Site icon Janayugom Online

താമരശ്ശേരി ചുരത്തില്‍ അഭ്യാസപ്രകടനം നടത്തിയ യുവാക്കള്‍ക്കെതിരെ നടപടി; ലൈസന്‍സ് സസ്പെന്റ് ചെയ്യും

ഓടുന്ന കാറില്‍ അഭ്യാസപ്രകടനം നടത്തിയ യുവാക്കള്‍ക്കെതിരെ നടപടി. താമരശ്ശേരി ചുരത്തില്‍ ക്യാമറയില്‍ കുടുങ്ങിയ യുവാക്കളുടെ യാത്ര അപകടകരമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. ബുധനാഴ്ച രാത്രിയോടെയാണ് മലപ്പുറം റജിസ്‌ട്രേഷനിലുള്ള കാറില്‍ കോടമഞ്ഞിലൂടെ അപകടകരമായ രീതിയില്‍ യാത്ര നടത്തിയത്. ഓടുന്ന കാറില്‍ വിന്‍ഡോയ്ക്ക് പുറത്തേക്ക് എഴുന്നേറ്റു നിന്നാണ് അഭ്യാസപ്രകടനം നടത്തി്. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. വാഹനം ഓടിച്ചയാളുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യുമെന്ന് ആര്‍ടിഒ അറിയിച്ചു.

മലപ്പുറം രജിസ്ട്രേഷനുള്ള കാറില്‍ വയനാട്ടിലേക്ക് വിനോദയാത്ര പോയ അരീക്കോട് സ്വദേശികളായ നാല് കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ആണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് വിദ്യാര്‍ഥികളാണ് ഗ്ലാസ് താഴ്ത്തി അപകടയാത്ര നടത്തിയത്. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടതോടെ മോട്ടോര്‍ വാഹന വകുപ്പ് വാഹനം പിടിച്ചെടുത്തു. കാര്‍ ഓടിച്ചയാളുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യുമെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുധീഷ് പിജി പറഞ്ഞു. കാറില്‍ ഉണ്ടായിരുന്ന നാലുപേരും മോട്ടോര്‍ വാഹനവകുപ്പിന്റെ ചേവായൂര്‍ ഓഫീസില്‍ ഹാജരായി. റോഡില്‍ അഭ്യാസപ്രകടനം നടത്തിയതിന് യുവാക്കള്‍ക്ക് എതിരെ പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

വാഹനത്തിന്റെ ആര്‍സി റദ്ദാക്കുന്നത് ഉള്‍പ്പെടെ അധികൃതര്‍ പരിഗണിക്കുന്നുണ്ട്. ചുരത്തില്‍ ചെറിയൊരു അശ്രദ്ധപോലും വലിയ അപകടങ്ങളാണ് വരുത്തിവയ്ക്കാറുള്ളത്. താമരശ്ശേരി ചുരത്തില്‍ ഒമ്പത് ഹെയര്‍പിന്‍ വളവുകളുണ്ട്. ഭാരമേറിയ ചരക്കുലോറികളും ദീര്‍ഘദൂര ബസ്സുകളുമടക്കമുള്ളവ കടന്നുപോവുന്ന റോഡിന് വീതിയും കുറവാണ്. ഇവിടെ അഭ്യാസപ്രകടനം നടത്തിയത് നിയമത്തിന്റെ പരസ്യലംഘനമാണ്. തൊട്ടുപിറകെ വന്ന വാഹനത്തിലെ യാത്രക്കാരാണ് അഭ്യാസപ്രകടനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

Eng­lish sum­ma­ry; Action tak­en against youths rash dri­ving at Thama­rassery Pass; The license will be suspended

You may also like this video;

Exit mobile version