേതൃനിരയിൽ രണ്ട് ദശാബ്ദക്കാലം സി കെ ചന്ദ്രപ്പൻ നിറഞ്ഞുനിന്നു. സർഗചൈതന്യവും സമരവീര്യവും തുളുമ്പുന്ന യുവജനപ്രസ്ഥാനം കെട്ടിപ്പടുത്ത അനുഭവ സമ്പത്തോടെയാണ് അഖിലേന്ത്യാ കിസാൻസഭയുടെ സംസ്ഥാന പ്രസിഡന്റായും തുടർന്ന് അഖിലേന്ത്യാ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചത്.
ഇതുകൂടി വായിക്കൂ: ജ്വലിക്കുന്ന സ്മരണകളിൽ സ: സി കെ ചന്ദ്രപ്പൻ മാർച്ച് 22: സ.സി കെ ഓർമ്മയായിട്ട് 8 വർഷങ്ങൾ
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പാർലമെന്റേറിയന്മാരിൽ ഒരാളായിരുന്നു സി കെ ചന്ദ്രപ്പൻ. 1991ൽ കേരള നിയമസഭാംഗമായപ്പോഴും അദ്ദേഹത്തിന്റേത് ഈടുറ്റ പ്രവർത്തനമായിരുന്നു. ജനാഭിലാഷങ്ങളുടെയും പോരാട്ടങ്ങളുടെയും പ്രതിഫലന വേദിയായി ലോക്‌സഭയെയും നിയമസഭയെയും മാറ്റിയെടുക്കുന്നതിൽ കലാപരമായ ഒരുതരം സാമർത്ഥ്യമുണ്ടായിരുന്നു ചന്ദ്രപ്പന്. ഇന്ത്യൻ പാർലമെന്റിൽ ഇത്രയധികം സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ച മറ്റൊരു ജനപ്രതിനിധിയില്ല.
2010 നവംബറിലാണ് സി കെ ചന്ദ്രപ്പൻ സിപിഐ സംസ്ഥാന സെക്രട്ടറിയാകുന്നത്. സങ്കീർണമായ ദേശീയ രാഷ്ട്രീയ പശ്ചാത്തലത്തിൽ കേരളത്തിലെ ഇടതുപക്ഷത്തിനു നിറവേറ്റാനുള്ള ചരിത്രപരമായ പങ്കിനെക്കുറിച്ച് അദ്ദേഹത്തിന് സുവ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. ആഴമേറിയ മാർക്സിസ്റ്റ് വിശകലന പാടവത്തോടെയാണ് ചന്ദ്രപ്പൻ ഇടതുപക്ഷ മുന്നേറ്റത്തിന്റെ കേരള അനുഭവങ്ങൾ വിലയിരുത്തിയത്. കൂടുതൽ കരുത്തുറ്റ ഇടതുപക്ഷ ജനാധിപത്യ മുന്നണി ആവശ്യമാണെന്നും അതിന് ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണമെന്നും ചന്ദ്രപ്പൻ വിശ്വസിച്ചു. സിപിഐയും സിപിഐ(എം)ഉം തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള പരിശ്രമത്തെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വതന്ത്ര വ്യക്തിത്വം ഉയർത്തിപ്പിടിക്കാനുള്ള പരിശ്രമത്തെയും വേറിട്ടതായി ചന്ദ്രപ്പൻ കണ്ടില്ല.
കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ചോർന്നുപോകാതെ സൂക്ഷിക്കാനും പൊതുജീവിതത്തിൽ വിശുദ്ധി കാത്തുസൂക്ഷിക്കാനും ഓരോ പാർട്ടിപ്രവർത്തകനും കഴിയണമെന്ന സന്ദേശം സ്വന്തം ജീവിതത്തിലൂടെ ചന്ദ്രപ്പൻ കാണിച്ചുതന്നു. ചന്ദ്രപ്പന് വ്യക്തി അജണ്ടകളോ മറ്റ് താല്പര്യമോ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ പാർട്ടിക്ക് ഗുണമെന്നു കാണുന്ന ഏത് ശരിക്കുവേണ്ടിയും ശക്തമായി നിലകൊള്ളാനും ഗുണകരമാകാത്തതൊന്നും ചെയ്യരുതെന്ന് ഉറക്കെപ്പറയാനും ചന്ദ്രപ്പനാകുമായിരുന്നു.
ഇതുകൂടി വായിക്കൂ: സി കെ ചന്ദ്രപ്പന്‍ ഓര്‍മ്മയായിട്ട് 10 വര്‍ഷം | C K Chandrappan | Kanam Rajendran
കേരളത്തിൽ സിപിഐയുടെ അമരക്കാരനായി പാർട്ടി ചന്ദ്രപ്പനെ നിയോഗിക്കുമ്പോൾ വലിയൊരു ദൗത്യമാണ് അദ്ദേഹത്തെ ഏല്പിച്ചത്. സംഘടനാപരമായും ആശയപരമായും മാർക്സിസത്തിന്റെ അന്തഃസത്ത ചോർന്നുപോകാതെ പാർട്ടിയെ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റണമെന്ന ദൗത്യം നടപ്പിലാക്കാൻ ചന്ദ്രപ്പൻ തയാറായി.
ഉജ്ജ്വലനായ പ്രക്ഷോഭകാരിയായിരുന്നു ചന്ദ്രപ്പൻ. ബഹുജന സംഘടനാ പ്രവർത്തനത്തിലൂടെ ആർജ്ജിച്ച അനുഭവ സമ്പത്തും പരന്ന വായനയും ഏത് പ്രശ്നത്തിന്റെയും വിവിധ വശങ്ങൾ ഗ്രഹിക്കാനുള്ള അനിതര സാധാരണ വിശകലന പാടവവുമാണ് ചന്ദ്രപ്പനെ മറ്റ് രാഷ്ട്രീയ നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കിയത്. വ്യക്തി ജീവിതത്തിലെയും പൊതുജീവിതത്തിലെയും സംശുദ്ധിയുടെ പ്രതീകമായിരുന്നു ചന്ദ്രപ്പൻ. കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവിഭാഗം ജനങ്ങളുടെയും ആദരവും സ്നേഹവും നേടാൻ അദ്ദേഹത്തിനു കഴിഞ്ഞതിന്റെ മുഖ്യകാരണവും അതുതന്നെയാണ്.
മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് മുഖ്യസ്ഥാനം നൽകിയ ചന്ദ്രപ്പന്റെ ഓർമ്മകൾ ഇന്നത്തെ കാലഘട്ടത്തിലെ നമ്മുടെ പ്രവർത്തനങ്ങൾക്കും പോരാട്ടങ്ങൾക്കും കരുത്ത് പകരുന്നതാണ്. അസഹിഷ്ണുതയുടെ വിത്തുകൾ പാകി, എല്ലാത്തിനെയും കാവിവല്ക്കരിച്ച്, അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കാനും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാനും മോഡിഭരണം ഒരു മടിയും കാട്ടുന്നില്ല. വർഗീയതയ്ക്ക് എതിരായ വരുംകാല പോരാട്ടങ്ങൾക്ക്, ബിജെപിക്ക് എതിരായി വിശാല മതേതര-ജനാധിപത്യ വേദി രൂപീകരിക്കാൻ ചന്ദ്രപ്പന്റെ സ്മരണ നമുക്കു കരുത്തു പകരട്ടെ.