കെ ജി ശങ്കരപ്പിള്ളയുടെ ബംഗാള്‍ എന്ന കവിത തുടങ്ങുന്നത് “സഞ്ജയാ ബംഗാളില്‍ നിന്ന് മാത്രം വാര്‍ത്തകളില്ല” എന്നാണ്. ഇപ്പോഴാണെങ്കില്‍ കെജിഎസ് തിരുത്തിയേനെ- ‘സഞ്ജയാ യുപിയില്‍ നിന്നും ഗുജറാത്തില്‍ നിന്നും മറ്റ് വാര്‍ത്തകളില്ല’ എന്ന്. യുപി പൊലീസ് അതിര്‍ത്തി കടന്നുപോയി അറസ്റ്റുകള്‍ നടത്തുന്നത് നിയന്ത്രിക്കണമെന്ന് ഡല്‍ഹി ഹെെക്കോടതി പറഞ്ഞതിനെക്കുറിച്ചല്ല ഈ കുറിപ്പ്, ഒരു പാവം പാട്ടുകാരിക്കെതിരെ കേസെടുത്തതിനെക്കുറിച്ചാണ്. ആദിത്യനാഥ് സർക്കാരിനെ വിമർശിച്ച ഭോജ്‍പുരി നാടൻപാട്ടുകാരി നേഹ സിങ് റാത്തോഡിനു യുപി പൊലീസ് നോട്ടിസ് അയച്ചത് പാട്ടു പാടിയതിനാണ്. ‘യുപി മേം കാ ബാ’ (എന്തുണ്ട് യുപിയിൽ) എന്ന പേരിലുള്ള ഗാനത്തിന് എതിരെയാണ് നടപടി.
സർക്കാർ ഭൂമി കയ്യേറിയെന്ന് ആരോപിച്ച് വീട് പൊളിക്കാനെത്തിയ ഉദ്യോഗസ്ഥരുടെ മുന്നിൽ അമ്മയും മകളും തീകൊളുത്തി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു നേഹയുടെ പാട്ട്. ആദിത്യനാഥിന്റെ ബിജെപി സർക്കാരിനെ കടുത്ത രീതിയിൽ നേഹ വിമർശിച്ചിരുന്നു. കോവിഡ് മഹാമാരി കൈകാര്യം ചെയ്തത്, ലഖിംപുർ ഖേരി കലാപം, ഹത്രാസ് പീഡനം തുടങ്ങിയ കാര്യങ്ങളും പാട്ടിൽ ഉന്നയിച്ചു. ഉടനെ പൊതുജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുന്നതാണ് പാട്ടെന്നു ചൂണ്ടിക്കാട്ടി പൊലീസ് നോട്ടീസയച്ചു. കാണ്‍പുരിൽനിന്നു പൊലീസ് സംഘം നേരിട്ട് വീട്ടിലെത്തിയാണു നോട്ടീസ് കൈമാറിയത്. ബിജെപിയാണ് ഭരിക്കുന്നതെങ്കില്‍ നിങ്ങള്‍ വായ തുറക്കരുത്. സര്‍ക്കാരിനെതിരെയാണെങ്കില്‍ കണ്ണും തുറക്കരുത്. അത് നേഹ സിങ് ആയാലും പവന്‍ഖേര ആയാലും. ഇത് മാറണം, ജനാധിപത്യം തിരിച്ചു പിടിക്കണം. വിശാഖ് ആര്‍ കടയ്ക്കല്‍