Site iconSite icon Janayugom Online

അഭിഷേക് കുതിച്ചു ; ചക്രവര്‍ത്തിയായി വരുണ്‍

ഐസിസി ടി20 ബാറ്റിങ് റാങ്കിങ്ങില്‍ വന്‍ കുതിച്ചുച്ചാട്ടവുമായി ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ്മ. 38 സ്ഥാനങ്ങള്‍ കയറി അഭിഷേക് രണ്ടാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ വെടിക്കെട്ട് സെഞ്ചുറിയടക്കമുള്ള പ്രകടനമാണ് അഭിഷേകിന് റാങ്കിങ്ങില്‍ രക്ഷയായത്. 829 റേറ്റിങ് പോയിന്റാണ് അഭിഷേകിനുള്ളത്. 855 പോയിന്റുമായി ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തി.

അതേസമയം പരമ്പരയില്‍ മോശം പ്രകടനത്തെ തുടര്‍ന്ന് മലയാളി താരം സഞ്ജു സാംസണ്‍ അഞ്ച് സ്ഥാനം താഴേക്കിറങ്ങി 35-ാം സ്ഥാനത്തേക്ക് വീണു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയിരുന്നെങ്കില്‍ സഞ്ജുവിന് ആദ്യ പത്തില്‍ സ്ഥാനം കണ്ടെത്താനായേനെ. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കം ബംഗ്ലാദേശിനുമെതിരെയുള്ള ഫോം ഇംഗ്ലണ്ടിനെതിരെ ആവര്‍ത്തിക്കാന്‍ സഞ്ജുവിനായില്ല. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയുടെ തിലക് വര്‍മ്മ ഒരു സ്ഥാനം താഴേക്കിറങ്ങി മൂന്നാം സ്ഥാനത്തേക്ക് വീണപ്പോള്‍ ഇംഗ്ലണ്ടിനെതിരെ നിരാശപ്പെടുത്തിയ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് ഒരു സ്ഥാനമിറങ്ങി അ‍ഞ്ചാം സ്ഥാനത്തായി. യശസ്വി ജയ്സ്വാള്‍ ആദ്യ പത്തില്‍ നിന്നും പുറത്തായി 12-ാം സ്ഥാനത്തേക്ക് വീണു. 

ടി20 ബൗളിങ് റാങ്കിങ്ങില്‍ ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ 14 വിക്കറ്റുമായി പരമ്പരയുടെ താരമായ വരുണ്‍ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് 705 റേറ്റിങ് പോയിന്റുമായി മൂന്നാമെത്തിയത്. ഇതേ റേറ്റിങ് പോയിന്റുള്ള ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദ് രണ്ടാമതും 707 റേറ്റിങ് പോയിന്റുള്ള വെസ്റ്റിന്‍ഡീസിന്റെ അക്കീല്‍ ഹൊസൈന്‍ ഒന്നാമതുമാണ്. വരുണിനൊപ്പം ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ സ്പിൻ ആക്രമണം നയിച്ച രവി ബിഷ്ണോയ് നാല് സ്ഥാനങ്ങൾ കയറി ആറാം സ്ഥാനത്തെത്തി. ഒമ്പതാം സ്ഥാനത്തുള്ള അർഷ്ദീപ് സിങ്ങാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ ബോളർ.

Exit mobile version