Site iconSite icon Janayugom Online

നിധി കമ്പനികളുടെ പ്രവര്‍ത്തനം ക്രൈം ബ്രാഞ്ച് നിരീക്ഷണത്തില്‍

moneymoney

സംസ്ഥാനത്തെ നിധി കമ്പനികളുടെ പ്രവർത്തനം നിരീക്ഷിക്കാൻ ആഭ്യന്തരവകുപ്പ്. ജില്ലകൾ തോറുമുള്ള നിധി കമ്പനികളെക്കുറിച്ച് ക്രൈം ബ്രാഞ്ച് എസ്പിമാരാണ് വിവരശേഖരണം നടത്തുന്നത്. കേന്ദ്ര സർക്കാർ നിർദേശത്തെത്തുടർന്നാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ഇത്തരത്തിലൊരു നീക്കം. സംസ്ഥാനത്തെ നിരവധി നിധി കമ്പനികൾ പൊളിഞ്ഞ പശ്ചാത്തലത്തിലാണു നടപടി. അന്വേഷണം നടത്തി റിപ്പോർട്ട് ഉടൻ കേന്ദ്രത്തിനു സമർപ്പിക്കണം. തുടർ നടത്തിപ്പിനുള്ള എൻഡിഎച്ച്4 അംഗീകാരാപേക്ഷ കേന്ദ്രം നിരസിച്ച നിധി കമ്പനികളെക്കുറിച്ചാണ് ആദ്യഘട്ടത്തിൽ അന്വേഷിക്കുന്നത്. 

തൃശൂർ ജില്ലയിൽ 92 കമ്പനികളുടെ എൻഡിഎച്ച്4 അപേക്ഷകളാണു കേന്ദ്രം നിരസിച്ചത്. ഇതിൽ 51 കമ്പനികൾ ഹൈക്കോടതിയിൽ നിന്നു സ്റ്റേ വാങ്ങി തുടർ പ്രവർത്തനത്തിലാണ്. അപേക്ഷ നിരസിക്കാനുണ്ടായ പിഴവുകൾ നിശ്ചിത കാലാവധിക്കുള്ളിൽ നികത്താമെന്ന ധാരണയിലാണ് ഇവർക്കു സ്റ്റേ ലഭിച്ചത്. എന്നാൽ, നിയമപരമായ നടപടികൾ സ്വീകരിക്കാത്ത മറ്റു കമ്പനികൾ ആഭ്യന്തരവകുപ്പിന്റെ കരിമ്പട്ടികയിലാണ്. നിധി കമ്പനികൾ കേന്ദ്രസർക്കാരിന്റെ അംഗീകാരമുള്ള ധനകാര്യസ്ഥാപനങ്ങളായാണു പ്രവർത്തിക്കുന്നതെങ്കിലും ചില കമ്പനികൾ ചട്ടങ്ങൾ പാലിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അനുവദിച്ചതിൽ കൂടുതൽ പലിശയ്ക്കു നിക്ഷേപങ്ങൾ സ്വീകരിച്ചും അനധികൃത വായ്പകൾ നല്കിയും പ്രവർത്തിക്കുന്നതായാണു റിപ്പോർട്ട്. ഇത്തരം കമ്പനികൾക്കെതിരേ നടപടികൾ സ്വീകരിക്കാനാണ് ആഭ്യന്തരവകുപ്പിനു കേന്ദ്രത്തിൽനിന്നു നിർദേശമുള്ളത്. 

കമ്പനി നിയമപ്രകാരം രൂപീകരിക്കുന്ന അംഗങ്ങളിൽനിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കാനും വായ്പകൾ നൽകാനും അധികാരമുള്ള പബ്ലിക് ലിമിറ്റഡ് കമ്പനിയായാണു നിധി കമ്പനികൾ രജിസ്റ്റർ ചെയ്യുന്നത്. നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനികൾ (എൻബിഎഫ്സി) എന്ന വിഭാഗത്തിൽപ്പെടുത്താവുന്നവയാണിവ. കമ്പനിയുടെ വാർഷിക റിട്ടേണുകൾക്കൊപ്പം കമ്പനി നിയമങ്ങളും നിധി റൂൾസും അനുസരിച്ചാണു പ്രവർത്തിക്കുന്നതെന്ന ഓഡിറ്റ് സർട്ടിഫിക്കറ്റും ഹാജരാക്കണം. 

എന്നാൽ, ഇതു കൃത്യമായി അനുസരിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കാൻ സംവിധാനങ്ങളില്ല. ഇതു മുതലെടുത്താണു തട്ടിപ്പുകൾ.
കമ്പനികളെ നിരീക്ഷിക്കാൻ സ്ഥിരം സംവിധാനം ഉണ്ടാക്കണമെന്നാണ് നിധി കമ്പനികൾ ആവശ്യപെടുന്നു
രണ്ടു കോടി നിക്ഷേപമുള്ള നിധി കമ്പനികൾക്ക് രണ്ടുലക്ഷം രൂപ വരെയും രണ്ടു മുതൽ 20 കോടി നിക്ഷേപമുള്ള കമ്പനികൾക്ക് ഏഴരലക്ഷം രൂപ വരെയും 20 മുതൽ 50 കോടി നിക്ഷേപമുള്ള കമ്പനികൾക്ക് 12 ലക്ഷം രൂപ വരെയും വ്യക്തികൾക്കു വായ്പ നല്കാമെന്നാണു വ്യവസ്ഥ. 

സ്വർണം, വസ്തു, നിക്ഷേപ ഈടിന്മേൽ മാത്രമാണ് വായ്പകൾ അനുവദിക്കാൻ അവകാശം. നിധി കമ്പനിയിൽ നിന്ന് 10 രൂപയുടെയെങ്കിലും ഷെയർ വാങ്ങിയവർക്കാണു വായ്പ അനുവദിക്കുക. നിക്ഷേപം നടത്താൻ ചുരുങ്ങിയത് നൂറു രൂപയുടെ ഷെയർ വാങ്ങിയിരിക്കണം. എന്നാൽ, ഇത്തരം ചട്ടങ്ങൾ പാലിക്കാതെ നിരവധി നിധി കമ്പനികൾ പ്രവർത്തിക്കുന്നതായും സർക്കാരുകൾ നടപടികൾ സ്വീകരിക്കുന്നില്ലെന്നും ഇതാണ് പ്രശ്നങ്ങൾക്കു കാരണമെന്ന് ഒരു വിഭാഗം നിധി കമ്പനി ഉടമകൾ ആരോപിക്കുന്നു.

Eng­lish Summary:Activities of Nid­hi com­pa­nies under crime branch surveillance
You may also like this video

Exit mobile version