സിപിഐ യെ വെല്ലുവിളിക്കാൻ തുനിയുന്ന അഭിനവ കേരള കോൺഗ്രസ് ബി നേതാക്കൾ സിപിഐ യുടെ ചരിത്രം മനസിലാക്കണമെന്നും കേരളത്തിന്റെ വികസനത്തിന് വഴി തെളിച്ച പ്രസ്ഥാനമാണ് സിപിഐ എന്നും പി എസ് സുപാൽ എം എൽ എ അഭിപ്രായപ്പെട്ടു. എഐടിയുസി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി മുൻസിപ്പാലിറ്റിയിലേക്ക് നടത്തിയ മാർച്ച് അലങ്കോലപെടുത്താൻ ശ്രമിക്കുകയും സിപിഐ യെ അപകീർത്തിപ്പെടുത്തുകയും ചെയ്ത ചെയർമാൻ എ ഷാജുവിന്റെ ധിക്കാര നിലപാടിൽ പ്രതിഷേധിച്ച് സിപിഐ കൊട്ടാരക്കര മണ്ഡലം കമ്മിറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനപ്രതിനിധികളെ സൃഷ്‌ടിക്കുന്നതിനായി ഉണ്ടാക്കിയ മുന്നണിയല്ല എൽഡിഎഫ്. എൽഡിഎഫ് ജനങ്ങൾക്കൊപ്പം നിൽക്കുന്ന മുന്നണിയാണ്. സി അച്യുതമേനോൻ ഗവണ്മെന്റ് നടത്തിയ വികസന പദ്ധതികളാണ് കേരള വികസനത്തിന്റെ അടിസ്ഥാനം. സിപിഐയുടെ ത്യാഗമാണ് കേരളത്തിൽ ഇടതു പക്ഷ ജനാധിപത്യ മുന്നണി. അധികാര കസേരയിൽ ഇരുന്നാൽ ചരിത്രം മറക്കുന്നത് തെറ്റായ പ്രവണതയാണ്. ഇടതുപക്ഷ ഐക്യമാണ് സിപിഐ യുടെ നിലപാടിന്റെ അടിസ്ഥാനം. അവിടെയും പാർട്ടി നിലപാട് പറയാൻ മടിയില്ല. നിലപാടുകൾ പറയുമ്പോൾ കേവല തർക്കങ്ങളായി കാണേണ്ട. കൊട്ടാരക്കരയിൽ എൽ ഡി എഫ് ഭരണം ഉണ്ടായത് സിപിഐ യുടെ വലിയ ഇടപെടൽ കൂടി ഉള്ളതുകൊണ്ടാണ്. അധികാരം കിട്ടിയാൽ എന്തും കാണിക്കാനുള്ള ലൈസൻസ് ആർക്കും ആരും നൽകിയിട്ടില്ല. ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ ബന്ധപ്പെട്ടവർ തയ്യാറാകമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ കൗൺസിൽ അംഗം ചെങ്ങറ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗം ഡി രാമകൃഷ്ണ പിള്ള സ്വാഗതം പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ആർ രാജേന്ദ്രൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ എസ് ഇന്ദുശേഖരൻ നായർ, മണ്ഡലം അസി, സെക്രട്ടറി ജി മാധവൻ നായർ, എഐവൈഎഫ് ജില്ലാ സെക്രട്ടറി എസ് വിനോദ് കുമാർ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി എ അധിൻ എന്നിവർ സംസാരിച്ചു. സുരേന്ദ്ര ഭവനിൽ നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി മുൻസിപ്പൽ ഗ്രൗണ്ടിൽ സമാപിച്ചു. പ്രകടനത്തിന് മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ എസ് രഞ്ജിത്ത്, എ നവാസ്, ടി സുനിൽ കുമാർ, അഡ്വ കെ ഉണ്ണികൃഷ്ണ മേനോൻ, മൈലം ബാലൻ, ജി ആർ സുരേഷ്, ടൌൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.