നീണ്ടു നീണ്ടു പോയ പുനഃസംഘടനയ്ക്കിടയില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ കലാപത്തിന്റെ പ്രളയഭീഷണി. പത്തോളം സംസ്ഥാന നേതാക്കള്‍ വൈകാതെ പാര്‍ട്ടി വിടുമെന്ന് സൂചന. കെപിസിസി ജനറല്‍ സെക്രട്ടറിമാരും സെക്രട്ടറിമാരും ഒരു വൈസ് പ്രസിഡന്റുമടക്കമുള്ള ഈ നേതാക്കള്‍ പുനഃസംഘടനാ പട്ടിക പുറത്തുവന്നതിന് പിന്നാലെ പുറത്തേക്ക് പോകുമെന്നാണ് വിവരം.
കെപിസിസി പ്രസിഡന്റ് കെ സുധാകരനും എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിമതപ്പടയെ അനുനയിപ്പിക്കാനുള്ള തീവ്രയജ്ഞത്തിലാണ്. ഈ ത്രിമൂര്‍ത്തിസംഘം യാതൊരു കൂടിയാലോചനയുമില്ലാതെ ഹൈക്കമാന്‍ഡിനു സമര്‍പ്പിച്ച് അംഗീകരിച്ച പുനഃസംഘടനാപട്ടിക കോണ്‍ഗ്രസിന്റെ അടിവേരിളക്കുന്നതാണെന്ന് ഹൈക്കമാന്‍ഡിനും ബോധ്യപ്പെട്ടതായാണ് സൂചന. സമവായത്തിനല്ല സംഘട്ടനത്തിനായിരിക്കും പുതിയ പട്ടിക വഴിയൊരുക്കുകയെന്ന് കോണ്‍ഗ്രസിന്റെ കേരളത്തിലെ സംഘടനാ ചുമതലയുള്ള താരിഖ് അന്‍വര്‍ ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്തിയശേഷമാണ് സ്വദേശമായ ബിഹാറിലേക്ക് പോയതെന്നും ഈ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു. സുധാകരന്‍-സതീശന്‍-വേണുത്രയം താരിഖ് അന്‍വറുമായിപോലും ആലോചിക്കാതെ അദ്ദേഹം നാട്ടിലേക്ക് തിരിച്ചതിനുപിന്നാലെ പട്ടിക സമര്‍പ്പിച്ചതും ദുരൂഹമായി.
പുനഃസംഘടനാ പട്ടികയില്‍ ആകെ 51 പേരാണുള്ളത്. അന്‍പതോളം ജനറല്‍ സെക്രട്ടറിമാരും 95 സെക്രട്ടറിമാരും പത്തോളം വൈസ് പ്രസിഡന്റുമാരുമാണ് നിലവില്‍ കെപിസിസിയുടെ ജംബോ കമ്മിറ്റിയിലുള്ളത്. 56 പേര്‍ മാത്രമാണ് പുനഃസംഘടിപ്പിച്ച കമ്മിറ്റിയില്‍ അംഗങ്ങളായത്. നാല് വൈസ് പ്രസിഡന്റുമാരും 23 ജനറല്‍ സെക്രട്ടറിമാരുമാണ് പട്ടികയിലുള്ളത്. ഇതോടെ നിലവിലെ ഭാരവാഹികളില്‍ മഹാഭൂരിപക്ഷവും സംഘടനാസംവിധാനത്തില്‍ നിന്നു പുറത്തായിരിക്കുകയാണ്. ഇവരാണ് വിമത പടയോട്ടത്തിനു കച്ച മുറുക്കി നില്ക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കു പുനഃസംഘടനാ പട്ടികയില്‍ സ്ഥാനമില്ലെന്നു പ്രഖ്യാപിച്ച സുധാകരന്‍ ഈ മാനദണ്ഡമനുസരിച്ച് കൊല്ലത്ത് തോറ്റ ബിന്ദുകൃഷ്ണയെ പടിക്കുപുറത്തു നിര്‍ത്തുമ്പോള്‍ പരാജിതരായ വി ടി ബല്‍റാമിനും കെ എസ് ശബരീനാഥിനും പട്ടികയിലിടം നല്കിയത് ഇരട്ട നീതിയാണെന്ന ആരോപണവും വിമത വിഭാഗത്തിനുണ്ട്.
ഗ്രൂപ്പുകളെ ഗളഹസ്തം ചെയ്യുമെന്ന സുധാകരന്റെയും വേണുവിന്റെയും സതീശന്റെയും പ്രഖ്യാപനത്തെയും ബഹുഭൂരിപക്ഷം നേതാക്കളും അണികളും പരിഹാസത്തോടെയാണ് കാണുന്നത്. ഗാന്ധിജിയുടെ കാലം മുതലുള്ള കോണ്‍ഗ്രസിലെ ജന്മവൈകല്യമായ ഗ്രൂപ്പിസം ഇപ്പോള്‍ ഹൈക്കമാന്‍ഡില്‍ പോലും ഗ്രൂപ്പ് 23 എന്ന പേരില്‍ സജീവമാണ്. ഈ ഗ്രൂപ്പിന്റെ ലക്ഷ്യമാകട്ടെ രാഹുലും വേണുവും സോണിയയും. കേരളത്തിലാണെങ്കില്‍ എ, ഐ ഗ്രൂപ്പ് പടനായകരായ ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഗ്രൂപ്പില്ലാത്ത സുധീരനേയും വെട്ടിനിരത്തി മുന്നേറാമെന്നത് സ്വപ്നം മാത്രമായിരിക്കുമെന്നും ഹൈക്കമാന്‍ഡിനു പൂര്‍ണ ബോധ്യമുണ്ട്. ഇതിനിടെ പരസ്പരം കടിച്ചുകീറി ഇരു ധ്രുവങ്ങളിലായി നിന്ന എ, ഐ ഗ്രൂപ്പുകള്‍ ഒത്തൊരുമയോടെ ഔദ്യോഗിക പക്ഷത്തിനെതിരേ രംഗത്തിറങ്ങിയതും ഹൈക്കമാന്‍ഡിനെ ഞെട്ടിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം സോണിയയ്ക്കും രാഹുലിനുമയച്ച കത്തില്‍ സുധാകര ഗ്രൂപ്പിനെതിരേ തങ്ങള്‍ പോരാടുന്ന സൂചനയും നല്കിയിട്ടുണ്ട്. ബൂത്തുതലം മുതല്‍ നടക്കാനിരിക്കുന്ന സംഘടനാ തെരഞ്ഞെടുപ്പില്‍ ഈ ഗ്രൂപ്പ് തൂത്തുവാരുമെന്ന കടുത്ത ആശങ്ക ഔദ്യോഗിക പക്ഷത്തിനുമുണ്ട്.
english summary;About 10 state leaders are leaving from congress
you may also like this video;